|

എസ്.എഫ്.ഐയുടെ യൂണിയന്‍ ഉദ്ഘാടനത്തിന് സമദാനിയെ ക്ഷണിച്ചിട്ടുണ്ട്; പ്രസംഗീതം എന്നാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ എം.എം.നാരാണയന്‍ വിശേഷിപ്പിച്ചത്: എം.സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.എഫ്.ഐ മുഴുവന്‍ സീറ്റിലും ജയിച്ച കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിന് മുസ്‌ലിം ലീഗ് നേതാവ് എം.പി. അബ്ദുസ്സമദ് സമദാനിയെ ക്ഷണിച്ചിരുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.സ്വരാജ്.

സമദാനി വളരെ ആകര്‍ഷണീയമായി പ്രസംഗിക്കുന്ന ആളാണെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തരം വേദികള്‍ ഭിന്നാഭിപ്രായമുള്ളവരെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണെന്നും സ്വരാജ് പറഞ്ഞു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ ഒരു സെമിനാറിന് അബ്ദുസ്സമദ് സമദാനിയെ ക്ഷണിച്ചിരുന്നെന്നും അന്ന് അദ്ദേഹം നടത്തിയ പ്രസംഗം കേട്ട് ആ വേദിയിലുണ്ടായിരുന്ന എം.എം. നാരായണന്‍ പറഞ്ഞത് ‘ ഇത് പ്രസംഗമല്ല, പ്രസംഗീതമാണ്’ എന്നായിരുന്നെന്നും എം. സ്വരാജ് പറഞ്ഞു. സമദാനിയുടെ പ്രസംഗത്തിന് ലഭിച്ച പുരസ്‌കാരമായിരുന്നു ആ വിശേഷണമെന്നും സ്വരാജ് പറഞ്ഞു.

താന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്ന കാലത്ത് സര്‍വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ സമദാനിയെ ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സ്വന്തം പ്രസംഗത്തെ മതിപ്പോടുകൂടി കാണുന്ന ആളല്ല താനെന്നും സ്വരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. കൂറെകൂടി മെച്ചപ്പെട്ട രീതിയില്‍ പ്രസംഗിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുകുമാര്‍ അഴീക്കോട്, എം.എന്‍. വിജയന്‍ തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകരുടെ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ടെന്നും ഓരോരുത്തരുടെയും പ്രസംഗങ്ങള്‍ക്ക് ഓരോ പ്രത്യേകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടെന്നും സ്വരാജ് പറഞ്ഞു.

പുതിയകാര്യങ്ങളും നമുക്ക് അറിയാത്ത കാര്യങ്ങളും ലഭിക്കുന്ന പ്രസംഗങ്ങളെയാണ് താന്‍ ആദരവോട് കൂടി കാണുന്നതെന്നും സ്വരാജ് പറയുന്നു. കെ.ഇ.എന്നിന്റെ പ്രസംഗങ്ങളുടെ പ്രത്യേകത അതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷത്തിലേറെയായി താന്‍ കെ.ഇ.എന്നിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളിലും നമുക്ക് അറിയാത്ത പുതിയൊരു കാര്യം അദ്ദേഹം പറയാറുണ്ടെന്നും എം.സ്വരാജ് പറഞ്ഞു.

content highlights; M. Swaraj about Samadani’s speech