സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ. മൊയ്തുമൗലവിയുടെ മകനാണ്. ട്രോട്‌സ്‌കിസത്തെ കുറിച്ചു മലയാളത്തിനു പരിചയപ്പെടുത്തിയതില്‍ പ്രമുഖനാണ് റഷീദ്.
കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവര്‍ത്തകനും റവല്യൂഷണറി സ്യോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളുമായ എം. റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ. മൊയ്തുമൗലവിയുടെ മകനാണ്. ട്രോട്‌സ്‌കിസത്തെ കുറിച്ചു മലയാളത്തിനു പരിചയപ്പെടുത്തിയതില്‍ പ്രമുഖനാണ് റഷീദ്.
1925 ല്‍ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. 1944 കാലഘട്ടത്തില്‍ കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്തതിനു അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലില്‍ തടവിലാക്കപ്പെട്ടു. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ മാപ്പെഴുതി കൊടുക്കണമെന്നതിനാല്‍ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ എഴുതി വിജയിച്ചു.
ആര്‍.എ.സ്.പിയുടേയും ഫോര്‍ത്ത് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഘടകത്തിന്റെയും സ്ഥാപകാംഗവും ആര്‍.എസ്.പി മുഖപത്രമായ സഖാവിന്റെ (1954-57) പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയന്‍ രംഗത്തും എം. റഷീദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read more: പതിനായിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുര്‍ഭരണം; കേന്ദ്രത്തിനെതിരെ ശിവസേന
ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രത്തിലും അദ്ദേഹം എഴുതിയിരുന്നു. 1957-60 കാലഘട്ടത്തില്‍ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവര്‍ഷക്കാലം ചാലക്കുടിയില്‍ നിന്നുള്ള “ചെങ്കതിര്‍” മാസികയുടെ പ്രസാധകരായി ജോലിചെയ്തു. അവസാനമായി മാധ്യമം ദിനപ്പത്രത്തില്‍ “വായനക്കിടയില്‍” എന്ന പേരില്‍ ഒരു പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
സഖാവ് കെ.ദാമോദരന്‍, റോസാ ലക്‌സംബര്‍ഗ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്നിവയാണ് പ്രധാന കൃതികള്‍.
പ്രസ്സ് അക്കാദമിയുടെ പുരസ്‌കാരം, സ്വന്തന്ത്രസമര സേനാനി സൈനുദ്ദീന്‍ നൈന സ്മാരക പുരസ്‌കാരം, എം.എ. മലയാളി അവാര്‍ഡ്, വചനം ബുക്‌സിന്റെ കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പരേതയായ ബീപാത്തുവാണ് ഭാര്യ. ജാസ്മിന്‍, മുംതാസ്, അബ്ദുല്‍ ഗഫൂര്‍, ബേബി റഷീദ് എന്നിവര്‍ മക്കളാണ്.