| Thursday, 15th June 2017, 10:52 am

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയിലും കുടപിടിക്കും'; ഇ. ശ്രീധരനെ ഒഴിവാക്കിയത് മോദിയുടെ രാഷ്ട്രീയ അല്‍പ്പത്തരമെന്ന് എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം. സ്വരാജ് എം.എല്‍.എ.

ഇ.ശ്രീധരനെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും രാഷ്ട്രീയ അല്‍പ്പത്തരമാണ് മോദി കാണിക്കുന്നതെന്നും എം. സ്വരാജ് പറഞ്ഞു.


Also Read മെട്രോ രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഇല്ല: താന്‍ വെറുമൊരു തൊഴിലാളി മാത്രമെന്നും ഇ. ശ്രീധരന്‍


മോദി കേരളത്തിലെത്തി പങ്കെടുത്ത നിരവധി പരിപാടികളുണ്ട്. അന്നൊന്നും ഇത്തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും വെച്ചിരുന്നില്ല. വേദിയില്‍ ഒന്നാം നിരയില്‍ തന്നെ ഇരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയാണ് ഇ. ശ്രീധരന്‍. അതുപോലെ തന്നെ ആ വേദിയില്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളെല്ലാം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അതിനൊന്നും മോദി അനുമതി നല്‍കിയില്ല.

തന്നെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടും തികഞ്ഞ സംയമനത്തോടെയാണ് ഇ. ശ്രീധരന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മര്യാദയും ഔന്നിത്യവും പ്രധാനമന്ത്രി കണ്ടുപഠിക്കണം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുടപിടിക്കും എന്നതുപോലെയാണ് മോദിയുടെ കാര്യമെന്നും എം.സ്വരാജ് പ്രതികരിച്ചു.

സുരക്ഷാകാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ് വേദിയില്‍ നിന്നും കൂടുതല്‍ പേരെ ഒഴിവാക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

അതേസമയം, ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more