| Thursday, 2nd March 2017, 9:33 pm

' തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് നേതാവ് ധീരനാകുന്നത് ' : ആര്‍.എസ്.എസിന് സ്വരാജിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച ആര്‍.എസ്.എസിന് മറുപടിയുമായി എം.സ്വരാജ് എം.എല്‍.എ. തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല, ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് ഒരു നേതാവ് ധീരനാകുന്നതെന്നായിരുന്നു സ്വരാജിന്റെ മറുപടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘപരിവാറിന് മറുപടിയുമായി സ്വരാജ് രംഗത്തെത്തിയത്. ” തലയെടുക്കാന്‍ വരുന്നവരോട് ” എന്നു പറഞ്ഞാണ് സ്വരാജിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഞങ്ങളൊരുപാട് പേരെ കൊന്നിട്ടുണ്ടെന്ന് അലറി പ്രസംഗിക്കുമ്പോഴല്ല, ഒരാളെ പോലും കൊന്നിട്ടില്ലെന്ന് പറയാന്‍ കഴിയുമ്പോഴാണ് ഒരു നേതാവിന് അഭിമാനം തോന്നേണ്ടതെന്നും സ്വരാജ് പറയുന്നു.

കൊല്ലാനുള്ള നിങ്ങളുടെ ശേഷിയല്ല, മരിക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയാണ് ധീരതയെന്നും സ്വരാജ് ചൂണ്ടിക്കാണിക്കുന്നുണ്ട് പോസ്റ്റില്‍. കൊന്നവരുടെ ഭീരുത്വമല്ല, കൊല്ലപ്പെട്ടവരുടെ ധീരതയാണ് ചരിത്രം സൃഷ്ടിച്ചതെന്നും സ്വരാജ് ഓര്‍മ്മപ്പെടുത്തുന്നു.

” മരിച്ചു വീഴുമ്പോള്‍ തീര്‍ന്നു പോകുന്നവരല്ല ഞങ്ങള്‍. ഭീരുവിന്റെ ഭീഷണി കേള്‍ക്കുമ്പോള്‍ ഭയം തോന്നാന്‍ ഞങ്ങളാരും ശാഖയില്‍ വളര്‍ന്നവരല്ല” . സ്വരാജ് കുറിക്കുന്നു.

മധ്യപ്രദേശിലെ ഉജ്ജയിനിലെ ആര്‍.എസ്.എസ് പ്രമുഖനായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചു കൊണ്ട് പ്രസ്താവന നടത്തിയത്.


Also Read: ‘ മകളേ തെറ്റു പറ്റിയത് നിനക്കാണ്, ദൈവത്തിന് മുന്നില്‍ ആദ്യം നീയായിരിക്കും കുറ്റം ഏറ്റുപറയേണ്ടി വരിക’ : കൊട്ടിയൂര്‍ പീഡന കേസിലെ ഇരയെ അധിക്ഷേപിച്ച് സണ്‍ഡേ ശാലോം മാസിക


പിണറായിയുടെ തല കൊയ്യുന്നവര്‍ക്ക് തന്റെ മുഴുവന്‍ സ്വത്തും വിറ്റിട്ടാണെങ്കിലും പാരിതോഷികം നല്‍കുമെന്നും ഇയാള്‍ പ്രസംഗിച്ചിരുന്നു.ഗോധ്രയില്‍ തങ്ങള്‍ പകവീട്ടിയതുപോലെ കേരളത്തിലെ കൊലപാതകങ്ങള്‍ക്കും പകരം വീട്ടുമെന്ന് സി.പി.ഐ.എമ്മിന് ചന്ദ്രാവത് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

“ഗോധ്ര മറന്നുപോയോ. 56 പേരെയാണ് അവര്‍ കൊന്നത്. ഇതേ ഹിന്ദു സമൂഹം രണ്ടായിരം പേരെ കബറിസ്ഥാനിലെത്തിച്ചു മണ്ണിട്ടുമൂടി. 300 പ്രചാരകന്മാരെയാണ് നിങ്ങള്‍ കൊന്നിരിക്കുന്നത്. ഇടതന്മാരേ കേട്ടോളൂ. മൂന്നുലക്ഷം തലകള്‍ ഭാരതമാതാവിനെ അണിയിക്കും.
എം.പി ചിന്താമണി മാളവ്യയും എം.എല്‍.എ മോഹന്‍ യാദവിന്റെയും സാന്നിധ്യത്തിലായിരുന്നു ആര്‍.എസ്.എസ് നേതാവ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

We use cookies to give you the best possible experience. Learn more