പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് വന്നത് ആയിരം കോടിയുടെ നഷ്ടം: എം.രഞ്ജിത്ത്
Entertainment
പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് വന്നത് ആയിരം കോടിയുടെ നഷ്ടം: എം.രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th January 2021, 1:58 pm

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കേരളത്തിലെ തൊഴില്‍ ശാലകളും വിദ്യാഭ്യാസസ്ഥപനങ്ങളും അടച്ചിടേണ്ടി വന്നതിനാല്‍ വലിയ സമ്പത്തിക നഷ്ടം തന്നെയാണ് സംസ്ഥാനത്ത് ഉണ്ടായത്. സിനിമാ തിയ്യറ്ററുകളുടെ കാര്യവും അങ്ങനെത്തന്നെയായിരുന്നു. മാര്‍ച്ച് പത്തിനാണ് കേരളത്തിലെ തിയ്യേറ്ററുകള്‍ അടച്ചത്.

പത്തുമാസം കൊണ്ട് മലയാള സിനിമയ്ക്ക് ആയിരം കോടി നഷ്ടം വന്നുവെന്ന് പറയുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.രഞ്ജിത്ത്. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം തുറന്നുപറയുന്നത്.

സിനിമാ മേഖല വലിയ പ്രതിസന്ധിയിലായിരുന്നുവെന്നും ഓഗസ്റ്റോടു കൂടി നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും സിനിമാ തൊഴിലാളി സമൂഹം ബുദ്ധിമുട്ടിലാണെന്ന് രഞ്ജിത്ത് പറയുന്നു.

‘ഇന്‍ഡസ്ട്രി ദുരിതമനുഭവിച്ച വേറൊരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പ്രതിസന്ധികളില്‍ക്കൂടി തന്നെയായിരിക്കും മലയാള സിനിമാ വ്യവസായം തുടര്‍ന്നും കടന്നുപോവുക. അന്‍പത് ശതമാനം പ്രേക്ഷകരെ പാടുള്ളൂ, സെക്കന്റ് ഷോ പാടില്ല എന്നിങ്ങനെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുകൊണ്ടാണ് പ്രതിസന്ധികള്‍ വിട്ടുപോകില്ലെന്ന് പറയുന്നത്,’ രഞ്ജിത്ത് പറഞ്ഞു.

വിജയ് ചിത്രം മാസ്റ്ററിന് ശേഷം തിയ്യേറ്ററുകളില്‍ സിനിമകള്‍ തുടര്‍ച്ചയായി എത്താനുള്ള സാധ്യത കാണുന്നുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. വെള്ളം, വാങ്ക്, ഫ്രീസ്റ്റ് എന്നീ സിനിമകളാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.

സിനിമകള്‍ ധാരാളമായി റിലീസിന് കാത്തിരിപ്പുണ്ടെങ്കിലും തീയ്യേറ്ററില്‍ പ്രേക്ഷകരുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് കണ്ടറിഞ്ഞിട്ട് റിലീസ് ചെയ്യാമെന്നുള്ള രീതിയിലാണ് പല നിര്‍മ്മാതാക്കളെന്നും രഞ്ജിത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: M Renjith says about film industry facing issues by covid