2001ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് രാവണപ്രഭു. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 1993ല്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന സിനിമയുടെ തുടര്‍ച്ചയായിരുന്നു.
മംഗലശ്ശേരി നീലകണ്ഠന്‍, എം.എന്‍. കാര്‍ത്തികേയന്‍ എന്നീ അച്ഛന്‍, മകന്‍ വേഷങ്ങളിലായി മോഹന്‍ലാല്‍ ഇരട്ടവേഷത്തിലാണ് രാവണപ്രഭുവില്‍ അഭിനയിച്ചത്. നെപ്പോളിയന്‍, രേവതി, വസുന്ധര ദാസ്, സിദ്ദിഖ്, ഇന്നസെന്റ്, വിജയരാഘവന്‍, സായ് കുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തി.
റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ രാവണപ്രഭുവിനെ കുറിച്ചും മോഹന്‍ലാലിന്റെ ഇരട്ടവേഷത്തെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. ദേവാസുരത്തിലും രാവണപ്രഭുവിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം.
‘വളരെ രസകരമായി എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത സിനിമയായിരുന്നു രാവണപ്രഭു. ദേവാസുരം ഷൂട്ട് ചെയ്തത് പോലെയായിരുന്നില്ല അത്. രാവണപ്രഭുവിന് അത്രയും സ്‌ട്രെയിന്‍ ഇല്ലായിരുന്നു. സ്‌ട്രെയിന്‍ ഉണ്ടെങ്കില്‍ പോലും അത് വളരെ എന്‍ജോയ് ചെയ്താണ് സിനിമ ഷൂട്ട് ചെയ്തത്.
രാവണപ്രഭുവില്‍ ലാലേട്ടന്‍ അച്ഛനായും മകനായും ഡബിള്‍ റോളിലായിരുന്നു എത്തിയത്. അത് വളരെ രസകരമായ കാര്യമായിരുന്നു. ഡബിള്‍ റോളുകള്‍ വളരെ കുറവായ സമയത്താണ് ഈ സിനിമ വരുന്നത്. അങ്ങനെയുള്ള സിനിമകള്‍ അധികം വന്നിരുന്നില്ല.
ഇന്നത്തെ പോലെയുള്ള ഗ്രാഫിക്‌സൊന്നും അന്ന് ഉണ്ടായിരുന്നില്ല. അതൊന്നും സാധിക്കുന്ന സമയമായിരുന്നില്ല അത്. അന്ന് ഡബിള്‍ റോളിനായി വേറെയൊരു ഡ്യൂപ്പിനെ വെച്ച് ആദ്യം ചെയ്യും, പിന്നെ ഒറിജിനല്‍ ആളെ വെച്ച് ഷൂട്ട് ചെയ്യും. അത് കഴിഞ്ഞ് ഇത് രണ്ടും മാച്ച് ചെയ്യുകയാണ് ചെയ്യുക. വളരെ കഷ്ടപ്പെട്ടാണ് ഡബിള്‍ റോളുകള്‍ ചെയ്യുന്നത്. ഓരോ സീനുകളും അത്രയേറെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.
സാധാരണ രഞ്ജിത്തിന് ഫുള്‍ സ്‌ക്രിപ്റ്റ് ആദ്യമേ തന്നെ കിട്ടാറില്ല. അപ്പപ്പോള്‍ സ്‌ക്രിപ്റ്റ് എഴുതുന്ന ആളാണ്. പക്ഷെ ഈ സിനിമക്ക് ആദ്യമേ തന്നെ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാം നേരത്തെ തന്നെ പ്ലാന്‍ ചെയ്യാന്‍ സാധിച്ചു. ഓരോ സീനും ഷോട്ടും അത്ര ശ്രദ്ധയോടെയാണ് ചെയ്തത്,’ എം. പത്മകുമാര്‍ പറഞ്ഞു.
Content Highlight: M Padmakumar Talks About Mohanlal’s Double Role In Raavanaprabhu