സംസ്ഥാനസര്‍ക്കാര്‍ ഒമ്പത് വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തില്‍ വളര്‍ന്നുവരുന്ന മാലിന്യപ്രശ്‌നത്തിന് ഒറ്റമൂലി എന്ന രീതിയിലാണ് പദ്ധതി കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ഉന്നയിക്കുന്ന ഒരു കാര്യം യാഥാര്‍ത്ഥ്യമാണ്. ലോകമൊട്ടാകെ ഖരമാലിന്യകൂമ്പാരമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മാത്രം കാര്യം പരിഗണിച്ചാല്‍, പ്രതിദിനം പതിനായിരം ടണ്‍ മാലിന്യമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്.
കേരളത്തില്‍ എന്തുകൊണ്ട് വേസ്റ്റ് ടു എനര്‍ജി പദ്ധതി സാധ്യമല്ല?
കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യം ഒരിക്കലും വേസ്റ്റ് ടു എനര്‍ജിക്ക് പറ്റുന്ന മാലിന്യമല്ല എന്നത് സെന്റര്‍ ഫോര്‍ എര്‍ത്ത് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളതാണ്. ആറുമാസത്തോളം മഴ കിട്ടുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് തന്നെ മറ്റ് പ്രദേശങ്ങളില്‍ നിന്നും വിഭിന്നമായി ഇവിടുത്തെ മാലിന്യത്തില്‍ ഈര്‍പ്പത്തിന്റെ അംശം 60 ശതമാനം മുതല്‍ 80 ശതമാനം വരെ കൂടുതലാണ്. അതായത് കലോറിഫിക് വാല്യൂ കുറഞ്ഞ മാലിന്യമാണ് കേരളത്തിലേത്. ഇത് വേസ്റ്റ് ടു എനര്‍ജിക്ക് പറ്റുന്നതല്ല. മറ്റ് പ്രക്രിയകളിലൂടെ ഈര്‍പ്പം കളഞ്ഞിട്ടുമാത്രമേ പദ്ധതിക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയൂ. ഇതിന് ആദ്യം മാലിന്യം തരം തിരിക്കണം. ഇത് പ്രാരംഭഘട്ടത്തില്‍തന്നെ ഇത്ര വലിയ ഒരു പ്രക്രിയയിലൂടെ കടന്നുപോയിട്ട് വേണം പിന്നീട് ഊര്‍ജ്ജ ഉല്‍പാദനത്തിലേക്ക് കടക്കാന്‍. ഇത് സുസ്ഥിരമായ മാലിന്യ സംസ്‌കരണ തത്വത്തിന് വിപരീതമായ കാര്യമാണ്. അത് നിയമത്തിനും സംസ്ഥാനത്തിന്റെ നയത്തിനും വിപരീതമായ കാര്യമാണ്.
പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും
കേരളത്തില്‍ 20 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നത്. ബാക്കി 80 ശതമാനവും ഒരോസ്ഥലങ്ങളിലും ചീഞ്ഞളിഞ്ഞ് കുമിഞ്ഞുകൂടിക്കിടക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ ഇത് ഗുരുതരമായ പ്രശ്‌നമാണ്. പലതരം ഹരിതഗൃഹ വാതകങ്ങള്‍ മാലിന്യത്തില്‍നിന്നും ഉണ്ടാകുന്നുണ്ട്. കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പകര്‍ച്ച വ്യാതിക്കും മറ്റും കാരണമാകുന്നുണ്ട്. ഇതിനൊക്കെയുള്ള പരിഹാരം വേസ്റ്റ് ടു എനര്‍ജി എന്ന പദ്ധതിയാണോ എന്ന കാര്യമാണ് ശരിക്കും വിലയിരുത്തപ്പെടേണ്ടത്.
വേസ്റ്റ് ടു എനര്‍ജി പദ്ധതി ഏത് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സ്ഥാപിച്ചാലും അതിന്റെ അടിസ്ഥാനപരമായ പ്രക്രിയ മാലിന്യം കത്തിക്കലാണ്. പദ്ധതിക്ക് സര്‍ക്കാര്‍ കൈ കൊടുത്തിരിക്കുന്ന സ്വകാര്യ കമ്പനി പറയുന്നത് മാലിന്യം തരം തിരിച്ചാണ് കത്തിക്കുക എന്നാണ്. മാലിന്യം കത്തിക്കുക എന്നത് തന്നെ നിയമവിരുദ്ധമാണ്. പ്രത്യേകിച്ചും വേര്‍തിരിക്കാത്ത മാലിന്യം കത്തിക്കുക എന്നത് നിയമവിരുദ്ധവുമാണ്, കൂടാതെ വലിയ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും വിളിച്ചുവരുത്തുന്നതുമാണ്. ഇതൊരു താപ പ്രക്രിയയാണ്. അതായത്, ഓക്‌സിജന്‍ കുറഞ്ഞ വലിയ ഒരു ചേംബറില്‍വച്ച് മാലിന്യം കത്തിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മാലിന്യം
കത്തിക്കുമ്പോള്‍ രണ്ട് തരത്തിലുള്ള ചാരം ഉണ്ടാകും. ചേംബറിന്റെ താഴേക്ക് വരുന്ന ചാരവും പുകക്കുഴലിലൂടെ വരുന്ന ചാരവും. ഇത് രണ്ടും പൂര്‍ണമായും വിഷമയമാണ്. ഇതില്‍ ലെഡ്, സിങ്ക്, ക്രോമിയം, നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടാവും. ഇവയെല്ലാം ഒരുപാട് തരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, തലച്ചോറിന് വരുന്ന അസുഖങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങള്‍, ജനിതക രോഗങ്ങള്‍, മാനസീകവും ശാരരീകവുമായ വൈകല്യങ്ങള്‍, കാന്‍സര്‍, ഇന്‍ഫെര്‍ട്ടിലിറ്റി ഇത്തരത്തിലുള്ള പല അസുഖങ്ങള്‍ക്കും ഇവ കാരണമാകുന്നുണ്ട്.
വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ 40 ശതമാനം ചെലവും വരുന്നത് പ്ലാന്റിലൂടെയുണ്ടാകുന്ന വായു മലിനീകരണം നിയന്ത്രിക്കാന്‍ വേണ്ടിയാണ്. എത്രതന്നെ കാര്യക്ഷമമായ സംവിധാനമായാലും ശരി, വായു മലിനീകരണം ഒരു പരിധിവരെ മാത്രമേ നിയന്ത്രിക്കാന്‍ പറ്റൂ. പുകക്കുഴലിലൂടെ പുറത്തുവരുന്ന സൂക്ഷമരേണുക്കള്‍ വായുവിലൂടെ ഒരുപാട് ദൂരം സഞ്ചരിക്കുകയും ഇതിലടങ്ങിയിട്ടുള്ള വിഷമയമുള്ള ഡയോക്‌സിനുകള്‍ ഭക്ഷണസാധനങ്ങളിലും മറ്റും എത്തുകയും ചെയ്യും. ഇത് മനുഷ്യശരീരത്തിലെത്തിയാല്‍ ശരീരത്തിലെ കൊഴുപ്പില്‍ അടിഞ്ഞുകൂടുകയും ശ്വാസകോശത്തിലേക്ക് കടക്കുകയുംശ്വാസകോശത്തിന്റെ നേരിയ പാളികളിലൂടെ രക്തക്കുഴലിലേക്ക് പ്രവേശിക്കും. ഇത് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ ഓരോ കോശങ്ങളിലേക്കും എത്തുകയും ചെയ്യും. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന പേരില്‍ ഉപയോഗിച്ചിട്ടുള്ള രാസായുധമാണ് ഡയോക്‌സിന്‍ എന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കും. സ്ത്രീകളിലൂടെ മുലപ്പാലിലൂടെ കുട്ടികളിലേക്കും ഈ ഡയോക്‌സിനുകള്‍ എത്തുന്നത് ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ക്കടക്കം കാരണമാവും. ഇത്തരത്തില്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒരുപാട് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്ന സംവിധാനമാണ് വേസ്റ്റ് ടു എനര്‍ജി.
ലോകരാജ്യങ്ങളിലും ഇന്ത്യയിലും പരാജയപ്പെട്ട പദ്ധതി എന്തിന് ആവര്‍ത്തിക്കുന്നു?
വേസ്റ്റ് ടു എനര്‍ജിയുടെ വിജയിച്ച ഒരു മാതൃക പോലും ഇന്ത്യയിലില്ല. എട്ട് പ്ലാന്റുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഒന്നുപോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ രാജ്യത്തെവിടെയും വിജയിക്കാത്ത ഒരു പദ്ധതിയിലേക്ക് എന്തിനാണ് നമ്മള്‍ പോവുന്നത്?. ഈ ചോദ്യത്തിന് ബ്രഹ്മപുരത്ത് പദ്ധതി നടപ്പിലാക്കാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ജിജെ ഇക്കോ പവര്‍ എന്ന സ്വകാര്യ കമ്പനി പറയുന്നത് അത്യാധുനിക വിദ്യകളുപയോഗിച്ച് യൂറോപ്യന്‍ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് എന്നാണ്. മാലിന്യ സംസ്‌കരണ പദ്ധതികൡ യാതൊരു പരിജയവും ഈ കമ്പനിക്ക് ഇല്ല.
പാശ്ചാത്യ രാജ്യങ്ങളിലെ പദ്ധതിയുടെ അവസ്ഥനോക്കിയാല്‍ ഇതിന്റെ സത്യാവസ്ഥ വ്യക്തമാവും. പദ്ധതി ആവിഷ്‌കരിച്ച പാശ്ചാത്യ രാജ്യങ്ങളെല്ലാംതന്നെ മാലിന്യം കത്തിക്കുന്ന രീതിയില്‍നിന്നും പിന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ആ രാജ്യങ്ങളെല്ലാം തന്നെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്.
ആഗോളതലത്തില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ക്കെതിരെ വലിയ ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ട്. ഹരിതസുന്ദര രാജ്യമെന്ന് വിശേഷിപ്പിക്കുന്ന ഡെന്‍മാര്‍ക്ക് നേര്‍വെയിലേക്ക് പുകക്കുഴലിലൂടെയുള്ള ചാരം രഹസ്യമായി കടത്തുന്നുണ്ട്. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു. അതുപോലെ ബ്രിട്ടണ്‍ സെവന്‍സ് നദീതടത്തിലാണ് ഈ വിഷമയമായ ചാരം കൊണ്ടിട്ടിരുന്നത്. ഇവിടെ ജനങ്ങള്‍ പ്രതിഷേധവുമായെത്തി. അമേരിക്കയില്‍ എഴുപതുകള്‍ മുതല്‍ക്കെതന്നെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ ധാരാളമായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍, അമേരിക്ക ഇപ്പോള്‍ പ്ലാന്റുകളുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ്. യൂറോപ്യന്‍ മാതൃകകളെല്ലാം വിജയിച്ചവയാണെന്ന് നമ്മള്‍ അഭിപ്രായപ്പെടുമ്പോഴാണ് ഇത് എന്നത് ഓര്‍ക്കണം. പാശ്ചാത്യന്‍ രാജ്യങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് മാലിന്യം കയറ്റി അയക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഏറ്റവുമധികം മാലിന്യം നിക്ഷേപിച്ചിരുന്ന ലോകത്തിന്റെ കുപ്പത്തൊട്ടിയായിരുന്നു ചൈന. ചൈനയും ഇപ്പോള്‍ മാലിന്യം ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണ്.
കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലേക്ക് തിരിച്ചുപോവുന്നത് എന്തിന്?
കേരളത്തില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു വികേന്ദ്രീകൃത മാലിന്യസംസ്‌കരണ രീതി എന്നത്. 2018 സെപ്തംബറില്‍ സംസ്ഥാനത്തിന്റെ ഖരമാലിന്യ നയം പുറത്തിറക്കിയിരുന്നു. സീറോ വേസ്റ്റ് അവസ്ഥയിലേക്ക് സംസ്ഥാനം എത്തണം എന്ന ലക്ഷമാണ് ഈ നയം മുന്നോട്ടുവക്കുന്നത്. സീറോ വേസ്റ്റ് അവസ്ഥ എന്നത് തീര്‍ത്തും മാലിന്യ വിമുക്തമായ അവസ്ഥയല്ല. മറിച്ച്, മാലിന്യം കുറച്ചുകൊണ്ടുവരാനുള്ള ഒരു രീതി ശാസ്ത്രമാണ്. റീ യൂസ് ചെയ്യാവുന്നത്, റീ സൈക്കിള്‍ ചെയ്യാവുന്നത്, റിക്കവര്‍ ചെയ്യാവുന്നത് എന്നീകാര്യങ്ങളില്‍ അധിഷ്ടിതമായുള്ള തത്വശാസ്ത്രമാണ് അത്. ഉറവിടത്തില്‍ത്തന്നെ മാലിന്യം തരംതിരിക്കുക, ജൈവ മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുക എന്നത് സുസ്ഥിര മാലിന്യ സംസ്‌കരണത്തിന്റെ അടിസ്ഥാന തത്വമാണ്. ഇതിനെ ആധാരമാക്കിയുള്ളതാണ് കേരളത്തിന്റെ ഖരമാലിന്യ സംസ്‌കരണ നയം.
ഖരമാലിന്യം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2016ലെ കേന്ദ്രനിയമത്തിലും പറയുന്നത് ഇത് തന്നെയാണ്. ഓരോ വ്യക്തിയും സൃഷ്ടിക്കുന്ന ജൈവമാലിന്യം സംസ്‌കരിക്കാനുള്ള ചുമതല അവരവര്‍ക്ക് തന്നെയാണ്. ജൈവമാലിന്യം വ്യക്തിക്ക് സംസ്‌കരിക്കാന്‍ പറ്റും. എന്നാല്‍ ഇ-വേസ്റ്റിന്റെയും പ്ലാസ്റ്റിക്കിന്റെയും മറ്റും അവസ്ഥ ഇതല്ല. ഇത്തരം മാലിന്യങ്ങള്‍ മാത്രം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയും അതത് സെന്ററുകളില്‍ എത്തിച്ച് തരംതിരിക്കുകയും ചെയ്യണം.
ഇടതുമുന്നണിയുടെ നയവും സംസ്ഥാനത്തിന്റെ നയവും വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ്. കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പരാജയത്തില്‍നിന്നാണ് വികേന്ദ്രീകൃത മാലിന്യസംസ്‌കരണ നയത്തിലേക്ക് എത്തിയത്. കേരളം ഭൂവിസ്തൃതി കുറഞ്ഞ ചെറിയ ഒരു സംസ്ഥാനമാണെങ്കിലും കേരളത്തിലെ ജനസംഖ്യ ദേശീയ ജനസംഖ്യാതോതിനേക്കാള്‍ രണ്ടിരട്ടിയെങ്കിലും വരും. ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് കേന്ദ്രീകൃമായ മാലിന്യസംസ്‌കരണത്തിന് സ്ഥലം കിട്ടുന്നതുതന്നെ ബുദ്ധിമുട്ടാണ്. ഒരു സ്ഥലത്തും ജനങ്ങള്‍ അത് സമ്മതിക്കുകയുമില്ല.
ആലപ്പുഴയിലും തിരുവന്തപുരത്തും പരീക്ഷിച്ച് വിജയിച്ച മാലിന്യസംസ്‌കരണ രീതി ഇടത് സര്‍ക്കാര്‍ തള്ളിയോ?
ആലപ്പുഴയില്‍ മാരാരിക്കുളത്തെ സര്‍വ്വോദയപുരം ഗ്രാമത്തിലായിരുന്നു ആലപ്പുഴ മുന്‍സിപാലിറ്റിയുടെ മാലിന്യപ്ലാന്റുണ്ടായിരുന്നത്. ആ പ്ലാന്റ് പരാജയമായി മാറുകയും മാലിന്യം കുമിഞ്ഞ് കൂടുകയും ചെയ്തു. തുടര്‍ന്ന് ഗ്രാമവാസികള്‍ സര്‍വ്വോദയപുരത്തേക്ക് മാലിന്യം കൊണ്ടുവരുന്നത് തടഞ്ഞു. കാര്യങ്ങള്‍ വലിയ പ്രതിഷേധത്തിലേക്കും സമരത്തിലേക്കും നീങ്ങി. ആലപ്പുഴ എം.എല്‍.എ തോമസ് ഐസകിന്റെ പരിധിയിലാണ് ഈ രണ്ട് സ്ഥലവും-ആലപ്പുഴയും സര്‍വോദയപുരവും. തുടര്‍ന്ന് തോമസ് ഐസക് വികേന്ദ്രീകൃതമായ മാലിന്യസംസ്‌കരണ രീതി എന്ന ആശയം നടപ്പിലാക്കാന്‍ ശ്രമിച്ചു. അദ്ദേഹം വാര്‍ഡുകള്‍തോറും ഓരോ വീടുകളും കയറിയിറങ്ങി രാഷ്ട്രീയഭേദമന്യേ യുവാക്കളെ സംഘടിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ ആലപ്പുഴ വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന് ഒരു മാതൃകയായി ഉയര്‍ന്നുവന്നു. മാലിന്യം നിക്ഷേപിച്ചിരുന്ന പലസ്ഥലങ്ങളും അവര്‍ പൂന്തോട്ടങ്ങളാക്കി. പല തരത്തിലുള്ള പരീക്ഷണങ്ങളും നടത്തി. ജൈവമാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഓരോവീട്ടിലും സ്ഥാപിക്കുക, അജൈവമാലിന്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വാര്‍ഡിനെയും ശുചിത്വ വാര്‍ഡുകളാക്കി പ്രഖ്യാപിക്കാനുള്ള ഒരു പദ്ധതിയായിരുന്നു ഇത്. അത് വളരെ വിജയകരമാവുകയും ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
ഇതേസമയത്ത് തന്നെയാണ് തിരുവനന്തപുരം വലിയ രീതിയിലുള്ള മാലിന്യ പ്രശ്‌നത്തിലകപ്പെട്ടത്. 2000ല്‍ സ്ഥാപിച്ച വിളപ്പില്‍ ശാല മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെയായിരുന്നു ഇത്. വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കുകയല്ലാതെ യാതൊരു തരത്തിലുള്ള സംസ്‌കരണവും ഉണ്ടായിട്ടില്ല. തുടര്‍ന്ന് മാലിന്യം കുമിഞ്ഞുകൂടി വിളപ്പില്‍ശാല നിവാസികളുടെ ജീവിതം ദുരിതപൂര്‍ണമായിത്തീര്‍ന്നു. പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2011ല്‍പഞ്ചായത്ത് പ്ലാന്റ് അടച്ചുപൂട്ടി. പ്ലാന്റ് സ്ഥാപിച്ച് പത്തുവര്‍ത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ തിരുവനന്തപുരത്തിന് കേന്ദ്രീകൃതമായ ഒരു മാലിന്യപ്ലാന്റ് ഇല്ലാതെയായി. തിരുവനന്തപുരം ഒരു വിളപ്പില്‍ശാലയായി മാറി. പലവിധ അസുഖങ്ങളും പകര്‍ച്ചവ്യാധികളും തിരുവനന്തപുരം നഗരത്തില്‍ പെരുകി. നഗരസഭ കുഴിച്ചുമൂടാവുന്ന പലസ്ഥലത്തും നിയമം ലംഘിച്ച് മാലിന്യം കുഴിച്ചുമൂടി.
അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് യു.ഡി.എഫും തിരുവനന്തപുരം നഗരസഭ എല്‍.ഡി.എഫിന്റെ കയ്യിലുമായിരുന്നു. തിരുവനന്തപുരം നഗരസഭയെ അതിരൂക്ഷമായ പ്രശ്‌നത്തില്‍നിന്നും എങ്ങനെയെങ്കിലും രക്ഷിക്കേണ്ടത് സി.പി.ഐ.മ്മിന്റെകൂടി ആവശ്യമായി വന്നു. അങ്ങനെ ആലപ്പുഴ മാതൃക തീരുവനന്തപുരത്ത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തും ഇത് വളരെ നന്നായി മുന്നോട്ടുപോയി. രാഷ്ട്രീയ നേതൃത്വങ്ങളും സന്നദ്ധസംഘടനകളും ചെറുപ്പക്കാരും എല്ലാവരും മാലിന്യസംസ്‌കരണത്തിന് തയ്യാറായി മുന്നിട്ടിറങ്ങി. ലളിതമായ മാര്‍ഗങ്ങളിലൂട മൊലിന്യം സംസ്‌കരിക്കുകയായിരുന്നു തിരുവനന്തപുരവും സ്വീകരിച്ച രീതി.
ഒരു ഭാഗത്ത് സര്‍ക്കാര്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണമാണ് നമ്മുടെ നയമെന്ന് പറയുകയും മറുഭാഗത്ത് പരാജയപ്പെട്ട കേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്.