ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ്. ധോണി അറിയിച്ചത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരമിപ്പോള്‍ സോഷ്യല്‍ മീഡിയ ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത താരം ലൈവ് വരുന്നുണ്ടെന്നറിയിച്ചപ്പോള്‍ കോടിക്കണക്കിന് ആരാധകരെ ഒരേ സമയം ആവേശത്തിലും ആശങ്കയിലുമാഴ്ത്തുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന ധോണി ഐ.പി.എല്‍ ജീവിതവും അവസാനിപ്പിക്കുകയാണോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. തങ്ങളുടെ ഇഷ്ട താരത്തില്‍ നിന്ന് അങ്ങനൊരു വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആരാധകര്‍ ധോണിയുടെ പോസ്റ്റിന് താഴെ കമന്റിടുകയും ചെയ്തിരുന്നു.
എന്നാല്‍ അല്പം മുമ്പാണ് ധോണി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ലൈവിലെത്തി കാര്യമറിയിച്ചത്. വിരമിക്കലുമായോ കരിയറുമായോ ബന്ധപ്പെട്ടതായിരുന്നില്ല താരത്തിന്റെ സോഷ്യല്‍ മീഡിയ ലൈവ്.
ഓറിയോ ബിസ്‌കറ്റ് ഇന്ത്യയില്‍ വീണ്ടും പുറത്തിറക്കുന്നതിനെ പറ്റി സംസാരിക്കുകയായിരുന്നു ധോണി. ഓറിയോ ബിസ്‌കറ്റിന്റെ ബ്രിങ് ബാക്ക് 2011 എന്ന ക്യാമ്പയിനിന് തുടക്കമിട്ടുവെന്ന വാര്‍ത്ത ആരാധകരെ പത്രസമ്മേളനം നടത്തി അറിയിക്കുകയായിരുന്നു അദ്ദേഹം.
ഓറിയോ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടല്ലോയെന്നും വീണ്ടും പുറത്തിറക്കുന്നത് എന്തിനാണെന്നും പത്രസമ്മേളനത്തിനിടെ ധോണിക്ക് നേരെ ഉയര്‍ന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയാണ്.
2011ലാണ് ഓറിയോ പുറത്തിറക്കിയത്, ആ വര്‍ഷമാണ് ഇന്ത്യ ലോകകപ്പ് നേടിയത്. ഓറിയോ ഇപ്പോള്‍ വീണ്ടും പുറത്തിറക്കുന്നതോടെ ഇന്ത്യക്ക് വീണ്ടും ലോകകപ്പ് നേടാനാകും. ഇതാണ് രണ്ടും തമ്മിലുള്ള കണക്ഷന്‍, ധോണി പറഞ്ഞു.
ഇന്ത്യയുടെ നിലവിലെ ജേഴ്സിയും തന്റെ ഹെയര്‍ സ്‌റ്റൈലും 2011ലെ ലോകകപ്പിലുണ്ടായിരുന്നതിന് സമാനമാണെന്നും അതുകൊണ്ട് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യ ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് അദ്ദേഹം പത്രസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
2014ലാണ് എം.എസ്. ധോണി ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം 2017ല്‍ ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു. 2020 ഓഗസ്റ്റ് 15ന് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജയില്‍നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു വീണ്ടും ചെന്നൈയുടെ നായകനായി.
അടുത്ത മാസം 16നാണ് ഓസ്‌ട്രേലിയയില്‍ ടി-20 ലോകകപ്പ് അരങ്ങേറുന്നത്. ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ടി-20 മത്സരത്തില്‍ ആദ്യ കളിയില്‍ ഇന്ത്യ ഓസീസുമായി പൊരുതി തോറ്റെങ്കിലും നാഗ്പൂരില്‍ വെള്ളിയാഴ്ച നടന്ന മാച്ചില്‍ ഇന്ത്യ കങ്കാരുപ്പടയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
Content Highlight: M S Dhoni’s new social media live