കൊച്ചി: പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ കണക്ക് ചോദിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്ക് മറുപടി നല്‍കി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. പ്രകാശന്‍ മാസ്റ്റര്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു വചസ്പതിക്ക് പ്രകാശന്‍ മാസ്റ്റര്‍ മറുപടി നല്‍കിയത്.
ഒരുദിവസം പെട്ടെന്ന് പൊട്ടിമുളച്ച സമരമല്ല പുന്നപ്ര വയലാര്‍ സമരം. മാസങ്ങളോളം ബ്രിട്ടീഷുകാരുടെ തോക്കും മനുഷ്യരുടെ പച്ചമാംസവും തമ്മില്‍ നടന്നിട്ടുള്ള യുദ്ധമായിരുന്നു പുന്നപ്ര വയലാര്‍ എന്ന് പ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. അവരുടെ എണ്ണമെങ്ങനെയാണ് ലഭിക്കുക. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് അവരുടെ വിടുപണി ചെയ്തവര്‍ക്ക് അത് മനസിലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്രപേര്‍ പുന്നപ്രയിലും വയലാറിലും മരിച്ചു എന്നതിന് കണക്ക് ഇവരുടെ കയ്യില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെ എന്നായിരുന്നു വചസ്പതി ചോദിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശ്വസിച്ചെത്തിയ പാര്‍ട്ടിക്കാര്‍ എത്ര പേരുണ്ടെന്ന് പോലും അറിയാത്തവരാണ് താന്‍ പുഷ്പാര്‍ച്ചന നടത്തിയതിനെതിരെ രംഗത്തെത്തുന്നതെന്നും പുന്നപ്ര വയലാര്‍ സ്മാരകം വഞ്ചനയുടെ പ്രതീകമാണെന്നുമാണ് വചസ്പതി പറഞ്ഞത്. തോക്കിനുള്ളില്‍ വെടിയുണ്ടയല്ല, മുതിരയാണെന്ന് പറഞ്ഞാണ് അവരെ പറഞ്ഞുവിട്ടതെന്നും വചസ്പതി ആരോപിച്ചു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രകാശന്‍ മാസ്റ്റര്‍.
‘പുന്നപ്ര-വയലാര്‍ സമരമെന്നത് ഒരു ദിവസം രാവിലെ നടന്ന വെടിവെപ്പില്‍ കുറച്ചുപേര്‍ മരിച്ചുപോകുന്ന സമരമല്ല. എത്രയോ മാസക്കാലം നിരന്തരമായി, മനുഷ്യരുടെ പച്ചമാംസവും ബ്രിട്ടീഷുകാരുടെ തോക്കും തമ്മില്‍ ഏറ്റുമുട്ടി, ആ തോക്കിന് മുന്നില്‍ നെഞ്ചുറച്ച് നിന്ന്, മരണമെങ്കില്‍ മരണമെന്ന് കണ്ട് നടത്തിയ സമരമാണ്.
ആളുകളുടെ എണ്ണിമില്ലാത്തത് ഞങ്ങളുടെ ആളുകളുടെ എണ്ണമില്ലാത്തതുകൊണ്ടല്ല. ആയിരക്കണക്കിന് ആളുകളെ കൊന്ന് തള്ളി അവരുടെ ശവശരീരങ്ങള്‍ വലിയ ചുടുകാടില്‍ കൊണ്ടു ചെന്ന് പെട്രോളിച്ച് തീ കൊളുത്തി. അതിന്റെ ഫലമായിട്ടാണ് കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തിന്റെ കൃത്യമായ കണക്കില്ലാത്തത്. വലിയ പോരാട്ടത്തില്‍ ഒരു യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് ആര്‍ക്കാണ് കണക്കാക്കാന്‍ കഴിയുക,’ പ്രകാശന്‍ മാസ്റ്റര്‍ ചോദിച്ചു.
ഈ ലോകത്തിന്റെ ചരിത്രത്തില്‍ ജന്മിത്വത്തോടും സാമ്രാജ്യത്വത്തോടും നാടുവാഴിത്തത്തോടും സന്ധിയില്ലാതെ ഈ രാജ്യത്തെ തൊഴിലാളികള്‍ ഒരുപാട് കാലം നടത്തിയിട്ടുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായ സമരങ്ങള്‍ക്കൊടുവില്‍ ഉണ്ടായ സായുധ സമരത്തിന്റെ ഭാഗമായുണ്ടായതാണ് പുന്നപ്ര വയലാര്‍ സമരം. അതിന്റെ അര്‍ത്ഥം ഈ ബി.ജെ.പിക്കാര്‍ക്ക് മനസിലാകില്ല. സ്വാതന്ത്ര്യ പ്രസ്ഥാനം തന്നെ എന്താണെന്ന് അറിയാത്ത ആളുകള്‍ക്ക് ഇതൊന്നും മനസിലാവില്ല. ഞങ്ങള്‍ എത്രയോ കാലമായി പവിത്രഭൂമിയായി സൂക്ഷിക്കുന്ന ഭൂമിയാണതെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കന്മാര്‍ക്ക് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രമെന്താണെന്ന് അറിയില്ല. ഇന്നുവരെ ഒരു ആര്‍.എസ്.എസുകാരനും പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന രാജ്യത്തിന്റെ സ്വാതന്ത്ര സമരത്തില്‍ ഒരു നിമിഷം പോലും പങ്കുവഹിച്ചിട്ടില്ല. അക്കാലത്ത് ജയിലില്‍ പോയി മാപ്പെഴുതി കൊടുത്ത് പുറത്തുവന്നവരുടെ പാര്‍ട്ടിയാണ് ജനസംഘവും ആര്‍.എസ്.എസുമെല്ലാം.സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്ക് വേണ്ടി വിടുപണിയെടുത്ത, അവരുടെ വേട്ടപ്പട്ടിയുടെ പണിയെടുത്തിരുന്ന ആളുകളാണ് ആര്‍.എസ്.എസ് എന്നത് ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന് പറയുന്നത് അതല്ല. ജന്മിത്വത്തിനും നാടുവാഴിത്തത്തിനും അതിനെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി, പുന്നപ്ര വയലാറില്‍ മാത്രമല്ല, രാജ്യത്തിന്റെ നാനാമേഖലകളില്‍ ആയിരങ്ങളെ ബലി കൊടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
അവിടെ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത, ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഭൂമിയിലേക്ക് അതിക്രമിച്ച് കടക്കുന്നത് കലാപമുണ്ടാക്കാനെന്നും അദ്ദേഹം പ്രതികരിച്ചു.
പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ വചസ്പതി വഞ്ചനയുടെ സ്മാരകമായിരുന്നു പുന്നപ്രയില്‍ ഉയരേണ്ടത് എന്നും പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇടത് സഹയാത്രികന്‍ എന്‍. എം പിയേഴ്‌സണ്‍ രംഗത്തെത്തിയിരുന്നു.
കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തില്‍ കയറിയിരിക്കുന്ന തെമ്മാടിയാണ് വചസ്പതി. സമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ സാമാന്യമര്യാദ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതി എന്ന മഹാനായ മനുഷ്യന് ഇല്ലാതെ പോയി എന്നും പിയേഴ്സണ്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക