| Saturday, 8th June 2013, 9:19 am

എം.ആര്‍. മുരളി രാജിവയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്:  ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍.മുരളി നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചു.

തിങ്കളാഴ്ചയോ ചൊവാഴ്ചയോ രാജിവയ്ക്കുമെന്ന് മുരളി വ്യക്തമാക്കി. സി.പി.എം പിന്തുണയോടെ നഗരസഭയില്‍ അധികാരത്തിലെത്തണോയെന്ന് മുരളി തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിശദീകരണം. []

അതേസമയം ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനം സി.പി.ഐ.എമ്മിന് നല്‍കാന്‍ ജെ.വി.എസും സി.പി.ഐ.എമ്മും തമ്മില്‍ ധാരണയായി. ഉപാധ്യക്ഷ സ്ഥാനം എം ആര്‍ മുരളിയുടെ ജെ.വി.എസ് ഏറ്റെടുക്കും.

നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഇടതുപക്ഷ ഏകോപനസമിതിയുടെ അംഗങ്ങളും രാജിവയ്ക്കും. തല്‍സ്ഥാനത്തു തുടരുന്നത് ധാര്‍മികതയുടെ പേരില്‍ നില്‍ക്കുന്നത് ശരിയല്ലെന്നുള്ള വിലയിരുത്തലിലാണ് രാജി.

സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത് വന്ന് വിമത സംഘഠന രൂപീകരിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്നാണ് എം.ആര്‍ മുരളി ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാനായത്.

രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അധ്യക്ഷ സ്ഥാനം കൈമാറണമെന്ന ധാരണയായിരുന്നു കോണ്‍ഗ്രസും മുരളിയും തമ്മിലുണ്ടായിരുന്നത്. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ മുരളി തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഭരണസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പിന്‍മാറുകയായിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പദവികളും കോണ്‍ഗ്രസ് രാജിവെച്ചിരുന്നു.

ആര്‍ക്കും വ്യക്തമായി ഭൂരിപക്ഷമില്ലാത്ത ഒരു നഗരസഭയില്‍ മുരളി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നത് ഷൊര്‍ണൂരിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും .

നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി സിപിഎം ആണ്. സിപിഎമ്മിന് 12 അംഗങ്ങളുണ്ട്. ഇടതുപക്ഷ ഏകോപന സമിതിക്ക് എട്ട് അംഗങ്ങളുണ്ട്. കോണ്‍ഗ്രസിനും എട്ട് അംഗങ്ങളുണ്ട്. ഇടതുപക്ഷ ഏകോപന സമിതി – കോണ്‍ഗ്രസ് സഖ്യമാണ് ഷൊര്‍ണൂര്‍ നഗരസഭ ഭരിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more