Advertisement
Entertainment
അതുപോലെ ഒരു സിനിമ മമ്മൂക്കയല്ലാതെ ലോകത്ത് മറ്റൊരു നടനും ചെയ്യില്ല: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 12, 11:06 am
Wednesday, 12th June 2024, 4:36 pm

അവതരണം കൊണ്ടും പ്രമേയം കൊണ്ടും വലിയ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ കാതല്‍ ദി കോര്‍. വിവിധ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച ചിത്രം നിരൂപകര്‍ ഏറ്റവുമധികം പ്രശംസിച്ച സിനിമകളിലൊന്നാണ്.

മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം മമ്മൂട്ടി കമ്പനിയായിരുന്നു നിര്‍മിച്ചത്. മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പുകളില്‍ വലിയ പ്രശംസ നേടികൊടുത്ത കാതലില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയായിരുന്നു നായിക.

സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് പറയുന്ന ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടിയെ പോലെ ലോകത്ത് മറ്റൊരു നടനും അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കില്ലെന്ന് പറയുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാതലെന്ന സിനിമയെ കുറിച്ച് നമ്മള്‍ പറയാറുണ്ട്. മമ്മൂക്ക ചെയ്തത് പോലെ ലോകത്ത് തന്നെ ഒരു നടനും ആ കഥാപാത്രം ചെയ്യില്ല,’ എം. പത്മകുമാര്‍ പറഞ്ഞു.

നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച എം. പത്മകുമാര്‍ ഐ.വി. ശശിയെ കുറിച്ചും സംസാരിച്ചു. അദ്ദേഹം വളരെ ഡെഡിക്കേറ്റഡായ സംവിധായകന്‍ ആണെന്ന് സംവിധായകന്‍ പറയുന്നു.

‘സാധാരണ ഒരു സംവിധായകന്‍ തന്റെ സിനിമ കഴിഞ്ഞാല്‍ നേരെ അതിന്റെ പോസ്റ്റ് – പ്രൊഡക്ഷന്‍ പരിപാടികള്‍ക്ക് വേണ്ടി പോകുകയാണ് ചെയ്യാറുള്ളത്. ആ സിനിമയുടെ എല്ലാ പരിപാടികളും ചെയ്ത് തീര്‍ത്ത ശേഷം റിലീസ് ചെയ്ത് അതിന്റെ റിസള്‍ട്ടും അറിഞ്ഞാണ് അടുത്ത പടത്തിന്റെ കാര്യങ്ങള്‍ ചിന്തിക്കുകയുള്ളു. എന്നാല്‍ ഐ.വി. ശശി സാര്‍ അങ്ങനെയല്ല, അതിന് മുമ്പ് തന്നെ അടുത്ത സിനിമയുടെ സ്‌ക്രിപ്റ്റുണ്ടാകും.

ലൊക്കേഷന്‍ കണ്ടെത്തി അതിനുള്ള ചാര്‍ട്ടിങ്ങൊക്കെ ചെയ്തു കാണും. അങ്ങനെയാണ് ഭൂമികയെന്ന സിനിമ കഴിഞ്ഞ് നേരെ ഇന്‍സ്പെക്ടര്‍ ബല്‍റാമിന്റെ ഷൂട്ടിങ്ങിന് പോകുന്നത്. ഐ.വി. ശശിയെന്ന സംവിധായകന് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുകയുള്ളു. മറ്റൊരാള്‍ക്കും അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അദ്ദേഹം അത്രയും ഡെഡിക്കേറ്റഡാണ്,’ എം. പത്മകുമാര്‍ പറഞ്ഞു.


Content Highlight: M Padmakumar Talks About Kaathal The Core And Mammootty