| Sunday, 24th March 2019, 10:38 pm

ചവറ സരസന്‍, തെരുവം പറമ്പ് ബലാത്സംഗം, ചാപ്പകുത്തല്‍ പിന്നെ ഇപ്പോള്‍ ചെര്‍പ്പുളശ്ശേരിയും; ഇടതുപക്ഷത്തിനെതിരായ തെരഞ്ഞെടുപ്പ് കാലത്തെ കള്ളപ്രചരണങ്ങളെ കുറിച്ച് എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫും മാധ്യമങ്ങളും നിര്‍വഹിച്ചു പോരുന്ന കള്ളപ്രചരണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചെര്‍പ്പുളശ്ശേരി പീഡനത്തെ സി.പി.ഐ.എമ്മുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതെന്ന് എം. സ്വരാജ് എം.എല്‍.എ. ഹീനമനസ്‌ക്കരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും നാലു വോട്ടിനായി എന്തു നീചകൃത്യവും ചെയ്യാന്‍ ഇക്കൂട്ടര്‍ മടിക്കുകയില്ലെന്നും സ്വരാജ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജിന്റെ വിമര്‍ശനം. മുന്‍ കാലങ്ങളില്‍ വാര്‍ത്തയാവുകയും പിന്നീട് തെറ്റെന്ന് തെളിയുകയും ചെയ്ത സംഭവങ്ങളായ ചവറ സരസന്റെ വ്യാജ കൊലപാതകം, നാദാപുരം തെരുവംപറമ്പ് ബലാത്സംഗക്കഥ, ചാപ്പകുത്തല്‍ എന്നിവ പറഞ്ഞുകൊണ്ടാണ് സ്വരാജിന്റെ പോസ്റ്റ്.

ചവറ സരസന്‍

1982ല്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് ചവറ സരസനായിരുന്നു യു.ഡി.എഫുകാരുടെ ആയുധമെന്ന് സ്വരാജ് പറയുന്നു.

ആ തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ കേരളം ഇളക്കിമറിച്ച പ്രചരണ വിഷയം ചവറ സരസന്റെ “കൊലപാതകമായിരുന്നു”. പാര്‍ട്ടി മാറി കോണ്‍ഗ്രസായ സരസനെ ബേബി ജോണ്‍ കൊന്നുകളഞ്ഞു എന്നായിരുന്നു പ്രചാരണമെന്ന് സ്വരാജ് പറയുന്നു.

ചവറ സരസനെ ഗുണ്ടകള്‍ തല്ലിക്കൊന്ന് ശവം ബോട്ടില്‍ കയറ്റി ഉള്‍ക്കടലില്‍ കൊണ്ടുപോയി വെട്ടി നുറുക്കി മത്സ്യങ്ങള്‍ക്ക് തീറ്റയായി എറിഞ്ഞു കൊടുത്തു എന്ന് കഥയുണ്ടാക്കി ആ തെരഞ്ഞെടുപ്പു കാലത്ത് കേരളം മുഴുവന്‍ സരസന്റെ ചിത്രം സ്ഥാപിച്ച്, അതിന് മുന്നില്‍ വിളക്കു കൊളുത്തി പ്രാര്‍ത്ഥനായജ്ഞം നടത്തിയെന്ന് സ്വരാജ് പറയുന്നു.
” സരസന്റെ ചിതാഭസ്മമെങ്കിലും ഞങ്ങള്‍ക്കു വിട്ടു തരൂ”. എന്ന് വലിയ വായില്‍ നിലവിളിച്ചു. ആ കണ്ണുനീരത്രയും ഏറ്റുവാങ്ങിയ മനോരമാദി പത്രങ്ങള്‍ കണ്ണീര്‍ പരമ്പരകളിലൂടെ കേരളത്തെ കരയിച്ചു. കൊലപാതകികള്‍ക്കെതിരെ രോഷം നുരഞ്ഞു പൊന്തി. പിന്നീട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 4 ദിവസം കൊണ്ട് കേസ് തെളിയിക്കുമെന്ന് ശ്രീ.കെ.കരുണാകരന്‍ പ്രഖ്യാപിച്ചു.

ചവറ സരസന്‍

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര്‌സ് ജയിച്ചു. കരുണാകരന്‍ മുഖ്യമന്ത്രിയായി . സരസനെ കൊന്നവരെന്ന് സംശയിച്ച് നിരവധി നിരപരാധികളെ പോലീസ് ഭീകര മര്‍ദ്ദനമുറകള്‍ക്ക് വിധേയരാക്കി .
ശരീരം ചതഞ്ഞരഞ്ഞ് മാറാരോഗികളായി ജീവിതം നരകിച്ച് പലരും അകാല ചരമമടഞ്ഞു.

സാവധാനം എല്ലാവരും സരസനെ മറന്നു. നാലഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ മംഗലാപുരത്തിനടുത്തു നിന്ന് സാക്ഷാല്‍ ചവറ സരസനെ പോലീസ് അറസ്റ്റ് ചെയ്ത് കൊല്ലത്ത് കൊണ്ടുവന്നു. വധിക്കപ്പെട്ട സരസന്‍ തിരിച്ചു വന്നു.

ഒരു തിരഞ്ഞെടുപ്പ് കാലം മുഴുവന്‍ മാധ്യമ സഹായത്തോടെ കേരളമാകെ കൊട്ടിപ്പാടിയ പച്ചക്കള്ളത്തിന്റെ ഒരു ഉദാഹരണമായിരുന്നു സരസന്‍ വധമെന്ന് സ്വരാജ് പറയുന്നു. ഈ കഥ ആരൊക്കെ മറന്നാലും ശ്രീ. ഷിബു ബേബി ജോണ്‍ മറക്കാന്‍ പാടില്ലാത്തതാണെന്നും സ്വരാജ് പറയുന്നു.

തെരുവംപറമ്പിലെ ബലാത്സംഗം

2001 ലെ തിരഞ്ഞെടുപ്പു കാലത്ത് ലീഗും കോണ്‍ഗ്രസും ആഘോഷമായി കൊണ്ടാടിയ മുഖ്യ പ്രചരണ വിഷയമായിരുന്നു കോഴിക്കോട് നാദാപുരത്തിനടുത്ത തെരുവംപറമ്പിലെ ഒരു സഹോദരിയെ സി.പി.ഐ.എം
നേതാവ് ബലാത്സംഗം ചെയ്തു എന്ന ഹീനമായ നുണ.

സംസ്ഥാന വ്യാപകമായ സംഘടിത പ്രചരണമാണ് യു.ഡി.എഫ്  അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങള്‍ കുറ്റകരമായ പിന്തുണയാണ് ഈ നെറികെട്ട പ്രചരണത്തിനും നല്‍കിയത്. ഈന്തുള്ളതില്‍ ബിനു എന്ന DYFl പ്രവര്‍ത്തകനെതിരായി കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളപ്പരാതിയുമായി വേട്ടയാടല്‍ തുടര്‍ന്നു.

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബഹുമാന്യരായ പല നേതാക്കന്‍മാരും ഒരു മനസാക്ഷിക്കുത്തുമില്ലാതെ ബലാത്സംഗകഥ സ്റ്റേജുകളില്‍ വികാരപരമായി അവതരിപ്പിച്ചു.

ബിനു

എന്‍.ഡി.എഫും  യു.ഡി.എഫിനൊപ്പം ഈ ഗൂഡാലോചനയില്‍ ഒരുമിച്ചു നിന്നു. രാഷ്ട്രീയ വിരോധം കൊണ്ട് ബലാത്സംഗം ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്കെതിരെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ഉറഞ്ഞു തുള്ളി. സി പി ഐ (എം ) “അതിക്രമത്തിന് ” അന്ത്യം കുറിക്കാന്‍ യുഡിഎഫും മാധ്യമങ്ങളും കൈകോര്‍ത്തു.

ആ അന്തരീക്ഷത്തില്‍ , ഇല്ലാത്തൊരു ബലാത്സംഗത്തിന്റെ ബലത്തില്‍ ചുളുവിലൊരു തിരഞ്ഞെടുപ്പു ജയിച്ചു കയറാന്‍ യു ഡി എഫിന് കഴിഞ്ഞു.

പക്ഷേ തെരുവംപറമ്പില്‍ അങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കോടതി പിന്നീട് കണ്ടെത്തി.

ഏറെക്കഴിയും മുമ്പേ പരാതിക്കാരി തന്നെ വാര്‍ത്താ സമ്മേളനം നടത്തി . തെറ്റ് ഏറ്റു പറഞ്ഞു. ലീഗ് നേതാക്കന്മാരുടെ സമ്മര്‍ദ്ദം കൊണ്ടാണ് പരാതി നല്‍കിയതെന്നും അതിന് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നെന്നും വാഗ്ദാനം പാലിച്ചില്ലെന്നും വാര്‍ത്താസമ്മേളനത്തിലൂടെ ലോകമറിഞ്ഞു.

ക്രൂരമായ വേട്ടയാടലിനിരയായ സ.ബിനുവിനെ അപ്പോഴേയ്ക്കും ഈ കാപാലികര്‍ പട്ടാപ്പകല്‍ വെട്ടിനുറുക്കി കൊന്നു കഴിഞ്ഞിരുന്നു. അധികാരത്തിനായി ഭ്രാന്തു പിടിച്ച് അലയുന്നവര്‍ മനുഷ്യജീവന് എന്തു വില കല്‍പിക്കാനാണ്.

ഇല്ലാത്ത ബലാത്സംഗകഥയുണ്ടാക്കി ഒരു ചെറുപ്പക്കാരന്നെ കൊന്നുകളഞ്ഞ നരാധമന്‍മാരോട് അന്നത്തെ തെരുവംപറമ്പിലെ ബലാത്സംഗകഥയെക്കുറിച്ച് ഇപ്പോഴൊന്നു ചോദിച്ചു നോക്കൂ.
ഒരു മനസാക്ഷിയുമില്ലാതെ, അതേ ചിരിയുമായി അവര്‍ ഉരുണ്ടു കളിക്കുമെന്ന് സ്വരാജ് പറയുന്നു.

ചാപ്പ കുത്തല്‍

2001 ലെ തിരഞ്ഞെടുപ്പ് കാലത്ത് തെരുവംപറമ്പ് ബലാത്സംഗം പോലെ യു.ഡി.എഫ് ആളിക്കത്തിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ “ചാപ്പ കുത്തല്‍” പ്രശ്‌നവും കള്ളമായിരുന്നുവെന്ന് സ്വരാജ് പറയുന്നു.

അന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ നിസാര കശപിശയാണ് പത്രസഹായത്താല്‍ SFI ഭീകരതയായി കേരളം നിറഞ്ഞത്. ഭാവനാ വിലാസങ്ങള്‍ അഴിഞ്ഞാടിയ വിഷപ്രചരണങ്ങള്‍ക്കു ശേഷം ചാപ്പ കുത്തലും വിസ്മൃതിയിലായി. പിന്നീട് ഒരു ദശാബ്ദത്തിനു ശേഷമാണ് അന്നത്തെ കെ എസ് യു ഭാരവാഹിയായ ശ്രീ.പി.കെ.ശ്യാംകുമാര്‍ “ചാപ്പകുത്തലി” നു പിന്നിലെ കള്ളക്കളികള്‍ വെളിപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാക്കന്മാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആസൂത്രിതമായ ഒരു നാടകമായിരുന്നത്രെ കുപ്രസിദ്ധമായ ചാപ്പ കുത്തല്‍.

ശ്യാംകുമാറിന്റെ വെളിപ്പെടുത്തലിലൂടെ ചാപ്പ കുത്തലും അന്ത്യശ്വാസം വലിച്ചു .നെടുങ്കന്‍ ലേഖനങ്ങളും പ്രതികരണങ്ങളും കാര്‍ട്ടൂണുകളുമായി കോണ്‍ഗ്രസിനു വിടുപണി ചെയ്ത മാധ്യമങ്ങള്‍ പക്ഷെ ചാപ്പകുത്തലിന്റെ സത്യാവസ്ഥ വെളിപ്പെട്ടപ്പോള്‍ അത് ചെറിയൊരു വാര്‍ത്തയിലൊതുക്കി അരങ്ങത്തു നിന്നു പിന്‍ വാങ്ങിയെന്നും സ്വരാജ് ഓര്‍മ്മിപ്പിക്കുന്നു.

ചെര്‍പ്പുളശേരിയിലെ ഗര്‍ഭം

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബാധിക്കുന്നതൊന്നും ചര്‍ച്ച ചെയ്യാനുള്ള ആര്‍ജവം പ്രകടിപ്പിക്കാതെ ചുളുവില്‍ വോട്ടു നേടുന്ന അന്തസില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ചെര്‍പ്പുളശ്ശേരി പീഡനം സി.പി.ഐ.എമ്മുമായി ബന്ധിപ്പിക്കാനുള്ള ശ്രമമെന്ന്് സ്വരാജ് പറയുന്നു.

സി.പി.ഐ (എം) ഓഫീസിന്റെ അടുത്തെവിടെയോ ഒരു ഗാരേജില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണത്രേ പ്രതി ..!
ആഘോഷിക്കാന്‍ പിന്നെന്തു വേണം. വീണു കിട്ടിയ ഒരു ഗര്‍ഭം കൊണ്ട് പാര്‍ലമെന്റ് പിടിക്കാന്‍ ചാടിയിറങ്ങിയ അലവലാതികളെയോര്‍ത്ത് സാക്ഷര കേരളം ലജ്ജിക്കും.

പക്ഷെ പ്രചരണ കമ്മിറ്റിക്കാര്‍ക്ക് വൈകാതെ ഗര്‍ഭം ക്ലച്ചു പിടിക്കില്ലെന്ന് മനസിലായി. പഴയ പോലെ തിരഞ്ഞെടുപ്പ് വിലാസം തനിത്തറ വേലകള്‍ കൊണ്ടു മാത്രം ഇനിയുള്ള കാലം പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. കോണ്‍ഗ്രസും കൂട്ടരും മാധ്യമങ്ങളും കൂട്ടുന്ന കണക്കു കൊണ്ട് മാത്രംഇനിയങ്ങോട്ട് തിരഞ്ഞെടുപ്പ് ജയിക്കാന്‍ പാടാണെന്ന് ചെര്‍പ്പുളശേരിയിലെ കള്ളക്കഥയുടെ പരിണതി ഓര്‍മിപ്പിക്കുന്നുണ്ട് .

വ്യാജ പ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ നിയമ നടപടി പ്രഖ്യാപിച്ചു. പ്രതിയെന്ന് പറയപ്പെടുന്ന ചെറുപ്പക്കാരന് ഡി.വൈ.എഫ്.ഐ യുടെ ബസ് ഷെല്‍ട്ടറില്‍ മഴയത്ത് കയറി നിന്ന ബന്ധം പോലുമില്ലെന്നും വ്യക്തമായി. മഷിനോട്ട വിദഗ്ധരും പാര്‍ട്ടിബന്ധം കണ്ടു പിടിക്കാനാവാതെ കുഴങ്ങിയതോടെ മിക്ക മാധ്യമങ്ങളും സംഭവത്തില്‍ സി.പി.ഐ (എം) നെ ബന്ധിപ്പിക്കുന്നതൊന്നുമില്ലെന്ന് തുറന്നു പറഞ്ഞു. ഗര്‍ഭാഘോഷത്തില്‍ നിന്ന് പിന്‍ വാങ്ങി. എന്നിട്ടും കൈവന്ന ഗര്‍ഭം വിട്ടു കളയാന്‍ മടിയുള്ള ചിലര്‍ വൈകുന്നേരത്തെ ചര്‍ച്ച ഗര്‍ഭ ചര്‍ച്ചയാക്കി മാറ്റിയെങ്കിലും ജനം ഇത് തള്ളിക്കളയുകയാണുണ്ടായതെന്ന് സ്വരാജ് പറയുന്നു.

തെരഞ്ഞെടുപ്പിന് ഇനിയും ഒരു മാസമുണ്ട്. ഉള്ളില്‍ വിഷം പേറുന്നവര്‍ തക്കം പാര്‍ത്തിരിപ്പുണ്ട്.
ആരും പ്രതീക്ഷിക്കാത്ത , ചിന്തിക്കാനാവാത്ത പച്ചക്കള്ളമിവര്‍ പറയും. ആഘോഷിക്കും. വോട്ടിനായി മറ്റെല്ലാമിവര്‍ മറക്കും. ജനാധിപത്യം ജാഗ്രത പാലിക്കണം.

തിരഞ്ഞെടുപ്പു ജയിച്ചു കയറാനുള്ള അതിരുകവിഞ്ഞ അധികാര ഭ്രാന്തും , സമനില തെറ്റിക്കുന്ന ഇടതു വിരോധവുമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഇതിന് ചില മാധ്യമങ്ങള്‍ ചൂട്ടു പിടിക്കുന്നത് കാണാതെയുമിരുന്നുകൂടായെന്നും സ്വരാജ് പറയുന്നു.

We use cookies to give you the best possible experience. Learn more