മാമാങ്കം; എന്റേതായി പരിഗണിക്കാന്‍ ആഗ്രഹിക്കാത്ത സിനിമ; ഞാന്‍ അതിനകത്ത് വന്ന് പെടുകയായിരുന്നു: എം. പത്മകുമാര്‍
Entertainment
മാമാങ്കം; എന്റേതായി പരിഗണിക്കാന്‍ ആഗ്രഹിക്കാത്ത സിനിമ; ഞാന്‍ അതിനകത്ത് വന്ന് പെടുകയായിരുന്നു: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 3:25 pm

അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

2019ല്‍ എം. പത്മകുമാര്‍ സംവിധാനം ചെയ്ത് കാവ്യ ഫിലിം കമ്പനി നിര്‍മിച്ച ചിത്രമാണ് മാമാങ്കം. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, അച്യുതന്‍, സിദ്ദിഖ് എന്നിവര്‍ ഒന്നിച്ച ചിത്രം സജീവ് പിള്ളയായിരുന്നു ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് എം. പത്മകുമാറിലേക്ക് എത്തുകയായിരുന്നു.

മാമാങ്കം എന്ന സിനിമ ചെയ്യേണ്ടത് താനായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. താന്‍ ആ സിനിമയിലേക്ക് വന്ന് പെടുകയായിരുന്നുവെന്നും സാഹചര്യം കൊണ്ട് സംഭവിച്ച് പോയ സിനിമയാണെന്നും അദ്ദേഹം പറയുന്നു.

മാമാങ്കത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനവും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും അതിന്റെ ഗുണങ്ങളും ഏറ്റെടുക്കില്ലെന്നും എം. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. തന്റേതായി പരിഗണിക്കാന്‍ ആഗ്രഹിക്കാത്ത സിനിമയാണ് അതെന്നും സംവിധായകന്‍ പറഞ്ഞു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എം. പത്മകുമാര്‍.

‘മാമാങ്കം എന്ന സിനിമ ശരിക്കും ഞാന്‍ ചെയ്യേണ്ടതായിരുന്നില്ല. ഞാന്‍ അതിനകത്ത് വന്ന് പെടുകയായിരുന്നു. സാഹചര്യം കൊണ്ട് സംഭവിച്ച് പോയ സിനിമയാണ് അത്. ആ സിനിമയുടെ നൂറു ശതമാനം ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ല. അതിന്റെ ഗുണങ്ങളും ഏറ്റെടുക്കാന്‍ തയ്യാറല്ല. മാമാങ്കം എന്റെ സിനിമയായി പരിഗണിക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്ത സിനിമയാണ്,’ എം. പത്മകുമാര്‍ പറഞ്ഞു.


Content Highlight: M Padmakumar Talks About Mamankam Movie