| Thursday, 21st March 2024, 6:23 pm

മഹേന്ദ്രജാലം ഇനിയില്ല...യുഗാന്ത്യം! തലൈവർ പടിയിറങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്‍ ആരംഭിക്കാന്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

ആവേശകരമായ പുതിയ സീസണ്‍ ആരംഭിക്കുന്നതിനും ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ചെന്നൈ ആരാധകര്‍ക്ക് നിരാശ നല്‍കിക്കൊണ്ടായിരുന്നു എം.എസ് ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിയുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.

2008 മുതല്‍ 2023 വരെ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു ധോണി. എന്നാല്‍ 2013ല്‍ മാച്ച് ഫിക്‌സിങ് വിവാദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം ചെന്നൈക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യത്തില്‍ മാത്രമാണ് ധോണിക്ക് മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ടി വന്നത്.

2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ധോണി ചെന്നൈയുടെ നായകസ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ നിരാശാജനകമായ പ്രകടനം ആയിരുന്നു ചെന്നൈ നടത്തിയത്. ഇതിന് പിന്നാലെ എട്ടു മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും ധോണി ചെന്നയുടെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുകയായിരുന്നു.

ഐ.പി.എല്ലില്‍ 212 മത്സരങ്ങളിലാണ് ക്യാപ്റ്റനായി ചെന്നൈയെ മുന്നില്‍ നിന്നും നയിച്ചത്. ഇതില്‍ 128 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 82 മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ഫലം ഒന്നും കാണാതെ അവസാനിക്കുകയുമായിരുന്നു.

16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് ധോണി ചെന്നൈക്കായി നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍ ട്രോഫിയിലും ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം ചൂടി.

ചെന്നൈക്ക് വേണ്ടി 214 ഇന്നിങ്‌സുകളില്‍ നിന്നും 4957 റണ്‍സാണ് ഇന്ത്യന്‍ ഇതിഹാസനായകന്‍ നേടിയത്. ധോണിക്ക് പകരം പുതിയ നായകനായി ഇന്ത്യന്‍ യുവതാരം ഋതുരാജ് ഗെയ്ക്വാദിനെയാണ് ചെന്നൈ ക്യാപ്റ്റനായി നിയമിച്ചത്.

ഒരുപക്ഷേ ഇതായിരിക്കും ധോണിയുടെ അവസാന ഐ.പി.എല്‍ എന്നും വലിയ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗെയ്ക്വാദിന്റെ കീഴില്‍ സീസണില്‍ ആറാം കിരീടം നേടി കൊണ്ട് ധോണിക്ക് ഒരു വിടവാങ്ങല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: M.S Dhoni left the captaincy of Chennai Super kings

We use cookies to give you the best possible experience. Learn more