| Sunday, 19th May 2024, 9:30 am

മഹേന്ദ്രജാലം അവസാനിക്കുന്നില്ല...ധോണി പടിയിറങ്ങുന്നത് ഐതിഹാസിക നേട്ടത്തോടെ; തോൽവിയിലും തലയുയർത്തി മടങ്ങാം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം ഉണ്ടായിരുന്ന ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.

റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി രചിന്‍ രവീന്ദ്ര 37 പന്തില്‍ 61 റണ്‍സും രവീന്ദ്ര ജഡേജ 22 പന്തില്‍ പുറത്താവാതെ 42 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവറുകളില്‍ എം.എസ് ധോണി 13 പന്തില്‍ 25 നേടി ചെന്നൈ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. 192.31 സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു ഫോറുകളും ഒരു സിക്‌സുമാണ് ധോണി നേടിയത്. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണി പുറത്താവുകയായിരുന്നു.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ധോണി സ്വന്തമാക്കി. ഐ.പി എല്ലിന്റെ ചരിത്രത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായി മാറാനാണ് ധോണിക്ക് സാധിച്ചത്. 46 സിക്‌സുകളാണ് ധോണി ബെംഗളൂരുവിനെതിരെ നേടിയത്.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍

എം.എസ് ധോണി-46

ഡേവിഡ് വാര്‍ണര്‍-44

ആന്ദ്രേ റസല്‍-38

രോഹിത്-37

ഈ സീസണില്‍ 13 മത്സരങ്ങളില്‍ എട്ട് ഇന്നിങ്‌സില്‍ നിന്നും 136 റണ്‍സാണ് ധോണി നേടിയത്. 226.67 സ്‌ട്രൈക്ക് റേറ്റില്‍ 11 ഫോറുകളും 12 സിക്‌സുകളുമാണ് ഇന്ത്യന്‍ ഇതിഹാസ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലസിസ് 39 പന്തില്‍ 54 റണ്‍സും വിരാട് കോഹ്ലി 29 പന്തില്‍ 47 റണ്‍സും രജത് പടിദാര്‍ 23 പന്തില്‍ 41 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 17 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

Content Highlight: M.S Dhoni create a new record against RCB

We use cookies to give you the best possible experience. Learn more