ശിവശങ്കര്‍ ഇന്ന് ജയില്‍മോചിതനായി; ഡോളര്‍ കടത്ത് കേസിലും ജാമ്യം
Kerala
ശിവശങ്കര്‍ ഇന്ന് ജയില്‍മോചിതനായി; ഡോളര്‍ കടത്ത് കേസിലും ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 2:36 pm

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെ ജയില്‍മോചിതനായി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതിയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. ഡോളര്‍ കടത്തു കേസിലും ജാമ്യം ലഭിച്ചതോടെ മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ശിവശങ്കര്‍ പുറത്തിറങ്ങിയത്.

കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. കസ്റ്റഡിയില്‍ വെച്ച് പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത് എന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.

വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലായിരുന്നു. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.

യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍. 15 കോടി രൂപയുടെ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് ആരോപിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:M Shivashankar get bail on dollar case