നാടക രംഗത്ത് നിന്ന് സിനിമയിൽ എത്തിയ മികച്ച നടനാണ് എം. ആർ. ഗോപകുമാർ. 1989ൽ അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ എന്ന മികച്ച സിനിമയിലൂടെയാണ് ഗോപകുമാർ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.
എന്നാൽ അടൂരിന്റെ തന്നെ വിധേയൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടുന്നത്. ചിത്രത്തിലൂടെ പ്രകടനത്തിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം നേടാനും അദ്ദേഹത്തിനായി.
തുടർന്നിങ്ങോട്ട് ചെറുതും വലുതുമായി അമ്പതോളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം നടൻ മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ്. നാടകവും ജോലിയുമായി തിരക്കില്ലായിരുന്ന കാലത്ത് താൻ സ്ഥിരമായി ഒരു പയ്യനെ ബസ് സ്റ്റോപ്പിൽ കാണാറുണ്ടായിരുന്നുവെന്നും അത് മോഹൻലാൽ ആയിരുന്നുവെന്നും ഗോപകുമാർ പറയുന്നു. മോഹൻലാലിനൊപ്പം കുറച്ച് സിനിമകൾ ചെയ്യാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോലിയിലും നാടകത്തിലും മുഴുകി ജീവിക്കുന്ന കാലത്തായിരുന്നു വിവാഹം. ഭാര്യ ഇന്ദിരയുടെ വീട് മുടവന്മുഗളിലാണ്. കുറച്ചുകാലം അവിടെനിന്നാണ് ഓഫീസിലേക്കു പോയിരുന്നത്. അന്ന് പതിവായി ബസ്സ്റ്റോപ്പിൽ രണ്ട് പയ്യന്മാരെ കാണും.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ വിശ്വനാഥൻ നായരുടെ മക്കളാണ്. കാലം കുറേ കഴിഞ്ഞപ്പോൾ അവരിൽ ഇളയയാൾ നടനായി. ആ നടനൊപ്പം ‘മഹാസമുദ്രം’, ‘മാടമ്പി’, ‘ഉടയോൻ’ ‘പുലിമുരുകൻ’എന്നീ സിനിമകളിൽ ഞാൻ അഭിനയിക്കുകയും ചെയ്തു. അന്നത്തെ ആ പയ്യൻ മോഹൻലാലായിരുന്നു,’ഗോപകുമാർ പറയുന്നു.
Content Highlight: m.r. Gopakumar Talk About Mohanlal