| Tuesday, 26th March 2019, 10:59 am

'ഇങ്ങനെയല്ല രാഷ്ട്രീയ എതിരാളികളെ എതിര്‍ക്കേണ്ടത്' ; മുസ്‌ലിം ലീഗിനെ പാക്കിസ്ഥാന്‍ അനുകൂലികളാക്കിയ ബി.ജെ.പി നേതാവിന് എം. സ്വരാജിന്റെ തിരുത്തല്‍ ക്ലാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ പാക്കിസ്ഥാന്‍ അനുകൂലികളാക്കിയ ബി.ജെ.പി നേതാവിനെ തിരുത്തി എം. സ്വരാജ് എം.എല്‍.എ. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറിലായിരുന്നു എം. സ്വരാജിന്റെ തിരുത്തല്‍ ക്ലാസ്.

രാഷ്ട്രീയമായും നയപരവുമായാണ് ലീഗിനെ എതിര്‍ക്കേണ്ടത്. അല്ലാതെ പാക്കിസ്ഥാന്‍ അനുകൂലികളായി ചിത്രീകരിച്ചുകൊണ്ടല്ലെന്നാണ് സ്വരാജ് മറുപടി നല്‍കുന്നത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. സുരേഷ് ബാബു ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശങ്ങളോട് പ്രതികരിച്ചിരുന്നില്ല. സഖ്യകക്ഷി കൂടിയായ ലീഗിനെതിരായ വസ്തുതാവിരുദ്ധ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് മൗനം പാലിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചു കൂടിയായിരുന്നു സ്വരാജിന്റെ പ്രതികരണം.

“ബി.ജെ.പിയുടെ പ്രതിനിധി അദ്ദേഹത്തിന്റെ ചര്‍ച്ചയ്ക്കിടയില്‍ മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ നടത്തി. നമുക്കെല്ലാവര്‍ക്കും അറിയാം, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയത്തേയും നയപരിപാടികളേയും വളരെ കണിശമായി എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ മുസ്‌ലിം ലീഗിന്റെ സഖ്യകക്ഷിയാണ് കേരളത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നേതാവ് ഒരക്ഷരം മിണ്ടിയിട്ടില്ല. അദ്ദേഹം പറയുകയാണെങ്കില്‍ ഞാന്‍ പറയേണ്ട എന്നു കരുതിയതാണ്. അദ്ദേഹം പറയാത്തതുകൊണ്ട് ഞാന്‍ പറയുകയാണ്. ”

Also read:സ്വന്തം നാട്ടില്‍ ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പില്‍ വോട്ട് ചോദിച്ച് യോഗി ആദിത്യനാഥിന്റെ കാമ്പയിന്‍; എത്തിച്ചേര്‍ന്നത് 100 ല്‍ താഴെ ആളുകള്‍ മാത്രം

“മുസ്‌ലിം ലീഗിന്റെ നയപരിപാടികളെ അതിശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ മുസ്‌ലിം ലീഗ് പാക്കിസ്ഥാനാണെന്ന് പറഞ്ഞ് കൂട്ടിപറയുന്നത് എന്തൊരു നെറികേടാണ്. അങ്ങനെ പറയരുത്. ബഹുമാനത്തോടെ ബി.ജെ.പി നേതാവിനോട് പറയുകയാണ്. നിങ്ങള്‍ അങ്ങനെ പറയരുത്. അത് തെറ്റാണ്. മുസ്‌ലിം ലീഗ് പാക്കിസ്ഥാന്‍ വാദം ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നൊരു പാര്‍ട്ടിയാണോ? അല്ല. നിങ്ങള്‍ മുസ് ലിം ലീഗിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുക. അതിനു പകരം വ്യംഗ്യാര്‍ത്ഥത്തിന്റെ ജിന്നയുടെ ലീഗ് എന്നു പറയുമ്പോഴുള്ള ഒരു ധ്വനി എന്താണ്. അങ്ങനെയല്ല രാഷ്ട്രീയ എതിരാളികളെ എതിര്‍ക്കേണ്ടത്. വസ്തുത പറഞ്ഞിട്ടാണ്. ” എന്നായിരുന്നു സ്വരാജിന്റെ പ്രതികരണം.

Latest Stories

We use cookies to give you the best possible experience. Learn more