ക്വട്ടേഷന്‍ സംഘങ്ങളുടെ നാലാംകിട വേട്ടയ്ക്ക് മാധ്യമങ്ങള്‍ ഒത്താശ പാടി; ശിവശങ്കറിനോട് ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം: ഹരീഷ് വാസുദേവന്‍
Kerala
ക്വട്ടേഷന്‍ സംഘങ്ങളുടെ നാലാംകിട വേട്ടയ്ക്ക് മാധ്യമങ്ങള്‍ ഒത്താശ പാടി; ശിവശങ്കറിനോട് ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം: ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th January 2022, 10:48 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസമായിരുന്നു ശിപാര്‍ശ ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയായിരുന്നു തിരിച്ചെടുക്കലിനുള്ള ശിപാര്‍ശ. ശിവശങ്കറിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടും മാധ്യമങ്ങള്‍ അദ്ദേഹത്തെ വേട്ടയാടിയതിനെ കുറിച്ചും പ്രതികരിക്കുകയാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

ശിവശങ്കറിനെ മാധ്യമങ്ങള്‍ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്‌പ്രൊപോര്‍ഷനേറ്റായാണെന്നും മറ്റൊരാളും ജീവിതത്തില്‍ ഈയളവില്‍ മാധ്യമവേട്ട സഹിച്ചു കാണില്ലെന്നും ഹരീഷ് പറഞ്ഞു. തെരഞ്ഞെടുപ്പായിരുന്നു എല്ലാവരുടെയും കാരണം, അത് കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസില്‍ ഇപ്പോള്‍ താല്പര്യമില്ലെന്ന് അറിയിച്ചെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഏത് മാര്‍ക്കറ്റിംഗിന്റെ പ്രഷറിന്റെ പേരിലായാലും ശിവശങ്കര്‍ ഐ.എ.എസിന്റെ ജീവിതത്തോട് മാധ്യമങ്ങള്‍ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇന്നല്ലെങ്കില്‍ നാളെ അതിനു വില കൊടുത്തില്ലെങ്കില്‍, പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളില്‍ മാത്രം വായിക്കാനുള്ള വാക്കുകളാകുമെന്നും അന്ന് അദ്ദേഹത്തെ കല്ലെറിഞ്ഞവരുടെ കൂട്ടത്തില്‍ താനുണ്ടായിരുന്നില്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ എഴുതി.

‘ശിവശങ്കര്‍ IAS’ എന്നു തിരഞ്ഞാല്‍ ഇപ്പോള്‍ കാണാനും കേള്‍ക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ സര്‍വീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുന്‍പില്‍ വരുന്ന മനുഷ്യര്‍ക്കും വരാന്‍ കഴിയാത്ത മനുഷ്യര്‍ക്കും കഴിയാവുന്ന സഹായം ചെയ്യാന്‍ ശ്രമിച്ച ഒരാളുടെ കഥയല്ലെന്നും മറിച്ച് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്.

കെട്ടുകഥകളേ തോല്‍പ്പിക്കുന്ന അതിശയകഥകള്‍ മെനഞ്ഞു ‘ഉണ്ടത്രേ’ കള്‍ ചേര്‍ത്തു ബ്രെയ്ക്കിങ് ന്യൂസുകള്‍ ചമച്ച മാധ്യമങ്ങളുടെ ആകെ സംഭാവനയാണ് അത്.

തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ ക്വട്ടേഷന്‍ സംഘങ്ങളായി അധഃപതിച്ചതില്‍ അത്ഭുതമില്ല. അവരുടെ വാക്ക് വേദവാക്യമായി വിഴുങ്ങി ബ്രെയ്ക്കിങ് ന്യൂസുകള്‍ ചമച്ചവരെപ്പറ്റി ആണ് ഓര്‍ക്കുന്നത്, ഹരീഷ് പറഞ്ഞു.

സ്വപ്ന സുരേഷിനെ ചട്ടവിരുദ്ധമായി നിയമിച്ചു എന്ന ആക്ഷേപത്തിലാണ് അന്വേഷണവിധേയമായ ആദ്യ സസ്പെന്‍ഷന്‍. കുറ്റപത്രത്തിനു ശിവശങ്കര്‍ അക്കമിട്ടു മറുപടി നല്‍കി. രണ്ടുവശവും പരിശോധിച്ചു അതിലെ സത്യാവസ്ഥ പുറത്തു വന്നോ? ഇല്ല, അന്വേഷണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കിടന്നു എന്ന കാരണത്തിലാണ് രണ്ടാമത്തെ സസ്പെന്‍ഷന്‍. അതിനും ശിവശങ്കര്‍ മറുപടി നല്‍കി. അത് പരിഗണിച്ചു അന്തിമതീരുമാനം വന്നിട്ടില്ല.

ഒരു വര്‍ഷത്തിലധികം ഐ.എ.എസുകാരെ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം, എഴുതിനോക്കി, കിട്ടിയില്ല. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നു, അതുകൊണ്ട് തിരിച്ചെടുക്കാതെ നിവര്‍ത്തിയില്ല.

‘ശിവശങ്കര്‍ പുണ്യവാളന്‍ ആണോ, നിങ്ങളും എതിര്‍ത്തിട്ടില്ലേ’ എന്നു ചോദിച്ചിരുന്നു ചിലര്‍. പുണ്യവാളനേയല്ല, എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാള്‍. ചില സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരെ പോലെ ഫയലില്‍ അടയിരിക്കാത്തത് കൊണ്ട്, തെറ്റുകള്‍ പറ്റിയിട്ടുണ്ട്. സ്പ്രിംഗ്ളര്‍ കേസില്‍ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇ.ഡിയുടെയും കസ്റ്റംസിന്റെയും കേസുകള്‍ കേസിന്റെ വഴിക്ക് നടക്കട്ടെ, അതിന്മേല്‍ ഇപ്പോഴൊന്നും പറയുന്നില്ല.

സ്പ്രിംഗ്ളര്‍ വിഷയത്തില്‍ അടക്കം ചിലതില്‍ അതിശക്തമായി ഞാന്‍ ഈ ഉദ്യോഗസ്ഥനെ എതിര്‍ത്തിട്ടുണ്ട്, അത് നിലപാടുകളുടെ പേരില്‍. ഇനിയും എതിര്‍ക്കും. പക്ഷെ, ചെയ്യാത്ത തെറ്റിനുള്ള വ്യക്തിഹത്യയിലൂടെ അല്ല, ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കിലെഴുതി.

ക്വട്ടേഷന്‍ സംഘങ്ങളുടെ നാലാംകിട വേട്ടയ്ക്ക് മാധ്യമങ്ങള്‍ ഒത്താശ പാടിയെന്നും നുണകള്‍ നിറച്ച വാര്‍ത്തകളാല്‍ ഇയാളെ വേട്ടയാടിയ മാധ്യമങ്ങള്‍ ഒരുനാള്‍ മാപ്പ് പറയേണ്ടി വരുമെന്നും ഹരീഷ് പറഞ്ഞു.

ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശിപാര്‍ശ ചെയ്തത്.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയാണ് ശിപാര്‍ശ ചെയ്യാന്‍ സമിതി തീരുമാനിച്ചത്. സമിതിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ മാസം 30ന് മുമ്പ് വിശദാംശങ്ങള്‍ അറിയിക്കാനായിരുന്നു കത്ത്. പക്ഷെ കസ്റ്റംസ് വിവരങ്ങള്‍ ഇതുവരെ അറിയിച്ചില്ല. ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമായിരുന്നു സമിതിയുടെ ശിപാര്‍ശ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം