പൈനാവ്: ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി മുന്‍ എം.എല്‍.എ എം. സ്വരാജ്. ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ നേതാവായ ധീരജിന്റെ കൊലപാതകത്തില്‍ കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് സ്വരാജ് തന്റെ പ്രതികരണമറിയിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കലാലയങ്ങളെ കലാപഭൂമിയാക്കാന്‍ കെ.എസ്.യു കൊലക്കത്തിയെടുത്തത് മുതലാണ് ക്യാംപസ്സുകള്‍ അവരെ വെറുത്തു തുടങ്ങിയതെന്ന് സ്വരാജ് പറയുന്നു.
‘കലാലയങ്ങളെ കുരുതിക്കളമാക്കാന്‍ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകള്‍ കെ.എസ്.യു വിനെ വെറുത്തു തുടങ്ങിയത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോള്‍ കെ.എസ്.യു വിന്റെ വിജയങ്ങള്‍ പഴങ്കഥയായി മാറി. കേരളീയ കലാലയങ്ങളുടെ മൂലയില്‍ പോലും ഇടമില്ലാത്തവരായി ഇന്ന് കെ.എസ്.യു മാറിക്കഴിഞ്ഞു,’ പോസ്റ്റില്‍ പറയുന്നു.
കലാലയങ്ങളില്‍ വെറുക്കപ്പെട്ടവരായതിന് ശേഷവും അവര്‍ കൊലക്കത്തി താഴെ വെക്കാന്‍ തയ്യാറാവുന്നില്ലെന്നും, ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിക്കാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
‘മാനവരാശിയുടെയാകെ ശത്രുക്കളായ കോണ്‍ഗ്രസ് നരാധമന്‍മാര്‍ക്കെതിരെ ,കൊടിയ നരഹത്യകള്‍ക്കെതിരെ ഈ നാടുണരും. കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീര്‍ച്ച,’സ്വരാജ് പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.
എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിനെ കുത്തിയ ആള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.
അതേസമയം, കൊലപാതത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കൊലയാളികള്‍ ഇത്തവണ ഇളം ചോര നുണഞ്ഞത് പൈനാവിലാണ്. ജീവിതത്തിന്റെ വസന്തകാലത്ത് ക്രൂരന്മാര്‍ തല്ലിക്കൊഴിച്ചത്
ധീരജ് എന്ന ഉശിരനായ വിദ്യാര്‍ത്ഥി നേതാവിനെ… കലാലയത്തിന്റെ കണ്ണിലുണ്ണിയെ.
കലാലയങ്ങളെ കുരുതിക്കളമാക്കാന്‍ കൊലക്കത്തിയുമായി ഉറഞ്ഞുതുള്ളിയ കാലം മുതലാണ് കാമ്പസുകള്‍ കെ.എസ്.യു വിനെ വെറുത്തു തുടങ്ങിയത്. ചോരയിറ്റു വീഴുന്ന കത്തിയുമായി കാമ്പസിലെത്തുന്ന ഈ കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ അകറ്റി നിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം ഒന്നടങ്കം തീരുമാനിച്ചപ്പോള്‍ കെ.എസ്.യു വിന്റെ വിജയങ്ങള്‍ പഴങ്കഥയായി മാറി. കേരളീയ കലാലയങ്ങളുടെ മൂലയില്‍ പോലും ഇടമില്ലാത്തവരായി ഇന്ന് കെ.എസ്.യു മാറിക്കഴിഞ്ഞു.
കലാലയങ്ങളില്‍ വെറുക്കപ്പെട്ടവരായി മാറിയിട്ടും ഇക്കൂട്ടര്‍ കൊലക്കത്തി താഴെ വെയ്ക്കുന്നില്ല. ചരിത്രത്തില്‍ നിന്നും ഒരു പാഠവും പഠിയ്ക്കുന്നുമില്ല. പുറമെ നിന്ന് കൊണ്ടുവന്ന യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുമായി ചേര്‍ന്ന് സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിയ്ക്കുന്നത്. മാനവരാശിയുടെയാകെ ശത്രുക്കളായ കോണ്‍ഗ്രസ് നരാധമന്‍മാര്‍ക്കെതിരെ , കൊടിയ നരഹത്യകള്‍ക്കെതിരെ ഈ നാടുണരും.
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും ഈ നരാധമ സംഘത്തെക്കൊണ്ട് കേരളം സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും തീര്‍ച്ച. കൊലക്കത്തിയുടെ മുന്നിലും വെണ്‍പതാകയേന്തി പൊരുതിനില്‍ക്കുന്ന SFI
പോരാളികള്‍ക്ക്, ത്യാഗ സഹനങ്ങളുടെ ആള്‍രൂപങ്ങള്‍ക്ക് അഭിവാദനങ്ങള്‍…
മരണത്തെ തോല്‍പിച്ച അനശ്വര രക്തസാക്ഷി സ. ധീരജിന് രക്താഭിവാദനങ്ങള്‍…