| Saturday, 17th August 2019, 8:50 pm

വര്‍ഗീയത വീഴണം, വികസനം ഈ രീതിയില്‍ വാഴേണ്ട

എം. സുചിത്ര

മലയോര കര്‍ഷകരെയും പരിസ്ഥിതിപ്രവര്‍ത്തകരെയും ഭിന്നിപ്പിക്കരുത്

ഒരു കൊല്ലക്കാലം, കഴിഞ്ഞ പ്രാവശ്യത്തെ പ്രളയത്തിനു മുമ്പും അതിനുശേഷവും, പലതവണ ഇടുക്കി ജില്ലയില്‍, പ്രത്യേകിച്ചും ഉടുമ്പന്‍ചോല താലൂക്കില്‍, യാത്രചെയ്യുകയുണ്ടായി. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും കര്‍ഷകരുടെ പ്രശ്‌നങ്ങളും ഭാവിയെപ്പറ്റിയുള്ള അവരുടെ ആശങ്കകളും ഗാഡ് ഗില്‍-കസ്തൂരിരംഗന്‍ പ്രക്ഷോഭങ്ങളും പശ്ചിമഘട്ടസംരക്ഷണത്തെപറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകളും അവരോടുതന്നെ നേരിട്ടുചോദിച്ചറിയുന്നതിനു വേണ്ടിയായിരുന്നു യാത്രകള്‍.

അവര്‍ പലരായി പറഞ്ഞ കുറച്ചു കാര്യങ്ങള്‍ :

”കാലാവസ്ഥാ വ്യതിയാനം വളരെ പ്രകടമാണ്. ചൂട് വല്ലാതെ കൂടിയിട്ടുണ്ട്. മഴക്കാലത്ത് പല ദിവസങ്ങളിലായി പെയ്തിരുന്ന മഴ ഇപ്പോള്‍ കുറച്ചു ദിവസം കൊണ്ട് പെയ്യുന്നു. നാല്പതാം നമ്പര്‍ മഴയെന്നു പേരിട്ടുവിളിച്ചിരുന്ന, കൊല്ലംമുഴുവന്‍ പെയ്തിരുന്ന ആ നൂല്‍മഴ ഇപ്പോഴില്ല. ഭൂഗര്‍ഭജലം വല്ലാതെ താണുപോയിട്ടുണ്ട്. ആയിരം അടി കുഴിച്ചാല്‍പോലും ചിലയിടങ്ങളില്‍ വെള്ളം കിട്ടുന്നില്ല. രണ്ടും മൂന്നും കുഴക്കിണറുകള്‍ കുഴിക്കുകയെന്നാല്‍ വലിയ ചെലവുള്ള കാര്യമാണ്. വട്ടിപ്പലിശക്കാരുടെ കയ്യില്‍ നിന്നു വായ്പവാങ്ങിയും സ്വര്‍ണം പണയം വച്ചുമൊക്കെയാണ് കുഴല്‍കിണര്‍ കുഴിക്കുന്നത്.

പിന്നെ വിളവിന്റെ കാര്യം. കുരുമുളകായാലും ഏലമായാലും കൊക്കോയാ, ജാതിയോ, ഗ്രാമ്പൂവോ എന്തായിരുന്നാലും ശരി, വിളവ് കുറയുന്നുണ്ട്. കീടാക്രമണം കൂടുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് കാറ്റത്തും മഴയത്തും നിരവധി കര്‍ഷകരുടെ ഏലകൃഷി നശിച്ചു. തുടര്‍ന്നു വന്ന വരള്‍ച്ചയില്‍ അനവധി പേരുടെ കൃഷി കരിഞ്ഞു. ഏലത്തിന്റെ വില കൂടിഎന്നത് ശരി തന്നെ.

പക്ഷേ, വില കിലോയ്ക്ക് നാലായിരത്തോളം രൂപ വന്നപ്പോള്‍ കര്‍ഷകരുടെ കയ്യില്‍ കായ് ഇല്ലായിരുന്നു. കുരുമുളകിന് 750 രൂപ ഉണ്ടായിരുന്നു വില. ഇപ്പോഴോ? പകുതിയായില്ലേ? ഇങ്ങനെ പോയാല്‍ എന്താവും സ്ഥിതി ? പണിക്കാര്‍ക്ക് കൂലി കൊടുക്കണമെങ്കില്‍ കുടുംബത്തിലാരെങ്കിലും വിദേശത്തു പോയി ജോലി ചെയ്യേണ്ട സ്ഥിതിയാണ്. അല്ലെങ്കില്‍, കൃഷിഭൂമി വില്‍ക്കണം. അതാ സ്ഥിതി. ഞങ്ങളൊക്കെ ഒരുവിധം പിടിച്ചുനില്‍ക്കുന്നുവെന്നേയുള്ളൂ. ഭാവിയെപ്പറ്റി ഞങ്ങള്‍ക്കു നല്ല ആശങ്കയുണ്ട്.”

കാലാവസ്ഥാവ്യതിയാനത്തിനു കാരണമായി ആഗോളതാപനം മുതല്‍ പ്രാദേശിക പാരിസ്ഥിതിക നാശം വരെ പലപല കാരണങ്ങള്‍ അവര്‍ പറയുന്നുണ്ട്. ഞങ്ങളുടെ സഹകരണത്തോടെ ഞങ്ങളുടെ പങ്കാളിത്തത്തോടെ ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഏതു തരത്തിലുള്ള പ്രകൃതി സംരക്ഷണത്തിനും ഞങ്ങള്‍ എതിരല്ല. അത് ഞങ്ങളുടെ നില നില്‍പിന്റെ ആവശ്യമാണ്.

ഇത്രയേറെ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിന്റെ ദൂഷ്യഫലങ്ങള്‍ ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ജൈവ കൃഷിയിലേക്കു മാറാന്‍ തയ്യാറാണ്. പക്ഷേ, അപ്പോഴുണ്ടാകുന്ന നഷാത്മ് നികത്താനും ജൈവ വിളവിനു മാര്‍ക്കറ്റ് ഒരുക്കിത്തരാനും ന്യായമായ വില ഉറപ്പു വരുത്താനും സംവിധാനം വേണം.”

ഇതൊക്കെയല്ലേ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നു ചോദിച്ചാല്‍ അവര്‍ക്ക് അതറിയില്ല. റിപ്പോര്‍ട്ട് നടപ്പിലായാല്‍ അവര്‍ കുടിയിറക്കപ്പെടും എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്. പലരും ചേര്‍ന്ന്. ആ ഭയം മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. താഴെ സകലമാന സുഖസൗകര്യങ്ങളും ആസ്വദിച്ച് ജീവിക്കുന്ന പരിസ്ഥിതി തീവ്രവാദികള്‍ പശ്ചിമഘട്ടത്തിന്റെ നാശത്തിനു കുറ്റപ്പെടുത്തുന്നത് മലയോരകര്ഷകരെയാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. തങ്ങള്‍ കയ്യേറ്റകാരല്ല എന്ന് അവര്‍ ആവര്‍ത്തിക്കുന്നു. കര്‍ഷകരെ ആരും കുറ്റം പറയുമില്ല എന്നത് അവര്‍ അറിയുന്നില്ല.

സത്യത്തില്‍, മലനാട്ടിലെയും ഇടനാട്ടിലെയും തീരപ്രദേശത്തിലെയും ചെറുകിട കര്‍ഷകരും ആദിവാസികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സാധാരണക്കാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ ഒരു ചേരിയിലുള്ളവരാണ്. അല്ലെങ്കില്‍ അങ്ങനെയാവേണ്ടവരാണ്. അവര്‍ ഭിന്നിച്ച് നില്‍ക്കേണ്ടവരല്ല.

യാഥാര്‍ത്ഥത്തില്‍ എതിര്‍പക്ഷത്ത് നില്‍ക്കുന്നത് വന്‍കിടക്കാരാണ്. അവരില്‍ കോര്‍പറേറ്റുകളുണ്ട് , വലിയ റിസോര്‍ട്ടുകാരുണ്ട്, ക്വാറിയുടമകളുണ്ട്, വന്‍കിട പ്ലാന്റേഷനുകളുണ്ട്, രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയിലെ അഴിമതിക്കാരുണ്ട്, ചില മതസ്ഥാപനങ്ങളുണ്ട്, .
അദാനിയുടെ വിഴിഞ്ഞപോലുള്ള പദ്ധതികളെ സ്വപ്ന പദ്ധതികളായി ഉയര്‍ത്തിക്കാണിക്കുന്നവരുണ്ട്.

പശ്ചിമഘട്ടമായാലും ഇടനാടായാലും തീരപ്രദേശമായാലും പ്രകൃതി സംരക്ഷണത്തിന് വിഘാതം സൃഷ്ടിക്കുന്നവര്‍ ഇവരാണ്. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതും ഇവരാണ്. കഴിഞ്ഞ പ്രളയത്തിനും ഇപ്പോഴുണ്ടായ പ്രളയത്തിനുമിടയില്‍ പശ്ചിമഘട്ടത്തില്‍ പൊട്ടിച്ച പാറകളില്‍ എത്രയാണ് അദാനി ക്കു പോയത് , എത്രയാണ് സാധാരണക്കാര്‍ ഉപയോഗിച്ചത്? അതൊക്കെ അറിയാന്‍ നമുക്ക് അവകാശമുണ്ട്.

ചര്‍ച്ചകള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമോ വേണ്ടയോ, മലയോര കര്‍ഷകര്‍ VS പരിസ്ഥിതിക്കാര്‍ എന്നൊക്കെയുള്ള രീതിയില്‍ നിന്നുമാറി മൂന്നു മേഖലകളെയും കൃത്യമായി വിലയിരുത്തുന്ന രീതിയിലേക്ക് മാറാവുന്നതാണ്. വേണമെങ്കില്‍ ഇതിനുവേണ്ടി കുറച്ചുകാലത്തേയ്ക്ക് ക്ലൈമറ്റ് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതാണ്.

പ്രകൃതി സംരക്ഷണത്തിന്റെയും ജനങ്ങളുടെ നിലനില്‍പ്പിന്റെയും ആരോഗ്യകരമായ ജീവിതത്തിന്റേയുമൊക്കെ പേരില്‍ എത്രയെത്ര ജനകീയ സമരങ്ങള്‍ എത്രയിടങ്ങളില്‍ നടക്കുന്നുണ്ട് സംസ്ഥാനത്ത്? വിഴിഞ്ഞമടക്കമുള്ള സകല വലിയ പദ്ധതികളും തീരദേശപാതയടക്കമുള്ള നിര്‍ദ്ദിഷ്ട പദ്ധതികളും വിലയിരുത്തേണ്ടതുണ്ട്. മലമുകളിലേക്കും കായലുകളിലേക്കുമുള്ള വിനോദസഞ്ചാരം ഏതു വിധത്തിലുള്ളതായിരിക്കണം? തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേയ്ക്ക് ഇത്ര വേഗത്തിലെത്തിയിട്ട് നമുക്ക് എന്താണ് ചെയ്യാനുള്ളത്?

വര്‍ഗീയത വീഴും വികസനം വാഴും എന്ന താരത്തിലൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മാറ്റിപ്പിടിക്കേണ്ടി വരും. വര്‍ഗീയത വീണോട്ടെ. നമുക്കൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷേ, വികസനം ഇപ്പോഴത്തെപ്പോലെ വാഴേണ്ട. ഇനി അങ്ങനെ വാഴണമെന്നു വിചാരിച്ചാലും അതു വാഴില്ല. അതാണ് ആഗോളസ്ഥിതി.

ഇതൊക്കെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ മുകളില്‍ നിന്ന് മലയിടിയും. താഴെ നിന്ന് കടല്‍ കയറും. സഹ്യനില്‍ തലവെച്ചും കടലിലേക്കു കാല്‍ നീട്ടിയും അങ്ങനെ ആലസ്യത്തോടെ സുഖിച്ചുകിടക്കുന്നതായി കവി ഭാവനയില്‍ കണ്ട ഈ കുഞ്ഞുകഷണം ഭൂമി ഒറ്റയടിക്ക് മുങ്ങിയങ്ങു പോയേക്കും.

ഒരു ചാനല്‍ചര്‍ച്ചയ്ക്കു പോലും ഇടമില്ലാതെ.

എം. സുചിത്ര

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more