| Saturday, 15th June 2019, 10:34 am

മാലിന്യ സംസ്‌ക്കരണം മാഫിയകള്‍ക്ക് വിട്ടുകൊടുക്കരുത്

എം. സുചിത്ര

കേരളത്തിലെ പെരുകിവരുന്ന മാലിന്യപ്രശ്നം ഒരു കാരണവശാലും സ്ഥിരമായി പരിഹരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്ന ആരൊക്കെയോ ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനുമേല്‍ പിടി മുറുക്കിയതുപോലെ തോന്നുന്നു. അതുകൊണ്ടാവണം, അദ്ദേഹം സംസ്ഥാനത്തിന്റെ നയങ്ങളും നിയമങ്ങളും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുമൊക്കെ വിസ്മരിച്ചുകൊണ്ട് മാലിന്യത്തില്‍ നിന്ന് വൈദ്യുതി എന്ന പാഴ് മന്ത്രം ചൊല്ലിക്കൊണ്ടിരിക്കുന്നത്.

രാജ്യത്ത്, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എട്ടു Waste to Energy പ്ലാന്റുകളില്‍ കാര്യക്ഷമമെന്നു പറയാന്‍ ഒന്നുപോലുമില്ലെന്നിരിക്കെ ഒറ്റയടിക്ക് ഏഴു പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചുമെഗാവാട്ടാണ് പ്ലാന്റിന്റെ ശേഷി. കൊച്ചിയിലെ ബ്രഹ്മപുരത്ത് നിര്‍മ്മിക്കുന്ന പ്ലാന്റിന് പുറമെയാണിത്. പ്ലാന്റുകള്‍ക്ക് സ്ഥലം കണ്ടെത്തിക്കഴിഞ്ഞുവന്നും എന്തു തന്നെ സംഭവിച്ചാലും സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്നുമുള്ള ഉറച്ച നിലപാടിലാണ് അദ്ദേഹം.

കേരളത്തില്‍ മാലിന്യം അനുദിനം വളരുകയാണെന്നും ലോകോത്തര മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെവിശദീകരണം. പക്ഷേ, ഇങ്ങനെയല്ലല്ലോ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞിരുന്നത്? ജനപങ്കാളിത്തത്തോടെ വികേന്ദ്രീകൃതമായ മാലിന്യസംസ്‌കരണം നടപ്പാക്കുമെന്നത് ഇടതുമുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

ആലപ്പുഴയില്‍, 2011 മുതല്‍ മൂന്നു വര്‍ഷത്തോളം തോമസ് ഐസക്കിന്റെ (ഇപ്പോള്‍ ധനമന്ത്രി, അന്ന് പ്രതിപക്ഷ എം.എല്‍.എ) നേതൃത്വത്തില്‍ വിജയകരമായി നടത്തിയ വികേന്ദ്രീകൃത മാലിന്യസംസ്‌ക്കരണ പരീക്ഷണങ്ങളോട് പാര്‍ട്ടിഭേദമെന്യേ പൊതുജനങ്ങള്‍ സഹകരിക്കുകയും ആ സംരംഭം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ ലഭിക്കുകയും ചെയ്തതോടെ പാര്‍ട്ടി അത് നയമായി അംഗീകരിച്ചിരുന്നു.

അധികാരത്തില്‍ വന്നതിനു ശേഷം രൂപീകരിച്ച ഹരിതകേരളം മിഷന്റെ ദൗത്യം തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണവും, ജൈവകൃഷിയും വികേന്ദ്രീകൃതമായ മാലിന്യസംസ്‌കരണവും സംയോജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. 2006 മുതല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് സാങ്കേതികസഹായം നല്‍കി വരുന്ന ശുചിത്വ മിഷനെ ഹരിതകേരളത്തിനു കീഴില്‍ കൊണ്ടുവന്നതും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്..

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം പോട്ടെ എന്ന് വയ്ക്കാം. തിരഞ്ഞെടുപ്പിനു മുമ്പു നല്‍കുന്ന വാഗ്ദങ്ങള്‍ മിക്കതും ലംഘിക്കപ്പെടുന്നതാണല്ലോ പതിവ്. പക്ഷേ, സര്‍ക്കാര്‍ തന്നെ രൂപീകരിച്ച മുനിസിപ്പല്‍ ഖരമാലിന്യ നയം അങ്ങനെയങ്ങ് അവഗണിക്കാവുന്നതല്ലല്ലോ. നയം പ്രഖ്യാപിച്ചിട്ട് അധികമൊന്നുമായിട്ടില്ല. പ്രളയത്തിനു ശേഷം, കഴിഞ്ഞ സപ്തംബറിലാണ് അതു ഗസറ്റില്‍ അസാധാരണവിജ്ഞാപനമായി വന്നത്. ഖരമാലിന്യവുമായി ബന്ധപ്പെട്ട 2016 ലെ കേന്ദ്രനിയമത്തിനുകീഴില്‍ ഓരോ സംസ്ഥാനവും ഓരോ തദ്ദേശഭരണസ്ഥാപനവും മാലിന്യസംസ്‌ക്കരണത്തിനു വേണ്ട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ടായിരുന്നു. സുപ്രീംകോടതി പലതവണ ശാസിക്കുകയും പിഴ ചുമത്തുകയും ചെയ്തതിനു ശേഷമാണ് നയം പ്രസിദ്ധീകരിച്ചത്. സുസ്ഥിരവും വികേന്ദ്രീകൃതവുമായ മാലിന്യസംസ്‌ക്കരണമാണ് സംസ്ഥാന നയത്തിന്റെ കാതല്‍.

സുസ്ഥിരമായ മാലിന്യ സംസ്‌ക്കരണത്തിന്റെ അടിസ്ഥാനതത്വം മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക (Reduce), പുന:രുപയോഗം ചെയ്യുക ( Reuse ), പുനഃചംക്രമണം ചെയ്യുക (Recycle), തിരിച്ചെടുക്കാവുന്നത് തിരിച്ചെടുക്കുക (Recover ) എന്നീ നാല് ‘R’ കളാണെന്ന് നയത്തില്‍ പ്രാധാന്യത്തോടെ പറയുന്നുണ്ട്. ഇതു സാധ്യമാക്കാന്‍ ഖരമാലിന്യം ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കണം.

ജൈവമാലിന്യം ലളിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉറവിടങ്ങളില്‍ത്തന്നെ വളമാക്കുകയോ ബയോഗ്യാസാക്കി മാറ്റുകയോ വേണം . ഓരോ വീട്ടിലും ഫ്ളാറ്റിലും സ്വയം അല്ലെങ്കില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ മാലിന്യം സംസ്‌ക്കരിക്കണം. അജൈവമാലിന്യങ്ങളായ പ്ലാസ്റ്റിക്കും കടലാസും ചില്ലും ഇ-വേസ്റ്റുമൊക്കെ ശേഖരിക്കാനുള്ള ഏര്‍പ്പാട് തദ്ദേശഭരണസ്ഥാപങ്ങള്‍ ചെയ്യണം. ആക്രിക്കച്ചച്ചവടക്കാരെ വേസ്‌റ് മാനേജ്മെന്റിന്റെ പ്രധാനകണ്ണികളാക്കണം. സംസ്‌ക്കരിക്കാവുന്ന ഉല്പന്നങ്ങള്‍ മാത്രമേ ഉല്പാദിപ്പിക്കാവൂ എന്ന് നിര്‍മ്മാതാക്കളെ നിയമംമൂലം ബാധ്യസ്ഥരാക്കണം. സംസ്‌കരിക്കാന്‍ കഴിയാത്ത ഉല്പന്നങ്ങള്‍ ഉപഭോഗത്തിനുശേഷം തിരിച്ചെടുക്കാനുള്ള ബാധ്യതയും അവര്‍ക്കുണ്ടാകണമെന്നും അങ്ങനെ പടിപടിയായി മാലിന്യമുക്ത സ്ഥിതി വിശേഷം സംജാതമാക്കുകയാണ് വേണ്ടതെന്നും നയത്തില്‍ പറയുന്നു.

നയത്തിലെ പഴുത്

സത്യത്തില്‍, സംസ്ഥാനത്തിന്റെ നയം രൂപീകരിക്കുന്നതിന് മുമ്പു തന്നെ മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന കേന്ദ്രീകൃത പ്ലാന്റുകള്‍ സ്ഥാപിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനു വേണ്ടി കണ്ടെത്തിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. (തിരുവനന്തപുരം നഗരത്തില്‍ നിന്ന് നാല്പതോളം കിലോമീറ്റര്‍ അകലെയുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗവും പൊന്മുടിയുടെ താഴ്വരയുമായ പെരിങ്ങമ്മലയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചത് ഈ സാഹചര്യത്തിലായിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ട്).

കേരളത്തിലെ പഞ്ചായത്ത്തീരാജ് നിയമവും മുനിസിപ്പാലിറ്റി നിയമവുമനുസരിച്ച് മാലിന്യസംസ്‌കരണത്തിന്റെയും ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും ചുമതല അതാതു പ്രദേശത്തെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കാണ്. ഈ തടസം മറികടക്കാന്‍ ചെറിയ ഒരു പഴുത് സംസ്ഥാനഖരമാലിന്യ നയത്തില്‍ ഇട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു തദ്ദേശഭരണസ്ഥാപനം മാലിന്യസംസ്‌ക്കരണത്തില്‍ പരാജയപ്പെടുന്ന പക്ഷം ആ ദൗത്യം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുകയും ആധുനിക രീതിയിലുള്ള പ്ലാന്റുകള്‍ പണിയുകയും ചെയ്യും. ഈ പഴുത്തിലൂടെയാണെന്നു തോന്നുന്നു വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റുകള്‍ കൂട്ടമായി കയറിവരുന്നത്.

 

വളരുന്ന മാലിന്യം

മുഖ്യമന്ത്രി പറയുന്ന ഒരുകാര്യം ശരിയാണ് മാലിന്യം വളരുകയാണ്, ഭീഷണമായ രീതിയില്‍. കേരളത്തില്‍മാത്രമല്ല , രാജ്യത്തെങ്ങും ലോകത്തെങ്ങും ഇതു തന്നെയാണ് സ്ഥിതി. കേരളത്തിന്റെ കാര്യത്തില്‍ പ്രശ്‌നം ഗുരുതരമാണ്. ചെറിയ സംസ്ഥാനമാണ് . ജനസാന്ദ്രതയാണെങ്കില്‍ വളരെക്കൂടുതലും. ദേശീയശരാശരിയെക്കാള്‍ ഇരട്ടി. മാത്രമല്ല, ഉപഭോഗത്തില്‍ അഭിരമിക്കുന്ന സംസ്ഥാനമാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് പ്രതിദിനം പതിനായിരത്തോളം ടണ്‍ ഖരമാലിന്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്നത്. ഇതിന്റെ അറുപതുശതമാനത്തോളം ഉണ്ടാക്കുന്നത് നഗരങ്ങളാണ്. അതിന്റെ മുക്കാല്‍ ഭാഗവും വേണ്ട രീതിയില്‍ സംസ്‌ക്കരിക്കപ്പെടാതെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും തുറസിടങ്ങളിലും കുമിഞ്ഞുകൂടി ചീഞ്ഞളിയുകയാണ്.

ഗുരുതരമായ ഈ പ്രശ്‌നത്തിന് ഒറ്റമൂലിയെന്ന നിലയിലാണ് ഇടതുസര്‍ക്കാര്‍ വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റുകള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതേ നി ലപാടുതന്നെയായിരുന്നു ചാണ്ടിസര്‍ക്കാരിന്റെയും. ‘ ഒറ്റവര്‍ഷം കൊണ്ട് ഞങ്ങള്‍ സംസ്ഥാനത്തെ മാലിന്യപ്രശ്‌നം പരിഹരിക്കും” എന്നാണു അപ്പോഴത്തെ നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി 2012 ല്‍ ഈ ലേഖികയ്ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മോഡലുകള്‍ കണ്ടെത്താന്‍ തല്പരസംഘം വിദേശയാത്രകള്‍ നടത്തി. ഗ്യാസിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യയാണ് നല്ലതെന്നു തീരുമാനിച്ചു. തിരുവനന്തപുരത്ത് പൈലറ് പ്രോജക്ടിന് ടെണ്ടര്‍ വിളിച്ചു. പക്ഷേ, ടെണ്ടര്‍ നേടിയ ലോറോ ഗ്രീന്‍ എനര്‍ജി എന്ന കമ്പനി ഒരു വ്യാജ കമ്പനിയാണെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതോടെ കമ്പനി മുങ്ങി. സത്യത്തില്‍ ഉമ്മന്‍ ചാണ്ടി നടപ്പിലാക്കാന്‍ ആഗ്രഹിച്ച പദ്ധതിയാണ് പിണറായി വിജയന്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരോ യു.ഡി.എഫ് സര്‍ക്കാരോ മാത്രമല്ല, മറ്റു സംസ്ഥാങ്ങളിലെ സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുമൊക്കെ ഇപ്പോള്‍ മാലിന്യം കത്തിച്ചുണ്ടാക്കുന്ന വൈദ്യുതിയെയാണ് സുസ്ഥിരപരിഹാരമാര്‍ഗമായി ഉയര്‍ത്തിക്കാട്ടുന്നത്. കേരളത്തിലേത് ഉള്‍പ്പെടെ അമ്പതോളം പദ്ധതികളാണ് നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ നില്‍ക്കുന്നത്. നരേന്ദ്ര മോദിയുടെ സ്വഛ് ഭാരത് പദ്ധതിക്കു കീഴില്‍ ഇത്തരം പ്ലാന്റുകള്‍ക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട്.

മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതികള്‍ കോടികളുടെ മുതല്‍മുടക്ക് വേണ്ടതായതിനാല്‍ അവ പബ്ലിക് -പ്രൈവറ്റ് പാര്‍ട്ട് നര്‍ഷിപ്പ് ആയിട്ടാണ് നടത്തുക. സ്ഥലം സര്‍ക്കാര്‍ നല്‍കും. പ്ലാന്റ് ഡിസൈന്‍ ചെയ്യുന്നതും നിര്‍മ്മിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും സ്വകാര്യകമ്പനി. ഈ വ്യവസായത്തിന് വേണ്ട അസംസ്‌കൃത വസ്തു, അതായത് മാലിന്യം, തദ്ദേശഭരണസ്ഥാപനങ്ങള്‍ നല്‍കണം. വൈദ്യുതിയും മറ്റു ഉപോല്പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നുള്ള വരുമാനം കമ്പനിക്ക്. ഉണ്ടാക്കുന്ന വൈദ്യുതി വില കൂടിയതായിരിക്കും. അത് കെ.എസ്.ഇ.ബി വാങ്ങണം. വയബിലിറ്റി ഗാപ് ഫണ്ടിങ് സര്‍ക്കാര്‍ നല്‍കണം. ഭൂമി പണയം വയ്ക്കാനുള്ള അനുമതിയും കമ്പനിക്കു കൊടുക്കും. കരാര്‍ അനുസരിച്ച് ഇരുപതോ മുപ്പതോ വര്‍ഷം കഴിഞ്ഞാല്‍ സ്വകാര്യ കമ്പനി പ്ലാന്റ് സര്‍ക്കാരിന് കൈമാറും. ഇന്ത്യ ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങള്‍ മാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയെ റിന്യൂവബിള്‍ എനര്‍ജിയായി കണക്കാക്കി ഉല്പാദകര്‍ക്ക് പലവിധ സബ്സിഡികള്‍ ലഭ്യമാക്കുന്നുണ്ട്.

ശുദ്ധവുമല്ല പാരമ്പര്യേതരവുമല്ല

മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്റുകളില്‍ പൊതുവെ പ്രയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇന്‍സിനറേഷന്‍ , പൈറോലിസിസ്, ഗ്യാസിഫിക്കേഷന്‍ തുടങ്ങിയവയാണ്. നൂതനം എന്ന് സ്വകാര്യകമ്പനികളും സര്‍ക്കാരും പറയുന്ന ഈ ടെക്നോളജികള്‍ പുതിയതൊന്നുമല്ല. അടിസ്ഥാനപരമായി നടക്കുന്നത് വളരെ കുറഞ്ഞ തോതില്‍ ഓക്‌സിജന്‍ ഉള്ള ഒരു ചേമ്പറില്‍ മാലിന്യം ഉയര്‍ന്ന ഊഷ്മാവില്‍ കത്തിക്കുകയാണ്.

സര്‍ക്കാരും സ്വകാര്യകമ്പനികളും അവകാശപ്പെടുന്നതുപോലെ ഇത് ശുദ്ധമായ ഊര്‍ജ്ജമോ പാരമ്പര്യേതര ഊര്‍ജ സ്രോതസ്സോ അല്ല. മറിച്ച് വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴി ബയ്ക്കുന്നതാണ്. ഗുണനിലവാരം ഏറ്റവും കുറവുള്ള കല്‍ക്കരി കത്തിക്കുമ്പോള്‍ ഉണ്ടാവുന്നതിനെക്കാള്‍ കൂടുതല്‍ മലിനീകരണം വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. താപ പ്രക്രിയക്കിടയില്‍ രണ്ടുതരം ചാരം ഉണ്ടാകും. ഒന്ന് , ചേംബറിന്റെ അടിത്തട്ടില്‍ ശേഖരിക്കപ്പെടുന്നത് ( Bottom Ash), രണ്ടാമത്തേത് , പുകക്കുഴലിലൂടെ പുറത്തേയ്ക്കു പോകുന്ന വാതകങ്ങളില്‍ അടങ്ങിയിട്ടുള്ള പൊടികള്‍ ( fly ash ). ഇത് രണ്ടും അങ്ങേയറ്റം വിഷമയമാണ്. ലെഡ്, കാഡ്മിയം, മെര്‍ക്കുറി, ആഴ്‌സനിക്, ക്രോമിയം തുടങ്ങി മാലിന്യത്തിലുള്ള പല ഘനലോഹങ്ങളും മാലിന്യം കത്തിക്കുമ്പോള്‍ വിഷമായി പുറത്തേയ്ക്കു വമിക്കുന്നുണ്ട്. സിരകളെയും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കുന്ന അസുഖങ്ങള്‍, അര്‍ബുദം, ഗര്‍ഭമലസല്‍, ത്വക് രോഗങ്ങള്‍, ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ , ഇങ്ങനെ പലതരം ആരോഗ്യപ്രശ്‌നങ്ങ്‌നള്‍ക്ക് ഇതു വഴിവയ്ക്കും. ചെറിയ കുട്ടികളില്‍ വലിയ പ്രശ്‌നങളാണ് ഇവയുന്ദാക്കുക. വായുവിലേയ്ക്കു പുറന്തള്ളപ്പെടുന്ന അലൂമിനിയം ശ്വസിക്കുന്നത് അള്‍ഷിമേഴ്‌സിനു ഇടയാക്കും.

ഒരു വേസ്റ്റ്- റ്റു-എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ട ചെലവിന്റെ പകുതിയും വായു മലിനീകരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ്. അതേസമയം, ഈ സംവിധാനങ്ങള്‍ എത്രതന്നെ കാര്യക്ഷമമയാലും വളരെ സൂക്ഷ്മമായ പൊടികള്‍ (Nano particles) പിടിച്ചെടുക്കാന്‍ അവയ്ക്കു കഴിയുകയില്ല. അവ വായുവിലൂടെ വളരെ ദൂരം സഞ്ചരിക്കുകയും അന്തരീക്ഷത്തില്‍ ഏറെനേരം തങ്ങിനില്‍ക്കുകയും ചെയ്യും. മനുഷ്യരുടെ ശ്വാസകോശത്തിലേയ്ക്കു കടക്കുന്ന ഈ സൂക്ഷ്മരേണുക്കള്‍ ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന നേര്‍മയായ സ്തരത്തിലൂടെ രക്ത്ക്കുഴലുകളിലേയ്ക്കും രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ സകലകോശങ്ങളിലേയ്ക്കു ചെന്നെത്തും. സൂക്ഷ്മമായ പൊടികള്‍ വഴി മനുഷ്യശരീരത്തിനുള്ളിലേയ്ക്കു കടക്കുന്ന ഡയോക്‌സിനുകള്‍ കൊഴുപ്പില്‍ അടിഞ്ഞുകൂടുകയും ഹോര്‍മോണുകളെ ബാധിക്കുകയും ചെയ്യും. മാനസികവികാസത്തെയും ലൈംഗിക വികാസത്തെയും ബാധിക്കും. മുലപ്പാലിലേയ്ക്കുപൊലും അതു പടരും. അതുവഴി കുഞ്ഞുങ്ങളിലേയ്ക്കും.

മാലിന്യം വര്‍ധിക്കുന്നത് ഉപഭോഗം വര്‍ദ്ധികുന്നതുകൊണ്ടാണ്. കൂടുതല്‍ ഉപഭോഗത്തിനു കൂടുതല്‍ ഉല്പന്നങല്‍ വേണം, അതനുസരിച്ച് കൂടുതല്‍ അസംസ്‌കൃത വസ്തുക്കളും വേണം, ഉല്പാദനത്തിനു വേണ്ട അസംസ്‌കൃതവസ്തുക്കാള്‍ പ്രകൃതിയില്‍ നിന്നെടുക്കാനും ഒരിടത്തു നിന്നു ദൂരെ ഒരിടത്തേയ്ക്കു കൊണ്ടുപോകാനും കൂടുതല്‍ ഉല്പന്നങ്ങള്‍ ഉണ്ടാക്കാനും ഇവ മറ്റിടങ്ങളിലേയ്ക്കു കൊണ്ടുപോകാനും ഉപഭോഗത്തിനുശേഷം മാലിന്യം കേന്ദ്രീക്രുത പ്ലാന്റിലേയ്ക്കു കൊണ്ടുപൊകാനും ഒടുവില്‍ അത് കത്തിക്കാനും വന്‍തോതില്‍ ഊര്‍ജം വ്യയം ചെയ്യേണ്ടതുണ്ട്. വേസ്റ്റ് റ്റു എനര്‍ജി യഥാര്‍ത്ഥത്തില്‍ വേസ്റ്റ് ഓഫ് എനര്‍ജിയാണെന്ന് ന്യുയോര്‍ക്കിലെ സെന്റ് ലോറന്‍സ് യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന പ്രശസ്ത രസതന്ത്ര -പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പോള്‍ കൊനെറ്റ് പറയുന്നു . നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മാലിന്യസംസ്‌കരണം പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന അദ്ദേഹം The Zero Waste Solution: Untrashing the Planet One Community at a Time എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.

സത്യത്തില്‍ ഇത്തരം പ്ലാന്റുകള്‍ മാലിന്യപ്രശ്‌നത്തിനു സുസ്ഥിരമായ ഒരു പരിഹാരമേയല്ല. ദിവസവും നിശ്ചിതയളവില്‍ മാലിന്യം സപ്ലൈ ചെയ്യേണ്ടി വരുമെന്നതിനാല്‍ മാലിന്യത്തിന്റെ അളവ് ഒരിക്കലും കുറച്ച് കൊണ്ടുവരാന്‍ കഴിയുകയില്ല. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി കാടുകളും കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നതിനെപ്പറ്റിയും മലിനമാകുന്നതിനെപ്പറ്റിയും അദ്ദേഹം എടുത്തു പറയുന്നുണ്ട്.

വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റുകള്‍ ഉണ്ടാക്കുന്ന മലിനീകരണം ഫലപ്രദമായി തടയാന്‍ വികസിത രാജ്യങ്ങള്‍ക്കുതന്നെ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്ലാന്റുകളുടെ എണ്ണംകുറച്ചു കൊണ്ടുവരാനാണ് അമേരിക്കയും യൂറോപ്യന്‍രാജ്യങ്ങളും ശ്രമിക്കുന്നത്. പലയിടങ്ങളിലും ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ നടക്കുന്നുമുണ്ട്.

ലളിതമായ വഴികള്‍ ലഭ്യമാണ്

എറണാകുളത്തെ ബ്രഹ്മപുരത്ത് സ്ഥാപിക്കാന്‍ പോകുന്ന പ്ലാന്റിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ പത്താം തീയതി ഒരു പബ്ലിക് ഹിയറിങ് നടന്നിരുന്നു. വേസ്റ്റ് റ്റു എനര്‍ജിക്ക് ഇന്ത്യയില്‍ വിജയകരമായ ഒരു മോഡല്‍ പോലുമില്ലല്ലോ എന്ന ചോദ്യത്തിന് ”അതൊരു പ്രശ്‌നമല്ല, ഞങ്ങള്‍ വളരെ അഡ്വാന്‍സ്ഡ് ആയ യൂറോപ്യന്‍ ടെക്നോളജിയാണ് ഉപയോഗിക്കാന്‍ പോകുന്നത് ‘ എന്നായിരുന്നു ജീ.ജേ ഇക്കോ പവര്‍ എന്ന സ്വകാര്യ കമ്പനിയുടെ മറുപടി. (ബ്രഹ്മപുരം പദ്ധതിക്കുവേണ്ടി മാത്രം രൂപീകരിച്ച ഒരു കമ്പനിയാണിത്. ഈ കമ്പനിയുടെ പാരന്റ് കമ്പനിയായ ജീ.ജേ നേച്ചര്‍ കെയര്‍ ആന്റ് എനര്‍ജിക്ക് മാലിന്യസംസ്‌ക്കരണത്തില്‍ ഒരു മുന്‍പരിചയവുമില്ല.)

ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥയും മാലിന്യത്തിന്റെ സ്വഭാവവും ഘടനയും വ്യത്യസ്തമായിരിക്കുമെന്നതുകൊണ്ടുതന്നെ, ഒരു പ്രദേശത്ത് വിജയകരമാകുന്ന ഏതെങ്കിലുമൊരു സാങ്കേതികവിദ്യ മറ്റൊരിടത്ത് വിജയിക്കണമെന്നില്ല. ആറുമാസത്തോളം മഴക്കാലമുള്ള കേരളത്തിലെ മാലിന്യത്തില്‍ ഈര്‍പ്പത്തിന്റെ അംശം വളരെ കൂടുതലായതിനാല്‍ (60 80 ശതമാനം) ഈ മാലിന്യം വൈദ്യുതിയുണ്ടാക്കാന്‍ അനുയോജ്യമല്ല എന്നാണ് ശാസ്ത്രജ്ഞനും ശുചിത്വമിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ആര്‍ അജയകുമാര്‍ വര്‍മ്മ മുമ്പ് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. മാലിന്യത്തിലെ ജലാംശം ബയോ ഡ്രൈ എന്നപ്രക്രിയയിലൂടെ നീക്കംചെയ്തതിനുശേഷമാണ് കത്തിക്കുക എന്നായിരുന്നു ജീ.ജേ ഇക്കോ പവറിന്റെ വിശദീകരണം.

മാലിന്യസംസ്‌കരണം ഇത്രയധികം സങ്കീര്‍ണമാകേണ്ട വല്ലകാര്യവുമുണ്ടോ ? കേരളത്തില്‍ മാലിന്യത്തിന്റെ പകുതിയും ( 49 %) വീടുകളില്‍ നിന്നെത്തുന്നവയാണ്. ഇതു പൊതുസ്ഥലത്ത് എത്താതിരുന്നാല്‍ത്തന്നെ മാലിന്യപ്രശ്‌നം പകുതി തീരും. അതുപോലെ , മൊത്തം മാലിന്യത്തിന്റെ മുക്കാല്‍ ഭാഗവും (77 %) ജൈവമാലിന്യമാണ്. ഇത് ഉറവിടങ്ങളില്‍ത്തന്നെ സംസ്‌കരിക്കപ്പെട്ടാല്‍ മാലിന്യപ്രശ്‌നം വലിയൊരു പരിധിവരെ പരിഹരിക്കപ്പെടും. ഇതുപറയാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടെങ്കിലുമായി.

വികേന്ദ്രീകൃതമായ മാലിന്യസംസ്‌കരണം തന്നെയാണ് വേണ്ടത്, പക്ഷേ അത് പ്രാവര്‍ത്തികമല്ല എന്നു പറയുന്നവരുണ്ട്. അല്പം സമയമെടുത്താലും അതു മാത്രമാണ് സുസ്ഥിരമായ വഴി. വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണം എന്നത് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ച ആശയമൊന്നുമല്ല.

കേന്ദ്രീകൃത പ്ലാന്റുകളും അവയുടെ പരാജയവും ആഭ്യന്തരയുദ്ധത്തിനു സമാനമായസ്ഥിതിവിശേഷം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സൃഷ്ടിച്ചിരുന്നു. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലും ആലപ്പുഴയിലെ സര്‍വോദയപുരത്തും എറണാകുളത്തെ ബ്രഹ്മപുരത്തും തൃശൂരിലെ ലാലൂരും കോഴിക്കോട്ടെ ഞെളിയന്‍പറമ്പിലും തലശ്ശേരിയിലെ പെട്ടിപ്പാലത്തും കൊല്ലത്തെ കുരീപ്പുഴയിലുമൊക്കെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തീയും പുകയും ജലപീരങ്കിയും കല്ലേറും പരക്കംപാച്ചിലും പരിക്കും ചോരയും തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന മനുഷ്യരും…

അതിനൊക്കെ ശേഷമാണ് തിരുവനന്തപുരം നഗരസഭയെപ്പോലുള്ള ചില തദ്ദേശഭരണസ്ഥാപനങ്ങളെങ്കിലും പുതുവഴിയിലേക്കുതിരിഞ്ഞത്. പത്തുലക്ഷം ജനങ്ങളും നൂറു വാര്‍ഡുകളുമുള്ള ഈ നഗരത്തിനു ഇപ്പോള്‍ കേന്ദ്രീകൃത മാലിന്യപ്ലാന്റ് ഇല്ല. വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്തിരുന്ന പ്ലാന്റ് ഏഴരവര്ഷം മുമ്പ് പഞ്ചായത്ത് പൂട്ടി താഴിട്ടു.

പയറ്റാവുന്ന സകല അടവുകളും പയറ്റി പരമാവധി പരിക്കേറ്റതിനു ശേഷമാണ് നഗരസഭ വികേന്ദ്രീകൃത രീതികളിലേക്ക് തിരിഞ്ഞത്. നാല്പതോളം വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വവാര്‍ഡുകളായി പ്രഖ്യാപിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നഗരസഭയും ജനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും വിവിധ സംഘടനകളും ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും പ്രൊഫഷനുകളുമൊക്കെ കൂട്ടായി നിന്നതിന്റെ ഫലമാണ് ഈ വിജയം. മാലിന്യം സംസ്‌ക്കരിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, അവ സൃഷ്ടിക്കുന്ന ജനങ്ങള്‍ക്കുമുണ്ട് എന്ന അവബോധം കുറെയൊക്കെയുണ്ടായിട്ടുണ്ട്. ഏറെദൂരം ഇനിയും മുന്നോട്ടു പോകാനുണ്ടെങ്കിലും.

ആലപ്പുഴയുടെയും തിരുവനന്തപുരത്തിന്റെയും ചുവടുപിടിച്ച പല തദ്ദേശഭരണസ്ഥാപനങ്ങളും വികേന്ദ്രീകൃത മാലിന്യസംസ്‌കരണം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. നിരവധി പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ശുചിത്വമിഷന് വിശദമായ പ്രൊജകട് പ്രൊപോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാലിന്യസംസ്‌കരണം റോക്കറ്റ് വിക്ഷേപണ ശാസ്ത്രമൊന്നുമല്ല, അത് കൂട്ടായി ചെയ്യേണ്ടതാണെന്ന ബോധം പലര്‍ക്കുമുണ്ടായിട്ടുണ്ട്. ആ ബോധത്തെ പരമാവധി വളര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

അത്തരത്തിലുള്ള ശ്രമങ്ങളൊന്നും അധികാരത്തില്‍ വന്നതിനുശേഷം ഇടതുമുന്നണി ചെയ്തിട്ടില്ല. മാലിന്യസംസ്‌ക്കരണത്തില്‍ വളരെ ക്രിയാത്മകമായി ഇടപ്പെട്ടിട്ടുള്ള തോമസ് ഐസക്കിനെപ്പോലുള്ളവര്‍ മൗനത്തിലാണ്.

ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലമാണ്. സംസ്ഥാനത്തിന് സുസ്ഥിരമായ മാലിന്യ സംസ്‌കരണത്തിന് പൊതുജന പങ്കാളിത്തത്തോടെയുള്ള ദീര്‍ഘകാല ആക്ഷന്‍ പ്ലാന്‍ ഉണ്ടായേ പറ്റൂ. പരസ്പരവിരുദ്ധമായ നയങ്ങള്‍ ഒരേ സമയം സ്വീകരിക്കുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയേ ഉള്ളൂ. കോണ്‍ട്രാക്ടര്‍മാരും സ്വകാര്യ കമ്പനികളും നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളില്‍ അഴിമതിക്കാരായവരുമടങ്ങുന്ന ഒരു മാഫിയക്ക് സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌ക്കരണ ചുമതല വിട്ടുകൊടുക്കരുത്.

എം. സുചിത്ര

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more