ക്രിക്കറ്റിലെ എക്കാലത്തേയും മാന്യന്‍മാരായ താരങ്ങളില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ഇന്ത്യന്‍ ടീമിലെ പോലെതന്നെ എതിര്‍ ടീമിലുള്ള താരങ്ങള്‍ക്കും അദ്ദേഹത്തിന്‍മേല്‍ വലിയ ബഹുമാനമുണ്ട്.
ലോകത്തെല്ലായിടത്തും ആരാധകരുള്ള ധോണിക്ക് പാകിസ്ഥാനിലും നിറയെ ആരാധകരുണ്ട്.
പാക്കിസ്ഥാനില്‍ ധോണിയ്ക്കുള്ള ആരാധന വളരെ വലുതാണ്. അദ്ദേഹത്തിന്റെ മഹത്വം ഉയരുന്ന പ്രവര്‍ത്തനമായിരുന്നു പാകിസ്ഥാന്‍ സീമര്‍ ഹാരിസ് റൗഫിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സ് ഒപ്പിട്ട് കൊടുത്തത്.
2021 പാകിസ്ഥാന്റെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു ഹാരിസ് റൗഫ്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ശേഷം തനിക്ക് ഒപ്പിട്ട ജേഴ്സി നല്‍കാന്‍ ധോണിയോട് അഭ്യര്‍ത്ഥിച്ചതായി വെളിപ്പെടുത്തുകയായിരുന്നു റൗഫ്. ധോണി അപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മെന്റര്‍ റോളില്‍ ലോകകപ്പ് ക്യാമ്പില്‍ ഉണ്ടായിരുന്നു.
തനിക്ക് ഇന്ത്യന്‍ ജേഴ്‌സിയല്ല സി.എസ്.കെ ജേഴ്‌സിയാണ് വേണ്ടതെന്ന് റൗഫ്. അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളറായിരുന്നു ഒരു കാലത്ത് ഹാരിസ്. തന്റെ യുറ്റിയൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
‘കഴിഞ്ഞ വര്‍ഷം ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷമാണ് ഞാന്‍ എം.എസ്. ധോണിയെ കാണുന്നത്. അദ്ദേഹത്തിന്റെ ജേഴ്‌സി തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എനിക്ക് വേണ്ടത് സി.എസ്.കെയുടെ ജേഴ്സിയാണെന്നും ഇന്ത്യയുടേതല്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് തീര്‍ച്ചയായും എനിക്ക് അയച്ചുതരാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഒടുവില്‍ ഞാന്‍ ഓസ്ട്രേലിയയില്‍ ആയിരുന്നപ്പോള്‍ എനിക്ക് അത് ലഭിച്ചു,’ ഹാരിസ് റൗഫ് പറയുന്നു.
2018-2019 ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് റൗഫ് ഇന്ത്യന്‍ നെറ്റ് ബൗളര്‍ റോളില്‍ വന്നത്. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പന്തെറിയാന്‍ കഴിയുന്ന കുറച്ച് നെറ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്നു റൗഫ്. കെ.എല്‍. രാഹുലും ഹാര്‍ദിക് പാണ്ഡ്യയും തന്നെ പ്രോത്സാഹിപ്പിച്ചതായും ഉടന്‍ തന്നെ പാകിസ്ഥാനുവേണ്ടി കളിക്കുമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പന്തെറിയാന്‍ കഴിയുന്ന ചില നെറ്റ് ബൗളര്‍മാരെ ആവശ്യമുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് പന്തെറിയാനുള്ള മികച്ച അവസരമാണിതെന്ന് എനിക്ക് തോന്നി. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ക്കെതിരെ ഞാന്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ എനിക്കൊപ്പം പന്തെറിയുകയായിരുന്നു, ഞാന്‍ നന്നായി ചെയ്യുന്നുണ്ടെന്നും ഞാന്‍ ഉടന്‍ പാകിസ്ഥാന്‍ ടീമിനായി കളിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു,’ ഹാരിസ് റൗഫ് കൂട്ടിച്ചേര്‍ത്തു.
Content Highlights: M.S Dhoni gave C.S.K jersey to Pakistan player Haris Rauf