| Saturday, 17th March 2018, 12:31 am

എം. സുകുമാരന്റെ വിയോഗം കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമെന്ന് പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം. സുകുമാരന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനവികമൂല്യങ്ങള്‍ സാമൂഹികപുരോഗതി തുടങ്ങിയവയുടെ കാര്യത്തിലുള്ള പ്രതിബദ്ധത എം. സുകുമാരന്‍ എല്ലാ ഘട്ടത്തിലും ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

“കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗം. സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാന്‍ എം. സുകുമാരന് സാധിച്ചിരുന്നു.

പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ഇണങ്ങിയും പിണങ്ങിയും നിന്ന സാഹിത്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും പൊതുവായ മാനവികമൂല്യങ്ങള്‍, സാമൂഹികപുരോഗതി തുടങ്ങിയവയുടെ കാര്യത്തിലുള്ള പ്രതിബദ്ധത അദ്ദേഹം എല്ലാ ഘട്ടത്തിലും ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ശേഷക്രിയ പോലുള്ള കൃതികള്‍ വ്യത്യസ്തങ്ങളായ വീക്ഷണകോണുകളിലൂടെ വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും പൊതുവില്‍ പുരോഗമനപക്ഷം ശക്തിപ്പെട്ട് മുന്നോട്ടുപോകേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ആവശ്യമാണെന്ന കാര്യത്തില്‍ എം. സുകുമാരന് രണ്ടുപക്ഷം ഇല്ലായിരുന്നു.”


Related News: പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്‍ അന്തരിച്ചു


സാഹിത്യകാരന്‍ എം. സുകുമാരന്‍(74) വെള്ളിയാഴ്ച തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അന്തരിച്ചത്. 2006 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.” മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍” എന്ന പുസ്തകത്തിന് 1976-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

We use cookies to give you the best possible experience. Learn more