അമ്മക്കിളി കൂട് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് എം.പത്മകുമാർ. പിന്നീട് വാസ്തവം, വർഗം തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ ഒരുക്കിയ അദ്ദേഹത്തിന് ഏറ്റവും വലിയ വിജയം സമ്മാനിച്ചത് ശിക്കാർ എന്ന മോഹൻലാൽ ചിത്രമാണ്.
മോഹന്‍ലാലിന് പുറമെ കലാഭവന്‍ മണി, സമുദ്രക്കനി, സ്‌നേഹ, ലാലു അലക്‌സ്, അനന്യ, മൈഥിലി, കൈലാഷ്, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
മോഹന്‍ലാല്‍ എന്ന ഒരു നടന് മാത്രമേ ആ സിനിമയിലേത് പോലുള്ള വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന് പറയുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. ഒരു കഥാപാത്രത്തില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ പറ്റുമോ അതെല്ലാമുള്ള സിനിമയാണ് ശിക്കാറെന്നും മാസ് എലമെന്റിനൊപ്പം ഇമോഷണല്‍ ട്രാക്കും ചേർന്നതാണ് ആ സിനിമയുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞ ശേഷമാണ് ഞാന്‍ ആ സിനിമയിലേക്ക് വരുന്നത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. എന്നാലും ആ കഥാപാത്രത്തെ ഉണ്ടാക്കുമ്പോഴോ സ്‌ക്രിപ്റ്റ് എഴുതുമ്പോഴോ ഞാന്‍ കൂടെയില്ല.
പക്ഷെ ആ കഥാപാത്രത്തെ നമുക്ക് മനസിലാകും. അയാളുടെ വളര്‍ച്ചയും മുന്നോട്ടുള്ള പോക്കുമൊക്കെ മനസിലാകാവുന്നതേയുള്ളു. മോഹന്‍ലാല്‍ എന്ന ഒരു നടന് മാത്രമേ ഇത്രയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
ഒരു കഥാപാത്രത്തില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ പറ്റുമോ, അതൊക്കെ ഈ സിനിമയിലുണ്ട്. ആക്ഷന്‍, ഇമോഷന്‍, അച്ഛന്‍ – മകള്‍ ബന്ധങ്ങളുടെ പല തലങ്ങള്‍ അങ്ങനെയുള്ള എല്ലാമുണ്ട്. മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റാര്‍ക്കും ഇത് അത്രയും ആഴത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
മാസ് എലമെന്റ് എന്നതിനോടൊപ്പം തന്നെ അതിന്റെ ഇമോഷണല്‍ ട്രാക്കും കൂടെയാണ് ആ സിനിമയെ വലിയ വിജയമാക്കി തീര്‍ത്തത്. അത് തന്നെയാണ് ആ സിനിമയെ ജനങ്ങളിലേക്ക് എത്താന്‍ സഹായിച്ചതും,’ എം. പത്മകുമാര്‍ പറഞ്ഞു.
Content Highlight: M.Pathmakumar About Mohanlal’s Shikkar Movie