Advertisement
Entertainment
ലാലേട്ടന് അതൊരു പ്രശ്‌നമല്ല; മറ്റു ഭാഷകളിലെ ഒരു സൂപ്പര്‍സ്റ്റാറുകളും അങ്ങനെയുള്ള കഥാപാത്രം ചെയ്യില്ല: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 13, 03:27 am
Thursday, 13th June 2024, 8:57 am

മോഹന്‍ലാലിനെ നായകനാക്കി 2010ല്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ശിക്കാര്‍. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ ബലരാമന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. 2010ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ശിക്കാര്‍.

അനന്യ, കലാഭവന്‍ മണി, സമുദ്രക്കനി, സ്നേഹ, ലാലു അലക്സ്, മൈഥിലി, കൈലാഷ്, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിച്ച സിനിമയില്‍ അനന്യയുടെ അച്ഛനായാണ് മോഹന്‍ലാല്‍ എത്തിയത്.

മറ്റൊരു ഭാഷകളിലെയും സൂപ്പര്‍സ്റ്റാറുകള്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യില്ലെന്ന് പറയുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ വലിയ പെണ്‍കുട്ടിയുടെ അച്ഛനായി മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹത്തിന് അതൊരു പ്രശ്‌നമായി തോന്നിയിട്ടില്ല. ഒരു നടന്‍ എന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നോക്കി ചെയ്യുകയല്ലാതെ ഇത്തരം കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. അതുതന്നെയാണ് അതിന്റെ ശരിയെന്നും എനിക്ക് തോന്നുന്നു.

പ്രായമായ ഒരു മകളുണ്ടോ ഇല്ലയോ എന്നുള്ളതല്ല വിഷയം. ആ കഥാപാത്രത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും എത്രത്തോളം ആഴത്തില്‍ പോകാന്‍ കഴിയുമെന്നും മാത്രമാണ് ഒരു നടന്‍ നോക്കേണ്ടത്. പിന്നെ ഏതൊക്കെ തലങ്ങളിലേക്ക് ആ കഥാപാത്രത്തിന് പോകാന്‍ കഴിയുമെന്നും നോക്കണം.

അതുതന്നെയാകും ഒരു നടനെന്ന നിലയില്‍ ലാലേട്ടനും നോക്കിയിട്ടുണ്ടാകുക. മലയാളത്തില്‍ മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂ. മറ്റു ഭാഷകളിലൊന്നും ഒരു നടനും ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.

ഇപ്പോള്‍ കാതലെന്ന സിനിമയെ കുറിച്ച് നമ്മള്‍ പറയാറുണ്ട്. മമ്മൂക്ക ചെയ്തത് പോലെ ലോകത്ത് തന്നെ ഒരു നടനും ആ കഥാപാത്രം ചെയ്യില്ലായിരിക്കും. ശിക്കാറിന്റെ കാര്യം നോക്കുകയാണെങ്കില്‍ മലയാളത്തില്‍ ലാലേട്ടനൊക്കെ ചെയ്യാന്‍ പറ്റുന്ന കാര്യമാണ് അത്. വേറെ ഭാഷകളില്‍ ഒരു സൂപ്പര്‍സ്റ്റാറുകളും അങ്ങനെയൊരു കഥാപാത്രം ചെയ്യില്ല,’ എം. പത്മകുമാര്‍ പറഞ്ഞു.


Content Highlight: M Padmakumar Talks About Shikkar Movie And Mohanlal