മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റാര്‍ക്കും ആ കഥാപാത്രത്തെ ഇത്ര ആഴത്തില്‍ ചെയ്യാന്‍ കഴിയില്ല: എം. പത്മകുമാര്‍
Entertainment
മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റാര്‍ക്കും ആ കഥാപാത്രത്തെ ഇത്ര ആഴത്തില്‍ ചെയ്യാന്‍ കഴിയില്ല: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 7:53 am

2010ല്‍ എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാല്‍ ബലരാമന്‍ എന്ന കഥാപാത്രമായി എത്തിയ സിനിമ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു.

മോഹന്‍ലാലിന് പുറമെ കലാഭവന്‍ മണി, സമുദ്രക്കനി, സ്‌നേഹ, ലാലു അലക്‌സ്, അനന്യ, മൈഥിലി, കൈലാഷ്, ജഗതി ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

മോഹന്‍ലാല്‍ എന്ന ഒരു നടന് മാത്രമേ ആ സിനിമയിലേത് പോലുള്ള വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന് പറയുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി കഴിഞ്ഞ ശേഷമാണ് ഞാന്‍ ആ സിനിമയിലേക്ക് വരുന്നത്. ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ട് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. എന്നാലും ആ കഥാപാത്രത്തെ ഉണ്ടാക്കുമ്പോഴോ സ്‌ക്രിപ്റ്റ് എഴുതുമ്പോഴോ ഞാന്‍ കൂടെയില്ല.

പക്ഷെ ആ കഥാപാത്രത്തെ നമുക്ക് മനസിലാകും. അയാളുടെ വളര്‍ച്ചയും മുന്നോട്ടുള്ള പോക്കുമൊക്കെ മനസിലാകാവുന്നതേയുള്ളു. മോഹന്‍ലാല്‍ എന്ന ഒരു നടന് മാത്രമേ ഇത്രയും വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.

ഒരു കഥാപാത്രത്തില്‍ എന്തൊക്കെ പ്രതീക്ഷിക്കാന്‍ പറ്റുമോ, അതൊക്കെ ഈ സിനിമയിലുണ്ട്. ആക്ഷന്‍, ഇമോഷന്‍, അച്ഛന്‍ – മകള്‍ ബന്ധങ്ങളുടെ പല തലങ്ങള്‍ അങ്ങനെയുള്ള എല്ലാമുണ്ട്. മോഹന്‍ലാല്‍ എന്ന നടനല്ലാതെ മറ്റാര്‍ക്കും ഇത് അത്രയും ആഴത്തില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മാസ് എലമെന്റ് എന്നതിനോടൊപ്പം തന്നെ അതിന്റെ ഇമോഷണല്‍ ട്രാക്കും കൂടെയാണ് ആ സിനിമയെ വലിയ വിജയമാക്കി തീര്‍ത്തത്. അത് തന്നെയാണ് ആ സിനിമയെ ജനങ്ങളിലേക്ക് എത്താന്‍ സഹായിച്ചതും,’ എം. പത്മകുമാര്‍ പറഞ്ഞു.


Content Highlight: M Padmakumar Talks About Mohanlal’s Character In Shikkar Movie