Advertisement
Kerala
എം.ആര്‍. ഉണ്ണി എം.ജി സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്ത് തിരിച്ചെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Sep 19, 06:48 am
Thursday, 19th September 2013, 12:18 pm

[]കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി തിരികെ ജോലിയില്‍ പ്രവേശിച്ചു.

ആറു മാസത്തെ സസ്‌പെന്‍ഷനു ശേഷമാണ് അദ്ദേഹം റജിസ്ട്രാര്‍ സ്ഥാനത്തേക്കു തിരിച്ചു വരുന്നത്.

ഉണ്ണിയെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.

സര്‍വകലാശാല നടത്തുന്ന അന്വേഷണത്തോട് സഹകരിക്കാനും എം.ആര്‍.ഉണ്ണിക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

എം.ആര്‍.ഉണ്ണിക്കെതിരെ എംജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി.ജോര്‍ജ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.

നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനുള്ള സിന്‍ഡിക്കേറ്റ് നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്ന് എം ആര്‍ ഉണ്ണിയെ വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യോഗ്യത സംബന്ധിച്ച പരാതിയില്‍ കമ്മിറ്റിയുടെ അന്വേഷണം കഴിയും വരെ റജിസ്ട്രാര്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടാനുള്ള സിന്‍ഡിക്കറ്റ് തീരുമാനം സിന്‍ഡിക്കറ്റിന്റെ സെക്രട്ടറിയെന്ന നിലയ്ക്കു റജിസ്ട്രാര്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയില്ലെന്നായിരുന്നു സര്‍വകലാശാലയുടെ പരാതി.

ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും വിശദീകരണം നല്‍കാതെ എം.ആര്‍. ഉണ്ണി പദവിയില്‍ തുടരുന്നതു സര്‍വകലാശാലാ താല്‍പര്യത്തിനു വിരുദ്ധമാകുമെന്നതിനാല്‍  സസ്‌പെന്‍ഡ് ചെയ്‌തെന്നുമായിരുന്നു വിശദീകരണം.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും സ്വീകരിക്കാനും വിസമ്മതിച്ചു. തുടര്‍ന്നയിരുന്നു സസ്‌പെന്‍ഷന്‍.

ഇതിനെ ചോദ്യം ചെയ്ത് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചു. ഉണ്ണിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി തെറ്റാണെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഉണ്ണിയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.