ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആദ്യ മത്സരത്തില്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുമ്പോള്‍ അതിരുകടന്ന ആവേശത്തിലാണ് ആരാധകര്‍. മത്സരം ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ്.
എന്നാല്‍ ചെന്നൈ ആരാധകരെ സംബന്ധിച്ചിടത്തോളം ദു:ഖകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. 16 വര്‍ഷം ചെന്നൈയെ നയിച്ച എം.എസ്. ധോണി തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റ്ന്‍ റിതുരാജ് ഗെയ്ക്വാദാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മഹേന്ദ്ര സിങ് ധോണി 16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി ചെന്നൈക്ക് വേണ്ടി കിരീടം നേടിയത്.
ചെന്നൈക്ക് വേണ്ടി ധോണി ഇതുവരെ 214 ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്. അതില്‍നിന്ന് 4957 റണ്‍സാണ് താരം സ്വന്തമാക്കിയത്. 38.72 എന്ന മികച്ച ആവറേജുള്ള ധോണി മധ്യനിരയില്‍ 137.8 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്.
മാത്രമല്ല 23 അര്‍ധ സെഞ്ച്വറികളും ചെന്നൈക്ക് വേണ്ടി ധോണി നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ ആകെ 239 സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. 349 ബൗണ്ടറികളും ഇന്ത്യന്‍ ഇതിഹാസ നായകന്റെ അക്കൗണ്ടിലുണ്ട്.
ഐ.പി.എല്ലില്‍ മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി തന്റെ കയ്യൊപ്പ് ചേര്‍ത്തിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 2010ലും 2014ലിലുമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫി നേടുന്നത്. മാത്രമല്ല 2024ലെ ഐ.പി.എല്‍ താരത്തിന്റെ അവസാന സീസണാകുമെന്നത് ഏറെ കുറെ ഉറപ്പിച്ചുകഴിഞ്ഞു. താരം ഇത് ഔദ്യോഗികമായി പറഞ്ഞിട്ടില്ല.
Content Highlight: M.S. left the captaincy of Chennai. Dhoni