തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി എം.സ്വരാജ്. മാധ്യമങ്ങള്‍ക്കെതിരെ താന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും അദ്ദേഹം അഭിപ്രായം അറിയിച്ചത്. ഏതെങ്കിലും ഒരു മാധ്യമത്തെയോ ചില മാധ്യമങ്ങളെയോ മുന്‍ നിര്‍ത്തിയുള്ള വിമര്‍ശനമേ ആയിരുന്നില്ല അതെന്ന് സ്വരാജ് പറഞ്ഞു. ഇന്ത്യ ഇന്ന് നേരിടുന്ന വിപല്‍ക്കരവും ഭയാനകവുമായ സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍, സാഹചര്യങ്ങളുടെ ഗൗരവം ആവശ്യപ്പെടുന്ന വിധത്തില്‍ മലയാള മാധ്യമങ്ങള്‍ അവയുടെ ധര്‍മം നിര്‍വഹിക്കുന്നില്ല എന്ന വിമര്‍ശമാണ് ഉന്നയിച്ചതെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
സമീപകാലത്തെ പ്രധാനപ്പെട്ട ചില വാര്‍ത്തകളെ ചുരുക്കം വരികളില്‍ ചൂണ്ടിക്കാട്ടിയ പ്രസ്തുത പോസ്റ്റില്‍
പരാമര്‍ശിച്ച വാര്‍ത്തകളൊന്നും മലയാള മാധ്യമങ്ങളില്‍ വന്നിട്ടേയില്ല എന്ന ആരോപണമല്ല ഉന്നയിച്ചതെന്നും
മറിച്ച് ആ വാര്‍ത്തകളുടെ ഗൗരവമനുസരിച്ച് അതിനെ സമീപിക്കാന്‍ മലയാള മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയതെന്നും സ്വരാജ് പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന അതീവ ഗൗരവതരമായ പ്രശ്‌നങ്ങളെക്കാള്‍ വാര്‍ത്താപ്രാധാന്യം ഒരു താല്‍ക്കാലിക ജോലിക്കായി അപേക്ഷാര്‍ത്ഥി വ്യാജ തൊഴില്‍പരിചയരേഖ ചമച്ചുവെന്ന വാര്‍ത്തക്ക് കൈവരുന്നതെങ്ങനെ? എന്ന ചോദ്യം തന്നെയാണ് ഉന്നയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് അളവുകോലനുസരിച്ചാണ് വാര്‍ത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് എന്നതാണ് ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു മലയാളി എന്ന നിലയിലുള്ള എന്റെ ബോധ്യവും വിമര്‍ശനവുമാണത്. ആര്‍ക്കൊക്കെ പൊള്ളിയാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മേല്‍വിമര്‍ശനങ്ങള്‍ ആയിരം വട്ടം ഇനിയുമാവര്‍ത്തിക്കും. അതിന് ആരുടെയും അനുമതിപത്രം ആവശ്യവുമില്ല. ഒറ്റപ്പത്രത്തിലും പ്രധാന വാര്‍ത്ത ആയില്ല എന്ന പ്രസ്താവനയല്ല,
എത്ര പത്രത്തില്‍ പ്രധാന വാര്‍ത്തയായി എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഒറ്റ ദിവസം പോലും ചാനലുകള്‍ ഒന്നും ചര്‍ച്ച ചെയ്തില്ല എന്നല്ല, എത്ര ദിവസം ചര്‍ച്ച ചെയ്തു എന്നാണ് ചോദിച്ചത്. നിങ്ങളുടെ പ്രാധാന്യ നിര്‍ണ്ണയ മാപിനി എത്രമാത്രം ജീര്‍ണിച്ചിരിക്കുന്നു എന്ന് തന്നെയാണ് ചോദിച്ചത്,’ സ്വരാജ് പറഞ്ഞു.
പുരാവസ്തു തട്ടിപ്പ് കേസില്‍ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരനെ അറസ്റ്റ് ചെയ്ത വാര്‍ത്തയേക്കാള്‍ മുന്‍ഗണന താല്‍ക്കാലിക ജോലിക്കായി വ്യാജ തൊഴില്‍ പരിചയരേഖ ചമച്ചു എന്ന കേസില്‍ കെ.വിദ്യ അറസ്റ്റിലായ വാര്‍ത്തക്ക് എങ്ങനെയാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.
‘വാര്‍ത്തകളുടെ ഗൗരവവും മാധ്യമങ്ങളുടെ മുന്‍ഗണകളും സംബന്ധിച്ച് വര്‍ത്തമാന കേരളത്തില്‍ തന്നെ എത്ര ഉദാഹരണങ്ങളുണ്ട്. താല്‍ക്കാലിക ജോലിക്കായി വ്യാജ തൊഴില്‍ പരിചയരേഖ ചമച്ചു എന്ന കേസില്‍ കെ.വിദ്യ അറസ്റ്റിലായ വാര്‍ത്തയും പുരാവസ്തു തട്ടിപ്പ് കേസില്‍ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരനെ അറസ്റ്റ് ചെയ്ത വാര്‍ത്തയും അടുത്തടുത്ത ദിവസങ്ങളില്‍ പുറത്തു വന്നു.
ഏത് വാര്‍ത്തയാണ് കൂടുതല്‍ ഗൗരവതരം? ചാനലുകളും പത്രങ്ങളും ഈ രണ്ടു വാര്‍ത്തകളെ ഏത് അളവ് കോലുകൊണ്ടാണ് അളന്നത്? ഏത് വാര്‍ത്തയാണ് വാര്‍ത്താ മൂല്യത്തിനപ്പുറം ആഘോഷിക്കപ്പെട്ടത് ?
മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക എന്ന പ്രയോഗത്തിന്റെ സാംഗത്യം എന്താണ്? വിവിധ കേസുകളിലെ പ്രതികളെ അവരുടെ വിദ്യാര്‍ത്ഥികാല സംഘടനാബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശേഷിപ്പിക്കുന്ന രീതി എന്നാണാരംഭിച്ചത്? ഇതിലെ നീതി എന്താണ്? എല്ലാ കേസുകളിലെയും പ്രതികള്‍ക്കും ഇത് ബാധമാണോ?
ഒരു മുന്‍ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചാനലുകളില്‍ ചര്‍ച്ചയാവാതിരിക്കുന്നതും ഒരു മുന്‍ എസ്.എഫ്.ഐക്കാരി പ്രതിയാകുമ്പോള്‍ അവസാനിക്കാത്ത ചര്‍ച്ചയാവുന്നതും ഏതു അളവുകോല്‍ പ്രകാരമാണ്?,’ അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ചിലര്‍ക്ക്
പൊള്ളുമ്പോള്‍
മലയാള മാധ്യമങ്ങളെ സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മനോരമയിലെ ഒരാള്‍ ഫേസ്ബുക്കിലൂടെ രോഷം കൊള്ളുന്നു. മനോരമയുടെ തനതു രീതിയില്‍ത്തന്നെ വ്യംഗ്യമായി അധിക്ഷേപിച്ചും പരിഹസിച്ചുമാണ് ഫേസ്ബുക്കിലൂടെ പൊള്ളലേറ്റ രോഷം പ്രകടിപ്പിച്ചത്. വിയോജിപ്പുള്ള ഒരു കാര്യം ഉണ്ടായാല്‍ വിഷയത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് വിയോജിപ്പുള്ള അഭിപ്രായം പറഞ്ഞയാളെ അധിക്ഷേപിക്കണമെന്ന ‘മനോരമതത്വം’ പുതിയ തലമുറയും കൃത്യമായിത്തന്നെ പാലിക്കുന്നുണ്ട്.
അധ്യാപകനായ ഗോവിന്ദന്‍ മാസ്റ്ററെ ‘എം വി ഗോവിന്ദന്‍ ‘ എന്ന് വിളിക്കുകയും പോക്‌സോ കേസില്‍ പല ജീവപര്യന്തങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ ‘സര്‍ ‘ എന്ന് വിളിച്ചുകൊണ്ട് വിനയാന്വിതരാവുകയും ചെയ്യുന്ന വര്‍ത്തമാനകാല മലയാളമാധ്യമ സംസ്‌കാരത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മര്യാദ പ്രതീക്ഷിക്കാനാവില്ലല്ലോ.
മനോരമയിലല്ല ജോലി എന്നതിനാല്‍ തല്‍ക്കാലം തുല്യ രീതിയിലും ഭാഷയിലുമുള്ള മറുപടിക്ക് മുതിരുന്നില്ല.
ഇനി മനോരമയ്ക്ക് രോഷം തോന്നിയ കഴിഞ്ഞ ദിവസത്തെ പോസ്റ്റിലേക്ക് വന്നാല്‍:
ഏതെങ്കിലും ഒരു മാധ്യമത്തെയോ ചില മാധ്യമങ്ങളെയോ മുന്‍ നിര്‍ത്തിയുള്ള വിമര്‍ശനമേ ആയിരുന്നില്ല അതെന്നും; മറിച്ച് ഇന്ത്യ ഇന്ന് നേരിടുന്ന വിപല്‍ക്കരവും ഭയാനകവുമായ സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍, സാഹചര്യങ്ങളുടെ ഗൗരവം ആവശ്യപ്പെടുന്ന വിധത്തില്‍
മലയാള മാധ്യമങ്ങള്‍ അവയുടെ ധര്‍മം നിര്‍വഹിക്കുന്നില്ല എന്ന ഒരു പൗരന്റെ പൊതുവിമര്‍ശനമാണ് പോസ്റ്റിലുള്ളതെന്ന് ഏത് കൊച്ചുകുഞ്ഞിനും മനസിലാവും.
പോസ്റ്റില്‍ ഒരു മാധ്യമത്തെയും പ്രത്യേകമായി പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചിട്ടില്ല. ഒരു മാധ്യമത്തെയും പ്രത്യേകമായി വിമര്‍ശനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. എന്നിട്ടും ആ പൊതു വിമര്‍ശനത്തെ മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ വാശിയോടെ മനോരമ എടുത്ത് സ്വന്തം തലയില്‍ വെക്കുകയാണ്. ഞങ്ങളാണ് , ഞങ്ങളെ മാത്രമാണ് ഉദ്ദേശിച്ചത് എന്ന രീതിയില്‍. അങ്ങനെ ചിന്തിക്കാനുള്ള മനോരമയുടെ അവകാശത്തെ മാനിക്കുന്നു.
സമീപകാലത്തെ പ്രധാനപ്പെട്ട ചില വാര്‍ത്തകളെ ചുരുക്കം വരികളില്‍ ചൂണ്ടിക്കാട്ടിയ പ്രസ്തുത പോസ്റ്റില്‍
പരാമര്‍ശിച്ച വാര്‍ത്തകളൊന്നും മലയാള മാധ്യമങ്ങളില്‍ വന്നിട്ടേയില്ല എന്ന ആരോപണമല്ല ഉന്നയിച്ചത്.
മറിച്ച് ആ വാര്‍ത്തകളുടെ ഗൗരവമനുസരിച്ച് അതിനെ സമീപിക്കാന്‍ മലയാള മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല എന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതായത് രാജ്യത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന അതീവ ഗൗരവതരമായ പ്രശ്‌നങ്ങളെക്കാള്‍ വാര്‍ത്താപ്രാധാന്യം ഒരു താല്‍ക്കാലിക ജോലിക്കായി അപേക്ഷാര്‍ത്ഥി വ്യാജ തൊഴില്‍പരിചയരേഖ ചമച്ചുവെന്ന വാര്‍ത്തക്ക് കൈവരുന്നതെങ്ങനെ? എന്ന ചോദ്യം തന്നെയാണ് ഉന്നയിക്കുന്നത്.
മനോരമയ്ക്ക് ഇനിയും മനസിലായില്ലെങ്കില്‍ ആവര്‍ത്തിക്കാം. മുന്‍ പോസ്റ്റില്‍ പരാമര്‍ശിച്ച വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ പതിന്മടങ്ങ് പ്രാധാന്യത്തിലാണ് വ്യാജ തൊഴില്‍പരിചയരേഖാ കേസിനെ മാധ്യമങ്ങള്‍ സമീപിച്ചത്. ഏത് അളവുകോലനുസരിച്ചാണ് വാര്‍ത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് എന്നതാണ് ചോദ്യം. എസ്.എഫ്.ഐ വിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും അഴുക്കുചാലില്‍ പുളയ്ക്കുന്ന സകലരോടുമാണ് ചോദ്യം. അത്രമാത്രം.
ഒരു മലയാളി എന്ന നിലയിലുള്ള എന്റെ ബോധ്യവും വിമര്‍ശനവുമാണത്. ആര്‍ക്കൊക്കെ പൊള്ളിയാലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മേല്‍വിമര്‍ശനങ്ങള്‍ ആയിരം വട്ടം ഇനിയുമാവര്‍ത്തിക്കും. അതിന് ആരുടെയും അനുമതിപത്രം ആവശ്യവുമില്ല. ഒറ്റപ്പത്രത്തിലും പ്രധാന വാര്‍ത്ത ആയില്ല എന്ന പ്രസ്താവനയല്ല,
എത്ര പത്രത്തില്‍ പ്രധാന വാര്‍ത്തയായി എന്ന ചോദ്യമാണ് ഉന്നയിച്ചത്. ഒറ്റ ദിവസം പോലും ചാനലുകള്‍ ഒന്നും ചര്‍ച്ച ചെയ്തില്ല എന്നല്ല, എത്ര ദിവസം ചര്‍ച്ച ചെയ്തു എന്നാണ് ചോദിച്ചത്. നിങ്ങളുടെ
പ്രാധാന്യ നിര്‍ണ്ണയ മാപിനി എത്രമാത്രം ജീര്‍ണിച്ചിരിക്കുന്നു എന്നു തന്നെയാണ് ചോദിച്ചത്.
പച്ച മലയാളത്തില്‍ എഴുതിയിട്ടും വിഷയഗൗരവം മറന്ന് വാര്‍ത്തയെ സമീപിക്കുന്ന മാധ്യമങ്ങള്‍ക്കെതിരായ പൊതു വിമര്‍ശനമാണ് ഉന്നയിക്കുന്നത് എന്നു മനസിലാകാത്തവര്‍ മനോരമയ്ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നുറപ്പ്. എന്നാല്‍ ‘ചെറുതും വലുതുമായ സകലമാന മാധ്യമങ്ങളും വിഷയം വിശദമായി കൈകാര്യം ചെയ്തു. ‘എന്നാണ് മനോരമയുടെ സാക്ഷ്യപ്പെടുത്തല്‍. അതെ, അതില്‍ അദ്ദേഹം സംതൃപ്തനാണ്.
എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ എല്ലാ സമകാലിക വിഷയങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ എല്ലാ മാധ്യമങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു എന്ന് വിശ്വസിക്കാനുള്ള എല്ലാ മനോരമപക്ഷക്കാരുടെയും അവകാശത്തിനും അവകാശവാദത്തിനും മുന്നില്‍ ശുഭരാത്രി പറയുന്നു.
അതിനാല്‍ നമുക്ക് നൂറാം ദിവസവും എസ്.എഫ്.ഐയെ നേരെയാക്കാന്‍ ചര്‍ച്ച നടത്താം. അതാണല്ലോ ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം.
‘സകലമാന മാധ്യമങ്ങളും വിഷയം വിശദമായി കൈകാര്യം ചെയ്തു’ എന്നദ്ദേഹം മേനി നടിക്കുന്നത് ഡാറ്റ ചോര്‍ച്ചയുടെ കാര്യത്തിലാണ്. ‘വിഷയം വിശദമായി കൈകാര്യം ‘ ചെയ്തതിന്റെ ചിത്രം വ്യക്തമാവണമെങ്കില്‍ ഡേറ്റയെല്ലാം സ്പ്രിംങ്ക്‌ളര്‍ ചോര്‍ത്തും എന്നൊരു കിംവദന്തി പ്രതിപക്ഷമുയര്‍ത്തിയ ഘട്ടത്തില്‍ മലയാള മാധ്യമങ്ങള്‍ ആ വാര്‍ത്ത എങ്ങനെ ‘കൈകാര്യം’ ചെയ്തു എന്ന് ഒന്നോര്‍ത്തു നോക്കിയാല്‍ മതി. അസാധാരണ മറവിരോഗം ബാധിക്കാത്ത മനുഷ്യര്‍ക്ക് ഇതൊക്കെ ഓര്‍ക്കാനും താരതമ്യം ചെയ്യാനും പ്രയാസമുണ്ടാവില്ല.
ഓരോ വാര്‍ത്തകളുടെയും പ്രാധാന്യമെത്രയാണ്? ഊന്നല്‍ കൊടുക്കേണ്ടത് എവിടെയാണ്?
ഇത്തരം കാര്യങ്ങളില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ ഓരോ മാധ്യമത്തിനും അവകാശമുണ്ട്. എന്നാല്‍ മേല്‍ അവകാശം സ്വേഛാധിപത്യാവകാശമല്ല. സത്യത്തെയും രാജ്യത്തെയും ജനങ്ങളെയും അവഗണിച്ചു കൊണ്ട് നിലപാട് സ്വീകരിക്കാന്‍ ഒരു മാധ്യമത്തിനും ധാര്‍മികാവകാശമില്ല. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഓരോ സംഭവങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെയാണ് മലയാള മാധ്യമങ്ങള്‍ സമീപിക്കുന്നതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും നിങ്ങളിപ്പോഴും അടിയുറച്ചു വിശ്വസിക്കുന്നുവെങ്കില്‍, കോര്‍പ്പറേറ്റ് മുതലാളിയുടെ നിലപാടുകളും നിര്‍ദേശങ്ങളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ തിട്ടൂരങ്ങളും മറ്റ് പല ഘടകങ്ങളും യാതൊരു വിധത്തിലും വാര്‍ത്തകള സ്വാധീനിക്കുന്നില്ലെന്നാണ് നിങ്ങളുടെ വാദമെങ്കില്‍, ക്ഷമിക്കണം എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല.
വാര്‍ത്തകളുടെ ഗൗരവവും മാധ്യമങ്ങളുടെ മുന്‍ഗണകളും സംബന്ധിച്ച് വര്‍ത്തമാന കേരളത്തില്‍ തന്നെ എത്ര ഉദാഹരണങ്ങളുണ്ട്. താല്‍ക്കാലിക ജോലിക്കായി വ്യാജ തൊഴില്‍ പരിചയരേഖ ചമച്ചു എന്ന കേസില്‍ കെ.വിദ്യ അറസ്റ്റിലായ വാര്‍ത്തയും പുരാവസ്തു തട്ടിപ്പു കേസില്‍ എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ കെ. സുധാകരനെ അറസ്റ്റ് ചെയ്ത വാര്‍ത്തയും അടുത്തടുത്ത ദിവസങ്ങളില്‍ പുറത്തു വന്നു.
ഏത് വാര്‍ത്തയാണ് കൂടുതല്‍ ഗൗരവതരം? ചാനലുകളും പത്രങ്ങളും ഈ രണ്ടു വാര്‍ത്തകളെ ഏത് അളവ് കോലുകൊണ്ടാണ് അളന്നത്? ഏത് വാര്‍ത്തയാണ് വാര്‍ത്താ മൂല്യത്തിനപ്പുറം ആഘോഷിക്കപ്പെട്ടത് ?
മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തക എന്ന പ്രയോഗത്തിന്റെ സാംഗത്യം എന്താണ്? വിവിധ കേസുകളിലെ പ്രതികളെ അവരുടെ വിദ്യാര്‍ത്ഥികാല സംഘടനാബന്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശേഷിപ്പിക്കുന്ന രീതി എന്നാണാരംഭിച്ചത്? ഇതിലെ നീതി എന്താണ്? എല്ലാ കേസുകളിലെയും പ്രതികള്‍ക്കും ഇത് ബാധമാണോ?
ഒരു മുന്‍ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചാനലുകളില്‍ ചര്‍ച്ചയാവാതിരിക്കുന്നതും ഒരു മുന്‍ എസ്.എഫ്.ഐക്കാരി പ്രതിയാകുമ്പോള്‍ അവസാനിക്കാത്ത ചര്‍ച്ചയാവുന്നതും ഏതു അളവുകോല്‍ പ്രകാരമാണ്?
പ്രിയ വര്‍ഗീസിനെതിരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയും ആ വിധി അസാധുവാക്കിയ ഇപ്പോഴത്തെ ഡിവിഷന്‍ ബെഞ്ച് വിധിയും മലയാള മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി എങ്ങനെയായിരുന്നു? വിധിയുടെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നേരെ കോടതി ഉയര്‍ത്തിയ കഠിന വിമര്‍ശനം എത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു? റിപ്പോര്‍ട്ട് ചെയ്തവര്‍ തന്നെ അതെങ്ങനെയാണ് അവതരിപ്പിച്ചത്?
ആവിഷ്‌കാര സ്വാതന്ത്ര്യ ചര്‍ച്ചാ മഹാമഹങ്ങള്‍ക്കിടയില്‍ ട്വിറ്ററിന് പൂട്ടു പണിത മാധ്യമ മുതലാളിയുടെ നടപടിയെക്കുറിച്ച് ചാനലുകള്‍ എത്ര ദിവസം ചര്‍ച്ച ചെയ്തു? ചോദ്യങ്ങള്‍ അസുഖകരമാവാം.
പക്ഷേ രോഷം കൊണ്ടിട്ട് കാര്യമില്ല.
രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് മുതലാളിയെ ക്ഷണിക്കുമ്പോള്‍ പുളകം കൊള്ളാനും അനുരാഗ് താക്കൂര്‍ വിളിച്ച് ചേര്‍ത്ത ഇഷ്ടക്കാരുടെ യോഗത്തിലെ ആഹ്വാനം ശിരസിലേറ്റാനും നിങ്ങള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവുമുണ്ട്. പക്ഷേ അതിന്റെയൊക്കെ ആവേശത്തില്‍ എന്ത് നെറികേടും കാണിച്ചാല്‍ ആരും മിണ്ടില്ലെന്ന് കരുതരുത്.
പിന്നെ മനോരമയുടെ അസ്വസ്ഥത ഇപ്പോഴത്തെ മാത്രം പ്രശ്‌നവുമല്ല. ശ്രീ. കെ.സി. മാമന്‍ മാപ്പിള മരണാസന്നനായ സമയത്ത് മൂത്തമകന്‍ ശ്രീ. കെ.എം. ചെറിയാനെ അടുത്ത് വിളിച്ച് ‘അന്ത്യശാസന’മെന്നതു പോലെ പറഞ്ഞത് ‘കമ്യൂണിസമെന്ന അത്യാപത്തില്‍ നിന്നും വിവരമില്ലാത്ത സാധു ജനങ്ങളെ സംരക്ഷിക്കാന്‍ നമ്മുടെ സര്‍വ ശക്തിയും പ്രയോഗിച്ചു കൊണ്ടിരിക്കണം ‘ എന്നാണെന്ന് മനോരമ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ‘സര്‍വ ശക്തിയുമെടുത്ത് ‘പ്രവര്‍ത്തിച്ചു കൊള്ളുക. പാരമ്പര്യമായി പിന്തുടരുന്ന ആപ്തവാക്യം മറച്ചുവെച്ച് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന നാട്യവും തുടരാന്‍ മറക്കരുത്.
എന്‍.ബി.
ദി ഫോര്‍ത്തിലെ ശ്രീ. ശ്രീജന്‍ ബാലകൃഷണന്‍ ഒരു വിമര്‍ശനം ഉയര്‍ത്തിയതായി കാണുന്നു. പക്ഷേ തിരുത്തണം എന്നു പറഞ്ഞതെന്താണെന്ന് മനസിലായില്ല. ഡേറ്റാ ചോര്‍ച്ച പല പത്രങ്ങള്‍ വ്യത്യസ്ത പ്രാധാന്യത്തോടെ കൊടുത്തതിനെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നുണ്ട്. അത് തന്നെയാണ് വിമര്‍ശനത്തിന്റെ രത്‌നച്ചുരുക്കവും. പിന്നെ ഏതെങ്കിലും ഒരു വിഷയത്തെയോ, മാധ്യമത്തെയോ ലാക്കാക്കിയുള്ള വിമര്‍ശനമല്ലെന്ന കാര്യം ആവര്‍ത്തിക്കട്ടെ. ഡാറ്റ ചോര്‍ച്ച പുറത്ത് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ മാധ്യമമാണെന്ന കാര്യം എന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചില്ല എന്നതാണ് വിമര്‍ശനമെങ്കില്‍ അത് വസ്തുതയാണ്.
വിശദമായ ഒരു പോസ്റ്റ് അല്ലാത്തതിനാലും, വാര്‍ത്തകളുടെ പ്രാധാന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മലയാളത്തിലെ പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പുലര്‍ത്തുന്ന അനീതിയെയാണ് വിമര്‍ശിച്ചത് എന്നതുകൊണ്ടുമാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളെ സംബന്ധിച്ച് പരാമര്‍ശിക്കാതിരുന്നത്. എങ്കിലും വിമര്‍ശനം സ്വീകരിക്കുന്നു.
– എം സ്വരാജ് .
Content Highlight: M Swaraj criticises media