അവനുമായുള്ള ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്കറിയില്ല: ധോണി
Cricket
അവനുമായുള്ള ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് എനിക്കറിയില്ല: ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st September 2024, 4:56 pm

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയുമായുള്ള ബന്ധം എങ്ങനെയാണെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. കോഹ്‌ലിയും താനും ഇന്ത്യക്കായി ഒരുപാട് കാലം കളിച്ചുവെന്നും വിരാട് തന്റെ ഏറ്റവും മികച്ച സഹപ്രവര്‍ത്തകനാണെന്നുമാണ് ധോണി പറഞ്ഞത്.

‘ഞങ്ങള്‍ 2008-2009 മുതല്‍ ഒരുമിച്ച് കളിക്കുന്നു, ഞങ്ങള്‍ തമ്മില്‍ പ്രായത്തിന്റെ വ്യത്യാസമുണ്ട്. അവനെ ഒരു സഹോദരന്‍ എന്നാണോ സഹപ്രവര്‍ത്തകന്‍ എന്നാണോ വിളിക്കേണ്ടതെന്നറിയില്ല. പക്ഷ, എന്തു തന്നെ ആയാലും ഞങ്ങള്‍ സഹപ്രവര്‍ത്തകരാണ്. ഞങ്ങള്‍ ഇന്ത്യയ്ക്കായി വളരെക്കാലം കളിച്ചു. അവനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ഒരുപാട് ആസ്വദിച്ചു,’ ധോണി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് വിരാട്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അതേസമയം ധോണിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്.

ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യക്കായി ധോണി ഒരുപിടി നേട്ടങ്ങള്‍ നേടികൊടുത്തിട്ടുണ്ട്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്. 2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ഇന്ത്യ ആദ്യ കുട്ടിക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയിലൂടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു. 2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

 

Content Highlight: M.S Dhoni Talks About Virat Kohli