ആരാധകര്‍ ഏറെ കാത്തിരുന്ന ഐ.പി.എല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്ഘാടനം മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ്. മത്സരത്തിന് മുന്നോടിയായി നടന്ന ചെന്നൈയുടെ പരിശീലനത്തില്‍ ധോണി അടിച്ച ഹെലികോപ്റ്റര്‍ ഷോട്ടാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.
കാല്‍മുട്ടിനു പരിക്കേറ്റ ധോണി കഴിഞ്ഞ സീസണില്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടി ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങാന്‍ ആണ് സാധ്യത കൂടുതല്‍. അഞ്ച് കിരീടങ്ങളാണ് ചെന്നൈയ്ക്ക് വേണ്ടി ധോണി നേടിക്കൊടുത്തത്. കഴിഞ്ഞ സീസണില്‍ ഹര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ പരാജയപ്പെടുത്തിയായിരുന്നു ധോണി അഞ്ചാം കിരീടം സ്വന്തമാക്കിയത്.
നെറ്റ്‌സില്‍ മികച്ച പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. ചെന്നൈ ബൗളര്‍മാരെ അനായാസം അടിച്ചു തകര്‍ക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ധോണിയുടെ അവസാന ഐ.പി.എല്‍ സീസണ്‍ ആയിരിക്കാനും സാധ്യതയുണ്ട്. നേരത്തെ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി ധോണി വിരമിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ തിരിച്ചടികളോടെയാണ് ചെന്നൈ കളത്തില്‍ ഇറങ്ങുന്നത്. ന്യൂസിലാന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ ഇല്ലാതെയാണ് ചെന്നൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇറങ്ങുന്നത്. റിതുരാജ് ഗെയ്ക്വാദും രചിന്‍ രവീന്ദ്രയുമാണ് ചെന്നൈയുടെ പുതിയ ഓപ്പണിങ് കൂട്ടുകെട്ട്.
ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന ആദ്യ മത്സരത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയും റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്ന് ഉറപ്പാണ്.
Content Highlight: M.S. Dhoni with helicopter shot in training