മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണി തന്റെ പ്രിയപ്പെട്ട ബൗളറും ബാറ്ററും ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ധോണി.
തനിക്ക് ഇഷ്ടപ്പെട്ട ബൗളര്‍ ജസ്പ്രീത് ബുംറയാണെന്നും ഒരു ബാറ്ററെ തെരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നുമാണ് ധോണി പറഞ്ഞത്.
‘ബൗളര്‍മാരെയാണെങ്കില്‍ എനിക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും അത് ബുംറയാണെന്ന്. എന്നാല്‍ ഒരു ബാറ്ററെ തെരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം ഇന്ത്യക്ക് ഒരുപാട് മികച്ച ബാറ്റര്‍മാരുണ്ട്. ഇന്ത്യന്‍ ടീം ഇപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. താരങ്ങള്‍ നന്നായി സ്‌കോര്‍ ചെയ്യുന്നു. അതുകൊണ്ടാണ് ഞാന്‍ ഒരു ബൗളറെ മാത്രം തെരഞ്ഞെടുത്തത്,’ ധോണി പറഞ്ഞു.
നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
അടുത്തിടെ ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തില്‍ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് ആയിരുന്നു.
കലാശ പോരാട്ടത്തില്‍ പ്രോട്ടിയാസിന് 30 പന്തില്‍ 30 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ആയിരുന്നു ബുംറ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്. ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
𝙒𝙄𝙉𝙉𝙀𝙍𝙎!
Congratulations to the @surya_14kumar-led side on clinching the #SLvIND T20I series 3⃣-0⃣ 👏👏
Scorecard ▶️ https://t.co/UYBWDRh1op#TeamIndia pic.twitter.com/h8mzFGpxf3
— BCCI (@BCCI) July 30, 2024
നിലവില്‍ ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിലാണ്. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇനി മൂന്ന് ഏകദിനം കൂടി ഇന്ത്യ ശ്രീലങ്കയില്‍ കളിക്കും.
ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ബുംറക്ക് ബി.സി.സി.ഐ വിശ്രമം അനുവദിച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: M S Dhoni Talks About Jasprit Bumrah