| Thursday, 11th April 2024, 3:23 pm

ഈ വിധി ചോദ്യം ചെയ്യപ്പെടേണ്ടത്; ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്; ഹൈക്കോടതി വിധിയില്‍ സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബുവിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയ വിഷയത്തില്‍ പ്രതികരണവുമായി എം.സ്വരാജ്. വിചിത്രമായ വിധിയാണ് ഹൈക്കോടതിയില്‍ നിന്നും വന്നിരിക്കുന്നതെന്നും ഈ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുകയെന്നും എം. സ്വരാജ് പ്രതികരിച്ചു.

‘വിധിയുടെ വിശദാംശങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ല. എങ്കിലും പറയാം. ഞാന്‍ കോടതി മുന്‍പാകെ ഉയര്‍ത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനത്തെ സംബന്ധിച്ചുള്ള ഗുരുതരമായ ഒരു പ്രശ്‌നമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മാത്രം ഒരു പരാതിയുമായി കോടതിയില്‍ ചെന്നതല്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം നടക്കുന്ന ഘട്ടത്തിലുടനീളം ഈ പ്രശ്‌നം ഉണ്ടായിരുന്നു.

അന്ന് നിയമപരമായി തന്നെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. പലവട്ടം പരാതി നല്‍കിയിരുന്നു. ആ പരാതിയെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുകയും ഞങ്ങളുടെ പരാതിക്ക് അടിസ്ഥാനമുണ്ട് എന്ന് കണ്ടെത്തിയ അടിസ്ഥാനത്തില്‍ യു.ഡി.എഫിന്റെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്തകള്‍ ലംഘിക്കുന്ന പ്രചരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ചുവരെഴുത്തുകള്‍ മായ്ക്കുകയും ബോര്‍ഡുകള്‍ എടുത്തുമാറ്റുകയും ചെയ്തിരുന്നു.

ഈ നടപടിയൊക്കെ കമ്മീഷന്‍ സ്വീകരിച്ചതാണ്. അതിന്റെ തുടര്‍ച്ചയിലാണ് ഫലം വന്ന ശേഷം ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ രേഖകളും കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതാണ്. പക്ഷേ വിധി ഇപ്പോള്‍ മറിച്ചാണ് വന്നിരിക്കുന്നത്.

വിചിത്രമായ വിധിയാണ്. ഈ വിധി ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ല മറിച്ച് ദുര്‍ബലപ്പെടുത്തുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ വിധി നമ്മുടെ സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന സന്ദേശം ഭാവിയിലും വിവിധ വിശ്വാസങ്ങളെ പിന്‍പറ്റുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ഈശ്വരന്റേയും ദൈവത്തന്റേയുമൊക്കെ ചിത്രമോ പേരോ ഉള്‍പ്പെടുത്തി അതൊക്കെ അച്ചടിച്ച് സ്ലിപ്പായി വിതരണം ചെയ്താല്‍ പോലും അതൊന്നും കുഴപ്പമില്ലെന്നും സാധൂകരിക്കപ്പെടുമെന്നുമാണ്.

ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും ഈ വിധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാര്‍ട്ടിയുമായും വക്കീലുമായും ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഈ കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ റിട്ടണ്‍ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്നതിന് പകരം എതിര്‍കക്ഷി പ്രിലിമിനറി ഒബ്ജക്ഷന്‍ ഉയര്‍ത്തുകയായിരുന്നു. കേസ് തന്നെ തള്ളി കളയണമെന്നായിരുന്നു വാദം. എന്നാല്‍ ഹൈക്കോടതി അന്ന് ആ വാദം സ്വീകരിച്ചില്ല. തള്ളി. തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ രണ്ട് തവണ പോയി.

ഈ കേസ് നിലനില്‍ക്കുമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് എതിരായി വിധി കിട്ടാന്‍ വേണ്ടിയായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അദ്ദേഹം അതില്‍ പരാജയപ്പെട്ടു. സുപ്രീം കോടതിയില്‍ നിന്ന് വിധി കിട്ടിയില്ല. പിന്നീട് ഒരു നിസാരമായ സാങ്കേതിക കാരണം ഉന്നയിച്ച് സുപ്രീം കോടിതയില്‍ പോയി. അന്നും കേസ് ഗൗരവമുള്ളതാണെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഈ നാട്ടില്‍ ഒരു ജനപ്രാധിനിത്യ നിയമം ഉണ്ട്. ആ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നത്,’ സ്വരാജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more