Sports News
ആദ്യ മത്സരത്തില്‍ തന്നെ ധോണിക്ക് തകര്‍പ്പന്‍ റെക്കോഡ്; ഇരയായത് ആര്‍.സി.ബിയുടെ രക്ഷകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 23, 02:58 am
Saturday, 23rd March 2024, 8:28 am

2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറു വിക്കറ്റുകള്‍ക്ക് തകര്‍ത്തണ് ചെന്നൈ ടൂര്‍ണമെന്റ് തുടങ്ങിയത്. ചെപ്പോക്കില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്. റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ്പ് ഓര്‍ഡര്‍റില്‍
വിരാട് കോഹ്ലി (21), ഫാഫ് ഡുപ്ലസിസ് (35), രജത് പടിതാര്‍ (0) , കാമറൂണ്‍ ഗ്രീന്‍ (18) എന്നിവരെ പുറത്താക്കിയാണ് മുസ്തഫിസുര്‍ കരുത്ത് കാട്ടിയത്.

മുന്‍ നിര തകര്‍ന്നതോടെ ഏറെ സമ്മര്‍ദത്തിലായ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ആറാമനായി ഇറങ്ങിയ അനൂജ് റാവത്താണ്. 25 പന്തില്‍ നിന്ന് മൂന്നു സിക്‌സറും നാലു ബൗണ്ടറിയും അടക്കം 48 റണ്‍സ് ആണ് താരം നേടിയത്. 192 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അവസാന ഓവറുകളിലേക്ക് ആര്‍.സി.ബിയുടെ രക്ഷകന്‍ ആകാന്‍ കഴിഞ്ഞെങ്കിലും ഒരു റണ്‍ ഔട്ടിലൂടെ താരം പുറത്താക്കുകയായിരുന്നു. ധോണിയുടെ ഒരു മികച്ച ഇടപെടലിലായിരുന്നു റാവത്തിന് അര്‍ധ സെഞ്ച്വറി തികക്കാന്‍ സാധിക്കാഞ്ഞത്.

ഈ റണ്‍ ഔട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കുകയാണ് ധോണി. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍ ഔട്ടുകള്‍ ചെയ്ത താരമായി മാറാനാണ് ധോണിക്ക് സാധിച്ചത്. സഹതാരം രവീന്ദ്ര ജഡേജയുടെ റെക്കോഡ് ആണ് ധോണി മറികടന്നത്. ഫീല്‍ഡിങ്ങില്‍ പരുന്തിനെ പോലെയാണ് ജഡേജ. 23 റണ്‍ ഔട്ടുകള്‍ ആയിരുന്നു താരം നേടിയത്. എന്നാല്‍ ഈ നേട്ടം മറികടന്ന് 24 വിക്കറ്റുകള്‍ ആണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് ധോണി ഈ നേട്ടം കൊയ്തത്. ആര്‍.സി.ബിയുടെ ഇന്നിങ്സിന്റെ അവസാനത്തെ പന്തില്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നതിന് ആയിരുന്നു ധോണി പുറത്താക്കിയത്.

ആര്‍.സി.ബിക്ക് വേണ്ടി ദിനേശ് കാര്‍ത്തിക്ക് 26 പന്തില്‍ 38 റണ്‍സും നേടി നിര്‍ണായകമാവുകയായിരുന്നു.

ചെന്നൈ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് യുവ താരം രചന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും ശിവം ദൂബെ 28 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ ആദ്യവിജയം സ്വന്തമാക്കുകയായിരുന്നു.

മാര്‍ച്ച് 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് ആണ് വേദി.

 

 

 

Content highlight: M.S. Dhoni In Record Achievement