മുന്നാക്ക സമുദായ (പിന്നാക്ക വിഭാഗ ) സംവരണ ബില്ല് നോട്ട് നിരോധന നാടകത്തിനു ശേഷമുള്ള ഏറ്റവും വലിയ തട്ടിപ്പ് നാടകമാണ്. ഒരിക്കലും നടക്കാന്‍ പോകാത്ത അതീവ സുന്ദരമായ ഒരു സ്വപ്‌നം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, രാജ്യത്തെ 20 % മുന്നോക്ക വിഭാഗക്കാരില്‍ ഭൂരിപക്ഷത്തെ പറ്റിച്ച് കൂടെ നിര്‍ത്താനുള്ള തന്ത്രം.
ഈ ബില്ല് ഒരിക്കലും നിയമമാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയാം. അതിനാല്‍ പ്രതിപക്ഷത്തെ കലക്കിക്കളയാന്‍ ഉണ്ടാക്കിയ ഒരു തന്ത്രമായിരുന്നു ഈ സംവരണ ബില്ല്. പ്രതിപക്ഷം ഇതിനെതിരെ നില്‍ക്കുമെന്നും അങ്ങനെ മുന്നാക്ക വിഭാഗത്തിന്റെ ഒരേ ഒരു മിശിഹ തങ്ങള്‍ മാത്രമാണെന്നും വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പി- എന്‍.ഡി.എ സഖ്യം വിചാരിച്ചത്. പക്ഷേ പ്രതിപക്ഷം മൊത്തം , മൂന്ന് മുസ്‌ലിം പാര്‍ലമെന്റേറിയന്മാര്‍ ഒഴികെ, എല്ലാവരും ബില്ലിനെ പിന്തുണച്ച് മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ “അടിയങ്ങള്‍ ലച്ചിപ്പോം” എന്ന് പറഞ്ഞ് രണ്ടു കൈയ്യും കൊണ്ട് വാരിയെടുത്ത് മാറോടു ചേര്‍ത്തപ്പോള്‍ സത്യത്തില്‍ മോദിജിയുടെ കണ്ണ് നിറഞ്ഞു കാണും. പണി പാളിയതിന്റെ സങ്കടം. തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ പ്രത്യേക നാടകം 8 നിലയില്‍ പൊട്ടിയതിന്റെ ആഘാതവും അങ്ങോരുടെ നെഞ്ചില്‍ ഉണ്ടാവും.
ഇതൊരു തെരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണ്. ഈ ബില്ല് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു കാരണവശാലും നിലനില്‍ക്കാന്‍ പോകുന്നില്ല. ഇത് സകല പാര്‍ട്ടികള്‍ക്കും അറിയാം.
കാരണം :
1 ) ഈ ബില്ല് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഭേദഗതി ചെയ്തു കൊണ്ടു മാത്രമേ ഈ ബില്ല് കടമ്പ കടക്കുകയുള്ളു. അതിന് കടമ്പകള്‍ ഏറെയുണ്ട്
2) നിലവില്‍ 49.5 % ആണ് സംവരണ പരിധി. ഇത് 59.5% ആവും. സുപ്രീം കോടതി സംവരണം 50% കടക്കരുതെന്ന് കര്‍ശ്ശനമായി വിലക്കിയിട്ടുണ്ട്. അത് പാലിക്കുകയാണെങ്കില്‍ പിന്നോക്ക – ദളിത് സംവരണം 10% വെട്ടിക്കുറയ്‌ക്കേണ്ടി വരും. നിലവില്‍ അതൊന്നും സാദ്ധ്യമല്ല.
3 ) ഭൂരിപക്ഷം നിയമസഭകളും ഈ ബില്ല് പാസ്സാക്കിയെടുക്കണം. നിലവില്‍ അതിനുള്ള സമയമോ സാദ്ധ്യതയോ കുറവാണ്.
ഈ ബില്ല് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് പറഞ്ഞ് സുപ്രിം കോടതി ഒരു പക്ഷേ തള്ളിക്കളയും. അപ്പോള്‍ ബി.ജെ.പി- എന്‍.ഡി.എയ്ക്ക് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ ഉന്നയിക്കാനുള്ള മറ്റൊരു തുറുപ്പ് ചീട്ട് കൂടി റെഡിയാവും..
ഭരണഘടന തകര്‍ത്താലേ ഇന്ത്യയില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് രക്ഷയുള്ളൂ എന്ന് പ്രചരിപ്പിക്കാനുള്ള മറ്റൊരു കാര്‍ഡ് കൂടി തയ്യാറായി എന്നര്‍ത്ഥം.
അല്ലാതെ ഈ സംവരണ ബില്ല് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഈ രാജ്യത്ത് ഉണ്ടാവാന്‍ പോകുന്നില്ല.
സംവരണ തത്ത്വങ്ങളും സാമൂഹിക നീതി സങ്കല്പങ്ങളും ഭരണഘടനയും അട്ടിമറിക്കാം എന്നതല്ലാതെ മറ്റൊരു കാര്യവുമില്ല.
സര്‍വോപരി , രാജ്യം വലിയ സാമ്പത്തിക പുരോഗതി പ്രാപിച്ചു എന്ന വാദം പോലും പൊളിയാണെന്ന് തെളിയുകയും ചെയ്തു. സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ മുന്നോക്കമായിരുന്ന ജനവിഭാഗങ്ങള്‍ പോലും സംവരണം കൊടുക്കേണ്ട വിധം സാമ്പത്തിക- തൊഴില്‍ മേഖല അങ്ങേയറ്റം പൊളിഞ്ഞു പാളീസായി എന്നും കോര്‍പ്പറേറ്റുകള്‍ രാജ്യം മുഴുവന്‍ സ്വന്തമാക്കിയെന്നും ആണ് ഇതിന്റെ
മറ്റൊരര്‍ത്ഥം.
ഏതു നിലയിലും സാമ്പത്തിക സംവരണ ബില്ല് ഒരു തട്ടിപ്പും പരാജയവുമാണ്. സുപ്രീം കോടതിയുടെ ചവറ്റുകൊട്ടയില്‍ ചെന്ന് അത് വീഴും.
അതിനു മുന്‍പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയും ചെയ്യും. അതാണ് ഈ ബില്ലില്‍ തൊട്ടു കളിക്കാന്‍ ആരും തയ്യാറാവാതിരുന്നത്.