| Thursday, 13th June 2024, 2:24 pm

ആ സിനിമ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് പോകേണ്ടതല്ലായിരുന്നു: എം. പത്മകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ സംവിധാന ചിത്രമായ അമ്മക്കിളിക്കൂടില്‍ നായകനായി പൃഥ്വിരാജ് സുകുമാരനെ കൊണ്ടു വന്നതിന്റെ കാരണം പറയുകയാണ് എം. പത്മകുമാര്‍. 2003ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നവ്യ നായരും പൃഥ്വിരാജ് സുകുമാരനുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘അമ്മക്കിളിക്കൂടെന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത് രഞ്ജിത്താണ്. അവന്റെ സഹോദരനാണ് ആ സിനിമ പ്രൊഡ്യൂസ് ചെയ്തത്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുമ്പോള്‍ എങ്ങനെയുള്ള സിനിമ വേണമെന്നും ഏത് കഥ വേണമെന്നുമുള്ള ചിന്തയിലായി.

ആ സമയത്ത് രഞ്ജി പറഞ്ഞ ഒരു കാര്യമുണ്ട്. ‘നമ്മുടെ മലയാള സിനിമയില്‍ ഒരുപാട് സംവിധായകരുണ്ട്. ഇവിടെ ഒരു വര്‍ഷം ധാരാളം സിനിമകളും വരുന്നുണ്ട്. അപ്പോള്‍ ഒരു പുതിയ സംവിധായകന്‍ വരുമ്പോള്‍ പുതുതായി എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ട്.

അയാള്‍ക്ക് സമൂഹത്തിനോട് പറയാന്‍ പുതുതായി എന്തെങ്കിലുമൊക്കെ വേണം. അതല്ലാതെ വെറുതെയൊരു സിനിമ ചെയ്തത് കൊണ്ട് ഒരു കാര്യമില്ല. ആ സിനിമ ഓടുമോ ഇല്ലയോ എന്നുള്ളത് പോലും പിന്നീടുള്ള കാര്യമാണ്. പക്ഷെ ആ സംവിധായകനും സിനിമയും ശ്രദ്ധിക്കപ്പെടണം’ എന്നാണ് എന്നോട് രഞ്ജി അന്ന് പറഞ്ഞത്.

അങ്ങനെ അതിനായി കുറേ വിഷയങ്ങള്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. അവസാനമാണ് ആ സിനിമയിലെ വിഷയത്തിലേക്ക് എത്തുന്നത്. കുറേയേറെ അമ്മമാരെ സംരക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ ആലോചിച്ചു.

അതിനകത്ത് ഒരു നന്മയുണ്ടായിരുന്നു. സമുഹത്തിന് ആ സിനിമയിലൂടെ കൊടുക്കാന്‍ സാധിക്കുന്ന ഒരു സന്ദേശമുണ്ട്. ഒരു സംവിധായകന്‍ അങ്ങനെയുള്ള സിനിമയാകണം ആദ്യം ചെയ്യേണ്ടതെന്ന് തോന്നി. ഇങ്ങനെയൊരു വിഷയത്തില്‍ സിനിമയെടുക്കുമ്പോള്‍ അതില്‍ നവ്യയെയും രാജുവിനെയും പോലെയുള്ള ആളുകളാകണം.

അഭിനയിക്കാന്‍ ആ പ്രായത്തിലുള്ള ആളുകളാണ് നല്ലത്. ഈ സിനിമ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് പോകേണ്ടതല്ലായിരുന്നു. അങ്ങനെയൊരു തീരുമാനത്തില്‍ നിന്നാണ് അമ്മക്കിളിക്കൂട് എന്ന സിനിമയുണ്ടാകുന്നതും അതിലേക്ക് പൃഥ്വിരാജ് എത്തുന്നതും,’ എം. പത്മകുമാര്‍ പറഞ്ഞു.


Content Highlight: M. Padmakumar Talks About Mammootty And Mohanlal

We use cookies to give you the best possible experience. Learn more