| Tuesday, 11th June 2013, 5:37 pm

എം.ആര്‍ മുരളി ഷെര്‍ണ്ണൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഷൊര്‍ണ്ണൂര്‍ : ജനകീയ വികസനസിമിതി നേതാവ് എം.ആര്‍ മുരളി ഷൊര്‍ണ്ണൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു.  സി.പി.ഐ.എമ്മിലേക്ക് തിരികെ പോകുന്നുവെന്ന പ്രചരണങ്ങള്‍ക്കിടെയാണ് മുരളി തല്‍സ്ഥാനത്ത് നിന്ന് രാജിവെച്ചത്.[]

ജനകീയ വികസനസമിതിയുടെ (ജെ.വി.എസ്.) സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ അഡ്വ. പി.എം. ജയ, കെ. സരള എന്നിവരും രാജി സമര്‍പ്പിച്ചിട്ടുണ്ട്.
ജൂണ്‍ 13 ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുരളി രാജി വെച്ചത്. അതുകൊണ്ട് തന്നെ മുരളിയുടെ  രാജി നഗരസഭയയില്‍
പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌  തുടക്കം കുറിക്കുമെന്നാണ്‌ കരുതുന്നത്.

സി.പി.ഐ.എമ്മുമായി യോജിക്കേണ്ട കാര്യങ്ങളില്‍ യോജിക്കാനും,  കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയതിനെ തുടര്‍ന്ന് ലഭിച്ച എല്ലാ സ്ഥാനങ്ങളില്‍ നിന്ന് ഒഴിയാനും നേതൃത്വയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനുശേഷം എട്ട് അംഗങ്ങള്‍ വീതമുള്ള ജെ.വി.എസ്സും കോണ്‍ഗ്രസ്സും ഒത്തുചേര്‍ന്നാണ് അധികാരത്തിലേറിയിരുന്നത്.

രണ്ടരവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം കൈമാറണമെന്ന ധാരണ വികസന സമിതി തെറ്റിച്ചതില്‍ പ്രതിഷേധിച്ച് ഭരണസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പിന്മാറിയിരുന്നു.

തുടര്‍ന്ന്, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവികളും കോണ്‍ഗ്രസ് രാജിവെച്ചു. ധാരണപ്രകാരം കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചില്ലെന്നായിരുന്നു ജനകീയ വികസന മുന്നണിയുടെ നിലപാട്.

വ്യാഴാഴ്ച നടക്കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും സമിതിയും സഹകരണനിലപാടാകും സ്വീകരിക്കുക. ഇതിന്റെ പ്രതിഫലനമാകും ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുക.

എന്നാല്‍ മുന്നണിയിലില്ലാത്ത ജനകീയ വികസന സമിതിയുമായി ചേര്‍ന്ന് അധികാരം പങ്കിടാനാവില്ലെന്ന് സി.പി.ഐ നിലപാടറിയിച്ചു. വൈസ് ചെയര്‍മാന്‍ സ്ഥാനം സി.പി.ഐയ്ക്കു നല്‍കണമെന്നതാണ് അവരുടെ ആവശ്യം.

സി.പി.ഐ.എം ഇത് ഏറ്റെടുക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ജനകീയ വികസന സമിതിക്ക് നല്‍കാന്‍ കഴിയില്ലെന്നും സി.പി.ഐ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more