തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് ഓക്സിജന്‍ മാസ്‌കുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തനത്തെ വിമര്‍ശിച്ചതില്‍ ഉറച്ചു നില്‍ക്കുന്നതായി എം സ്വരാജ് എം.എല്‍.എ. തന്റെ പോസ്റ്റിനു മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി എം.എല്‍.എ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശദീകരണം നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടെന്നും. “ആ ചിത്രം ശരിയല്ല , സ്വരാജ് ” എന്ന തലക്കെട്ടോടെയാണ് വിശദീകരണമെന്നും പറയുന്ന സ്വരാജ് ചിത്രം വ്യാജമാണോയെന്ന സംശയം ആദ്യം ഉണ്ടായിരുന്നെന്നും എന്നാല്‍ ചിത്രം ഒറിജിനല്‍ തന്നെയാണെന്ന് വ്യക്തമായതിനാലാണ് ഈ വിശദീകരണമെന്നും പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.
“മാധ്യമ പ്രവര്‍ത്തനം മറ്റു പല തൊഴിലിനെക്കാളും ഉത്തരവാദിത്വമുള്ളതും ഭാരിച്ചതുമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഉത്തരവാദിത്വം ധീരമായി നിര്‍വഹിക്കുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരോടും ബഹുമാനമേയുള്ളൂ. റേറ്റിംഗിനും ,കൂലിക്കും വേണ്ടി മാത്രം മാധ്യമ പ്രവര്‍ത്തനത്തെ കണക്കാക്കുകയും മനുഷ്യത്വം മാറ്റിവെയ്ക്കുകയും ചെയ്യുന്നവര്‍ സത്യസന്ധവും മനുഷ്യത്വപരവുമായ മാധ്യമ പ്രവര്‍ത്തനത്തെത്തന്നെയാണ് പരിക്കേല്‍പിക്കുന്നത്.” അദ്ദേഹം പറയുന്നു.
കഴിഞ്ഞ പോസ്റ്റില്‍ “ദുരന്തങ്ങള്‍ ഉത്സവങ്ങളല്ല” എന്നു പറഞ്ഞത് നമ്മുടെ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്ത പൊതു ശൈലി വിമര്‍ശിക്കപ്പെടണം എന്നതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
അത്യന്തം സവിശേഷമായ തൊഴില്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് മാധ്യമ പ്രവര്‍ത്തകര്‍. തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലും , ജീവന്‍ പണയം വെച്ചുമൊക്കെ ജോലി ചെയ്യേണ്ടി വരുന്നവരാണവര്‍. ദുരന്തങ്ങളും അപകടങ്ങളുമൊക്കെ റിപ്പോര്‍ട്ടു ചെയ്യേണ്ടി വരുന്നവര്‍ …. ഇതെല്ലാം ചെയ്യുമ്പോഴും മനുഷ്യരായിരിക്കുന്നത്, മനുഷ്യത്വമുള്ളവരായിരിക്കുന്നത് എക്കാലവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കും.കഴുത്തറുപ്പന്‍ മത്സരത്തിന്റെ റേറ്റിംഗ് മേളകളില്‍ മാറ്റുരയ്ക്കാനായി അങ്കത്തട്ടിലിറങ്ങുമ്പോള്‍ മനസാക്ഷിയും മനുഷ്യത്വവുമൊക്കെ കടലിലെറിയുന്നുവെങ്കില്‍ കഷ്ടമെന്നല്ലാതെന്തു പറയാനെന്നും സ്വരാജ് പറയുന്നു.
“മാധ്യമ സുഹൃത്തിന്റെ വിശദീകരണക്കുറിപ്പിന്റെ അവസാന ഭാഗത്ത് മേല്‍പറഞ്ഞ ദൃശ്യമെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ ഇടതുപക്ഷക്കാരനാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സുഹൃത്തെ, അപ്പണി ചെയ്തത് കാറല്‍ മാര്‍ക്സായാലും അത് തെറ്റാണ്, മനുഷ്യത്വമില്ലായ്മയാണ്, വലിയ തെറ്റാണ് എന്ന് ആയിരം വട്ടം ആവര്‍ത്തിക്കും.” എന്നു പറഞ്ഞുകൊണ്ടാണ് എം.എല്‍.എയുടെ പോസ്റ്റ് അവസാനിക്കുന്നത്.