| Wednesday, 1st January 2025, 1:08 pm

ഞാന്‍ പഴയതുപോലെ ഫിറ്റല്ല; 2025 ഐ.പി.എല്ലില്‍ കളിക്കുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എക്കാലത്തെയും മികച്ച താരമാണ് എം.എസ്. ധോണി. താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ഐ.പി.എല്‍ കിരീടവും സി.എസ്.കെ നേടിയിട്ടുണ്ട്. തന്റെ സമ പ്രായക്കാര താരങ്ങള്‍ വിരമിച്ചിട്ടും ക്രിക്കറ്റിനോടുള്ള താരത്തിന്റെ അഭിനിവേശം ഇന്നും ഐ.പി.എല്ലില്‍ സജീവമാകാന്‍ ധോണിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് അണ്‍ ക്യാപ്ഡ് താരമെന്ന നിലയില്‍ നാല് കോടി രൂപയ്ക്കാണ് 43കാരനായ താരത്തെ ടീം നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ താരത്തിന്റെ വിരമിക്കല്‍ ഏറെ ചര്‍ച്ചചെയ്തിരുന്നെങ്കിലും വ്യക്തമായ ഉത്തരം ധോണി നല്‍കിയില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരം തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മത്സരങ്ങള്‍ക്കായി താന്‍ ഫിറ്റല്ലെന്നാണ് ധോണി പറഞ്ഞത്. തങ്ങള്‍ ഫാസ്റ്റ് ബൗളര്‍മാരല്ലെന്നും തീവ്രമായ ഫിറ്റ്‌നസ് ആവശ്യമില്ലെന്നും താരം പറഞ്ഞു.

‘ഞാന്‍ പഴയതുപോലെ ഫിറ്റല്ല, ഐ.പി.എല്ലില്‍ കളിക്കാന്‍ വലിയ ശ്രമങ്ങള്‍ ആവശ്യമാണ്. എന്റെ ഭക്ഷണ ശീലങ്ങളെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വളരെ വ്യക്തമായി പറയേണ്ടതുണ്ട്,

ക്രിക്കറ്റിനായി ഫിറ്റായി തുടരാന്‍ ഞാന്‍ എന്റെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ ഫാസ്റ്റ് ബൗളര്‍മാരല്ല, അതിനാല്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ തീവ്രമല്ല,’ ധോണി യൂറോഗ്രിപ്പ് ടയേഴ്‌സിനോട് പറഞ്ഞു.

2008 മുതല്‍ 2024വരെ ചെന്നൈക്ക് വേണ്ടി 5118 റണ്‍സാണ് ധോണി നേടിയത്. 259 മത്സരങ്ങളില്‍ 24 അര്‍ധ സെഞ്ച്വറി അടക്കമാണ് ധോണിയുടെ റണ്‍ വേട്ട. വരും സീസണിലും ധോണി കളത്തില്‍ ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 2025 ഐ.പി.എല്ലിന്റെ ചൂടേറിയ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്.

Content Highlight: M.S. Dhoni Talking About His Fitness In 2025 IPL

We use cookies to give you the best possible experience. Learn more