ശൂന്യതയില്‍ നിന്നും മാജിക്ക്; ഇഷാന്ത് ശര്‍മയെ ഹീറോയാക്കിയ ധോണിയുടെ രാജതന്ത്രം
Cricket
ശൂന്യതയില്‍ നിന്നും മാജിക്ക്; ഇഷാന്ത് ശര്‍മയെ ഹീറോയാക്കിയ ധോണിയുടെ രാജതന്ത്രം
മുഹമ്മദ് ഫിജാസ്
Friday, 24th June 2022, 7:32 pm

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ ടീം 2013 ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചതിന്റെ ഒമ്പതാം വാര്‍ഷികം ആരാധകര്‍ ആഘോഷിച്ചത്. ഇന്ത്യ അവസാനമായി നേടിയ ഐ.സി.സി കിരീടമായിരുന്നു 2013ലെ ചാമ്പ്യന്‍സ് ട്രോഫി.

ആതിഥേയരായ ഇംഗ്ലണ്ടിനെ ഫൈനലില്‍ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യ ജേതാക്കളായത്. മഴ കാരണം 20 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ധോണിപ്പട 129 റണ്‍സായിരുന്നു നേടിയത്. വിരാട് കോഹ്‌ലിയുടെ 43 റണ്‍സും രവിന്ദ്ര ജഡേജയുടെ 33 റണ്‍സുമായിരുന്നു ഇന്ത്യയെ മോശമല്ലാത്ത സ്‌കോറില്‍ എത്തിച്ചത്.

ഒരു ഫൈനല്‍ ജയിക്കുവാന്‍ ആ സ്‌കോര്‍ മതിയാകുമോ എന്ന് ഏത് ടീമും ഭയക്കും. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കപ്പിത്താന്‍ സ്ഥാനത്തിരിക്കുന്ന ധോണിക്ക് ആ ഭയമില്ലായിരുന്നു. ‘ദൈവവും, മഴയുയൊന്നും ഞങ്ങളെ രക്ഷിക്കില്ല’ എന്നുപറഞ്ഞു ധോണി തന്റെ യുവനിരയുമായി കളത്തിലറങ്ങി.

ഒമ്പതാം ഓവറില്‍ വെറും 46 റണ്‍സില്‍ എത്തിയപ്പോഴെക്കും ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റുകള്‍ ഇന്ത്യ കൊയ്തിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഇയോണ്‍ മോര്‍ഗനും രവി ബോപാരേയും മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ മത്സരത്തില്‍ തിരിച്ചുകൊണ്ടുവന്നു.

അവസാന മൂന്നോവറില്‍ വെറും 27 റണ്‍സ് മതി എന്ന നിലയില്‍ ഇംഗ്ലണ്ട് എത്തി. ബോപാരയും മോര്‍ഗനും ക്രീസില്‍ നിലയുറപ്പിച്ച ബാറ്റര്‍മാരായിരുന്നു. ഏത് ക്യാപ്റ്റനായാലും മത്സരം കൈവിട്ടുപോകുന്നു എന്ന് തോന്നുന്ന നിമിഷം.

ഏറ്റവും നല്ല ബൗളറെ കൊണ്ടുവന്നു മത്സരം തിരിച്ചു പിടിക്കാനായിരിക്കും എല്ലാ നായകന്‍മാരും ചിന്തിക്കുക. അടുത്ത ഓവര്‍ എറിയിക്കാനായി ധോണിയുടെ കയ്യില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്ന ഭുവനേശ്വര്‍ കുമാര്‍, ആര്‍. അശ്വിന്‍ എന്നിവരുണ്ടായിരുന്നു.

ഇവരില്‍ ആരെങ്കിലും അടുത്ത ഓവര്‍ എറിയുമെന്നായിരിക്കും ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ചിന്തിച്ചിരുന്നിരിക്കുക. ഇംഗ്ലണ്ട് കളിക്കാര്‍ പോലും അതായിരുന്നു ചിന്തിച്ചിരിക്കുക. എന്നാല്‍ ധോണി എന്നും വ്യത്യസ്ഥനായിരുന്നു. എപ്പോഴും ബോക്‌സിന് വെളിയില്‍ ചിന്തിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

മൂന്നോവറില്‍ 27 റണ്‍ വഴങ്ങി നിന്നിരുന്ന ഇഷാന്ത് ശര്‍മയെയായിരുന്നു ആ പ്രധാനപ്പെട്ട ഓവര്‍ എറിയുവാന്‍ ധോണി വിളിച്ചത്. അതുവരെ മത്സരത്തില്‍ ഒന്നും ചെയ്യുവാന്‍ ഇഷാന്തിന് സാധിച്ചില്ലായിരുന്നു. ഇഷാന്ത് എറിയാന്‍ വന്നപ്പോള്‍ ആരാധകരും കമന്ററി ബോക്‌സും നെറ്റി ചുളിച്ചിരുന്നു.

അവര്‍ ധോണിയുടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ആ ചോദ്യം ചെയ്യലിനെ ശരിവെക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നാല് ബോളുകള്‍. ആദ്യ പന്ത് മോശമല്ലാതെ എറിഞ്ഞ ഇഷാന്ത് രണ്ടാം പന്തില്‍ സിക്‌സര്‍ വഴങ്ങി. പിന്നീടുള്ള രണ്ട് പന്തുകള്‍ വൈഡാകുകയായിരുന്നു.

എന്നാല്‍ അടുത്ത പന്തില്‍ ധോണി ഒരുക്കിയ കെണിയില്‍ മോര്‍ഗനെ കൃത്യമായി വീഴ്ത്തുകയായിരുന്നു ഇഷാന്ത്. തൊട്ടടുത്ത പന്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്നേ ബോപാരെയയും ഇഷാന്ത് മടക്കിയയച്ചു. ഇതോടെ ഇന്ത്യ മത്സരത്തില്‍ തിരിച്ചു വരുകയായിരുന്നു.

 

കമന്ററി ബോക്‌സില്‍ നിന്നും ഹര്‍ഷ ബോഗ്ലെ പറയുന്നുണ്ടായിരുന്നു ‘ഇഷാന്ത് ബിക്കെയിം സീറൊ ടു ഹീറോ’ എന്ന്. എന്നാല്‍ യാഥാര്‍ത്ഥ ഹീറോ വിക്കറ്റിന്റെ പുറകില്‍ നിന്നും തന്ത്രം മെനഞ്ഞ ആ മനുഷ്യന്‍ തന്നെയായിരുന്നു.

ആദ്യമായല്ല ധോണി ഇത്തരത്തിലുള്ള ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ മണ്ടത്തരം എന്ന് തോന്നുന്ന പല കാര്യങ്ങളും അദ്ദേഹം നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. ധീരനായ ഒരു നായകന് മാത്രമേ അങ്ങനെ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു. അതായിരുന്നു ധോണിയുടെ വിജയവും.

Content Highlights: M.S Dhoni made Ishant Sharma zero to hero