സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായി മാറിയ വ്യക്തിയാണ് എം. പത്മകുമാര്‍. നിരവധി മുന്‍നിര സംവിധായകരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം 2003ല്‍ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഐ.വി. ശശിയോടൊപ്പം നിരവധി സിനിമകളില്‍ എം. പത്മകുമാര്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.വി. ശശി വളരെ ഡെഡിക്കേറ്റഡായ സംവിധായകനാണെന്ന് പറയുകയാണ് എം. പത്മകുമാര്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭൂമികയാണ് ഞാന്‍ ഐ.വി. ശശി സാറിന്റെ കൂടെ ചെയ്യുന്ന ആദ്യ സിനിമ. അതിലാണ് ഞാന്‍ ആദ്യമായി അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നത്. അന്ന് ഭൂമിക കഴിഞ്ഞിട്ട് നേരെ അടുത്ത പടത്തിന്റെ ഷൂട്ടിങ്ങിന് പോകുകയായിരുന്നു. അതായത് പിന്നീട് പോകുന്നത് ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഷൂട്ടിങ്ങിനാണ്.
സാധാരണ ഒരു സിനിമ കഴിഞ്ഞാല്‍ നേരെ അതിന്റെ പോസ്റ്റ് – പ്രൊഡക്ഷന്‍ പരിപാടികള്‍ക്ക് വേണ്ടി പോകുകയാണ് ചെയ്യുക. എല്ലാ പരിപാടികളും ചെയ്ത് തീര്‍ത്ത ശേഷം ആ സിനിമ റിലീസ് ചെയ്ത് അതിന്റെ റിസള്‍ട്ടും അറിഞ്ഞാണ് അടുത്ത പടത്തിന്റെ കാര്യങ്ങള്‍ ചിന്തിക്കുകയുള്ളു.
എന്നാല്‍ സാര്‍ അങ്ങനെയല്ല, അതിന് മുമ്പ് തന്നെ സ്‌ക്രിപ്റ്റുണ്ടാകും. ലൊക്കേഷന്‍ കണ്ടെത്തി ചാര്‍ട്ടിങ്ങൊക്കെ ചെയ്തു കാണും. അങ്ങനെയാണ് ഭൂമിക കഴിഞ്ഞ് നേരെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ഷൂട്ടിങ്ങിന് പോകുന്നത്.
ഐ.വി. ശശിയെന്ന സംവിധായകന് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളു. മറ്റൊരാള്‍ക്കും അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം അത്രയും ഡെഡിക്കേറ്റഡാണ്. പുതുതായി സിനിമയെടുക്കാന്‍ വന്ന എനിക്ക് പോലും അത്രത്തോളം ഡെഡിക്കേറ്റഡാകാന്‍ സാധിക്കില്ല,’ എം. പത്മകുമാര്‍ പറഞ്ഞു.
Content Highlight: M Padmakumar Talks About IV Sasi