'ശേഷക്രിയ'യില്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു; പാര്‍ട്ടി അന്നത്തെക്കാളും ജീര്‍ണിച്ചു: എം. സുകുമാരന്‍
Daily News
'ശേഷക്രിയ'യില്‍ പാര്‍ട്ടിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു; പാര്‍ട്ടി അന്നത്തെക്കാളും ജീര്‍ണിച്ചു: എം. സുകുമാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2016, 10:15 am

“മുതലാളിത്തത്തെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പാര്‍ട്ടി കെട്ടിപ്പടുത്തത്. പക്ഷേ പാര്‍ട്ടി മുതലാളിത്തതിന്റെ ഭാഗമായി. വലിയ ആസ്തികള്‍ വന്നുചേര്‍ന്നു.”


തിരുവനന്തപുരം: “ശേഷക്രിയ” എന്ന നോവലിലൂടെ പാര്‍ട്ടിക്കെതിരെ താന്‍ മുന്നോട്ടുവെച്ച വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നെന്ന് സാഹിത്യകാരന്‍ എം. സുകുമാരന്‍. പാര്‍ട്ടി അന്നത്തെക്കാളും ജീര്‍ണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. “മാധ്യമം” ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ശേഷക്രിയ എന്ന നോവലിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മുതലാളിത്തത്തെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പാര്‍ട്ടി കെട്ടിപ്പടുത്തത്. പക്ഷേ പാര്‍ട്ടി മുതലാളിത്തതിന്റെ ഭാഗമായി. വലിയ ആസ്തികള്‍ വന്നുചേര്‍ന്നു.” അദ്ദേഹം പറയുന്നു.

പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാഷ്ട്രീയ ജീര്‍ണതയോടുള്ള തന്റെ പ്രതികരണമാണ് ശേഷക്രിയ എന്ന നോവലെന്നും അദ്ദേഹം വിശദീകരിച്ചു. നോവല്‍ കലാകൗമുദിയില്‍ വന്നപ്പോള്‍ നിര്‍ത്തിവെക്കാന്‍ ശ്രമമുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

കമ്മ്യൂണിസ്റ്റ് വിമര്‍ശനങ്ങള്‍ മുന്നോട്ടുവെക്കുമ്പോഴും താന്‍ ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്നെന്ന് സുകുമാരന്‍ പറയുന്നു.

“മറ്റാരാണ് ജനങ്ങള്‍ക്കുവേണ്ടി നിലകൊളള്ളുന്നത്? ഇന്ത്യയില്‍ വര്‍ഗീയത വര്‍ധിച്ചുവരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ല. അതാണ് എന്റെ ആശങ്കപ്പെടുത്തുന്നത്.” അദ്ദേഹം പറയുന്നു.

നക്‌സലൈറ്റ് പ്രസ്ഥാനത്തോടുള്ള തന്റെ നിലപാടും അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. “എഴുപതുകളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ കോളജ് അധ്യാപകരും എന്‍.ജി.ഒമാരും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. പലയൂണിയനുകളിലും അതിനോട് ആഭിമുഖ്യമുള്ളവരും ഉണ്ടായിരുന്നു. കെ.വേണുവിനെ ഞാന്‍ കണ്ടിരുന്നു. പക്ഷേ ഞാന്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നിട്ടില്ല.” അദ്ദേഹം പറയുന്നു.

“അവരുടെ ത്യാഗം (നക്‌സലൈറ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ചവരുടെ) അവഗണിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കാന്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കിലും അതിന് ചരിത്രപരമായ സ്ഥാനമുണ്ട്.” നക്‌സലൈറ്റ് പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യം ചില കഥകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം വിശദീകരിച്ചു.