| Wednesday, 30th October 2024, 8:14 am

വലിയ തെറ്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ ചെയ്തത്; സ്‌ക്വാഡിനെ വിമര്‍ശിച്ച് മുന്‍ ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിരുന്നു. നവംബര്‍ 22 മുതല്‍ പെര്‍ത്തിലാണ് ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. എന്നാല്‍ പല താരങ്ങളും തെരഞ്ഞെടുത്ത സ്‌ക്വാഡ് മികച്ചതല്ലെന്ന് വിമര്‍ശിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദും ഇതിനെതിരെ സംസാരിച്ചിരിക്കുകയാണ്. യുവ താരങ്ങളെ പരിഗണിച്ചുള്ള സ്‌ക്വാഡില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയില്ലായിരുന്നു. എന്നാല്‍ റെഡ് ബോളില്‍ അരങ്ങേറ്റം നടത്താത്ത നിതീഷ് കുമാര്‍ റെഡ്ഡിയേക്കാള്‍ യോഗ്യനാണ് ഹര്‍ദിക്കെന്ന് പറയുകയാണ് പ്രസാദ്.

ഹര്‍ദിക്കിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് പ്രസാദ് പറഞ്ഞത്

‘ഹാര്‍ദിക് പാണ്ഡ്യയെ പോലെ 8-10 ഓവര്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും നിതീഷിന് കഴിയുമെന്ന് സെലക്ടര്‍മാര്‍ കരുതുന്നു. സത്യത്തില്‍ അവന്‍ ഹാര്‍ദിക് അല്ല, മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനും ഓടാനും അവന് കഴിയില്ല. നിതീഷിന്റെ വേഗത മണിക്കൂറില്‍ 125-130 കിലോമീറ്ററാണ്. റെഡ് ബോള്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അനുഭവത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, കാരണം അവന്‍ വേണ്ടത്ര മത്സരങ്ങള്‍ കളിച്ചിട്ടില്ല.

ചില ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 25 വിക്കറ്റ് വീഴ്ത്തി, എന്നാല്‍ പരിമിതമായ ടെസ്റ്റ് മത്സരങ്ങളില്‍ ഹാര്‍ദിക് ഇന്ത്യക്കായി വഹിച്ച പങ്ക് പരിഗണിക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ഈ തെരഞ്ഞെടുപ്പ് ബോധ്യപ്പെട്ടിട്ടില്ല. അവന്‍ കളിക്കേണ്ട രണ്ട് ഇന്ത്യ എ മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ എം.എസ്.കെ പ്രസാദ് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.

അതേസമയം 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടത് ലോകമെമ്പാടും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ന്യൂസിലാന്‍ഡ് ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ അവസാന ടെസ്റ്റില്‍ അഭിമാന വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാന ടെസ്റ്റ് നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

Content Highlight: M.S.K Prasad Criticize Indian Squad For Border Gavasker Trophy

We use cookies to give you the best possible experience. Learn more