ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ആറ് വിക്കറ്റുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. സീസണിലെ ചെന്നൈയുടെ നാലാം തോല്‍വിയായിരുന്നു ഇത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിനിടയില്‍ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തില്‍ ചെന്നൈയുടെ ബാറ്റിങ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉള്ള ഡഗ്ഔട്ടില്‍ നിന്നുമുള്ള ധോണിയുടെ ഒരു പ്രതികരണമാണ് ഏറെ ശ്രദ്ധ നേടിയത്.
മത്സരത്തില്‍ പതിനേഴാം ഓവറിലെ നാലാം പന്തില്‍ ആയിരുന്നു സംഭവം നടന്നത്. മോഹ്‌സിന്‍ ഖാന്‍ എറിഞ്ഞ ഓവറില്‍ ക്യാമറക്ക് നേരെ വെള്ളക്കുപ്പിയെടുത്തുകൊണ്ട് ധോണി എറിയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
Dhoni throwing bottle 🤣#CSKvsLSG pic.twitter.com/orBVvBixkG
— Ankur #RR (@ankurumm) April 23, 2024
മത്സരത്തില്‍ അവസാന ഓവറില്‍ ധോണി ക്രീസില്‍ ഇറങ്ങിയിരുന്നു. ചെന്നൈയുടെ ഇന്നിങ്‌സിലെ അവസാന പന്തില്‍ ബൗണ്ടറി നേടാനും ധോണിക്ക് സാധിച്ചിരുന്നു.
അതേസമയം നായകന്‍ റിതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിലാണ് ചെന്നൈ മികച്ച ടോട്ടല്‍ നേടിയത്. 60 പന്തില്‍ പുറത്താവാതെ 108 റണ്‍സ് ആയിരുന്നു ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും മൂന്ന് സിക്സുകളും ആണ് ചെന്നൈ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. മൂന്ന് ഫോറുകളും ഏഴ് സിക്‌സും ഉള്‍പ്പെടെ 27 പന്തില്‍ 65 നേടിയ ശിവം ദുബെയും ചെന്നൈക്കായി മികച്ച പ്രകടനം നടത്തി.
എന്നാല്‍ മാര്‍ക്കസ് സ്റ്റോണിസിന്റെ സെഞ്ച്വറി കരുത്തില്‍ ലഖ്‌നൗ തിരിച്ചടിക്കുകയായിരുന്നു. 63 പന്തില്‍ പുറത്താവാതെ 124 റണ്‍സ് ആണ് സ്റ്റോണിസ് അടിച്ചെടുത്തത്. 13 ഫോറുകളും ആറ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: M.S Dhoni video viral omn social Media during CSK vs LSG match