|

സംവിധായകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് സുബ്രഹ്‌മണ്യപുരത്തില്‍ ആ കാര്യം ഞാന്‍ മറച്ചുവെച്ചു: എം. ശശികുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാലോകം അതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത രീതിയില്‍ മേക്കിങ്ങിലും പെര്‍ഫോമന്‍സിലും വ്യത്യസ്തതയോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു സുബ്രഹ്‌മണ്യപുരം. 2008ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ശശികുമാര്‍, ജയ്, സ്വാതി, സമുദ്രക്കനി, ഗഞ്ച കറുപ്പ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശശികുമാര്‍ തന്നെയാണ് സുബ്രമണ്യപുരത്തിന്റെ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.

തനിക്ക് സിഗരറ്റ് വലിക്കാന്‍ അറിയില്ലെന്ന് പറയുകയാണ് ശശികുമാര്‍. ചെറുപ്പം മുതല്‍ തന്നെ താന്‍ സിഗരറ്റ് വലിക്കാറില്ലെന്നും അത് കത്തിക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുബ്രഹ്‌മണ്യപുരം എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രം എപ്പോഴും സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നതാണെന്നും അത് ശരിയായി കത്തിക്കാന്‍ പോലും തനിക്കറിയില്ലെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെ എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് സംവിധായകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് മറ്റൊരു കഥാപാത്രം സിഗരറ്റ് കത്തിക്കുന്നതായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശശികുമാര്‍.

‘ഞാന്‍ സിഗരറ്റ് വലിക്കാറേ ഇല്ല. ചെറുപ്പം തൊട്ടേ ഞാന്‍ സിഗരറ്റ് വലിച്ചിട്ടില്ല. അത് കത്തിക്കാനും അറിയില്ല. എന്നാല്‍ സുബ്രഹ്‌മണ്യപുരം സിനിമയില്‍ എല്ലാ സീനിലും എന്റെ കഥാപാത്രം സിഗരറ്റ് വലിച്ചുകൊണ്ടാണ്. അത് സ്‌ക്രിപ്റ്റില്‍ ഉള്ളതാണ്. എത്ര നോക്കിയിട്ടും എനിക്ക് സിഗരറ്റ് കത്തിക്കാന്‍ കഴിയുന്നില്ല. എന്ത് ചെയ്യുമെന്ന് ആലോചിപ്പോഴാണ്, നമ്മളല്ലേ സിനിമയുടെ സംവിധായകന്‍ നമുക്ക് മാറ്റാമല്ലോ എന്ന് തീരുമാനിക്കുന്നത്.

അങ്ങനെയാണ് സിനിമയിലെ ഡുംക്ക എന്ന കഥാപാത്രം എപ്പോഴും എനിക്ക് സിഗരറ്റ് കത്തിച്ച് തരുന്നതായിട്ട് കാണിക്കുന്നത്. ഒരു സീനിലും ഞാന്‍ സിഗരറ്റ് കത്തിക്കുന്നതായി കാണിക്കുന്നില്ല. സിനിമയെ പിന്നെയും ഡീകോഡ് ചെയ്യുക എന്നെല്ലാം പറയില്ലേ, നിങ്ങള്‍ വീണ്ടും നോക്കിനോക്കു ഒരു സീനില്‍ പോലും ഞാന്‍ സിഗരറ്റ് കത്തിക്കുന്നില്ല. എന്തെങ്കിലും ഒന്ന് കാണിച്ച് സിഗരറ്റ് വലിക്കുന്ന എല്ലാ സീനിലും ഡുംക്ക തന്നെയാണ് എനിക്ക് കത്തിച്ച് തരുന്നത്,’ ശശികുമാര്‍ പറയുന്നു.

Content Highlight: M Sasikumar Talks About Subramaniapuram

Latest Stories