| Wednesday, 28th October 2020, 10:52 am

ശിവശങ്കര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച ത്രിവേണിയിലെ ആശുപത്രിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോന്‍ പറഞ്ഞു. ഇതോടെ അറസ്റ്റു തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് അസാധുവായി. ശിവശങ്കറിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

കസ്റ്റംസിനും എന്‍ഫോഴ്‌സമെന്റിനും ഇനി തുടര്‍നടപടികളുമായി മുന്നോട്ടുപോകാം. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിരുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

മുന്‍കൂര്‍ ജാമ്യ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്നത് മാനസിക പീഡനമാണെന്നും കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.

നിലവില്‍ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ തന്നെ ചോദ്യം ചെയ്തെന്നും 38 മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും സ്വര്‍ണക്കടത്തില്‍ പോലും തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ഏജന്‍സിക്ക് ലഭിച്ചില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു.

യു.എ.പി.എ അടക്കമുള്ള കുറ്റമാണ് അവര്‍ ആരോപിച്ചത്. എന്നാല്‍ യു.എ.പി.എ ചുമത്താവുന്ന ഒരു തെളിവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് മുകളില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു കേസില്‍ കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശിവശങ്കര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇന്ന് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനൂപ് അമ്പലപ്പാട് ശിവശങ്കറിന്റെ ഈ ആരോപണമെല്ലാം നിഷേധിക്കുകയായിരുന്നു.

ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം പോലും നിലവില്‍ ആലോചിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചത്. എന്‍.ഐ.എയുടെ ഈ വാദം അംഗീകരിച്ചുകൊണ്ട് കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M Shivashankar On Enforcement Custody

We use cookies to give you the best possible experience. Learn more