മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരം അന്ന് സ്റ്റാര്‍ പദവിയില്ലാത്ത പൃഥ്വിയെ നായകനാക്കിയതിന് കാരണമുണ്ട്: എം. പത്മകുമാര്‍
Entertainment
മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരം അന്ന് സ്റ്റാര്‍ പദവിയില്ലാത്ത പൃഥ്വിയെ നായകനാക്കിയതിന് കാരണമുണ്ട്: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 12:24 pm

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് എം. പത്മകുമാര്‍. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച അദ്ദേഹം നിരവധി മുന്‍നിര സംവിധായകരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലൂടെയാണ് എം. പത്മകുമാര്‍ സ്വതന്ത്ര സംവിധായകനാകുന്നത്.

നവ്യ നായരും പൃഥ്വിരാജ് സുകുമാരനും ഒന്നിച്ച ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് രഞ്ജിത്താണ്. മമ്മൂട്ടി – മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ ഉള്ളപ്പോള്‍ അന്ന് സ്റ്റാര്‍ പദവിയില്ലാത്ത പൃഥ്വിരാജിനെ നായകനാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എം. പത്മകുമാര്‍.

‘രഞ്ജിയാണ് അമ്മക്കിളിക്കൂട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്. അവന്റെ സഹോദരനാണ് അത് പ്രൊഡ്യൂസ് ചെയ്തത്. എങ്ങനെയുള്ള സിനിമ വേണം, ഏത് കഥ വേണമെന്ന് ഞാന്‍ ചിന്തിക്കുന്ന സമയത്ത് രഞ്ജി പറഞ്ഞ ഒരു കാര്യമുണ്ട്.

‘മലയാള സിനിമയില്‍ ഒരുപാട് സംവിധായകരുണ്ട്. ഒരു വര്‍ഷം ധാരാളം സിനിമകളും മലയാളത്തില്‍ വരുന്നുണ്ട്. അപ്പോള്‍ പുതിയ സംവിധായകന്‍ മലയാളത്തിലേക്ക് വരുമ്പോള്‍ പുതുതായി എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ട്. അയാള്‍ക്ക് സമൂഹത്തിനോട് പറയാന്‍ പുതുതായി എന്തെങ്കിലും വേണം.

അല്ലാതെ വെറുതെ ഒരു സിനിമ ചെയ്തത് കൊണ്ട് കാര്യമില്ല. ആ സിനിമ ഓടുമോ ഇല്ലയോ എന്നുള്ളത് പോലും പിന്നീടുള്ള കാര്യമാണ്. പക്ഷെ ആ സംവിധായകനും സിനിമയും ശ്രദ്ധിക്കപ്പെടണം’ എന്നാണ് രഞ്ജി അന്ന് പറഞ്ഞത്.

അതിന് പറ്റുന്ന കുറേ വിഷയങ്ങള്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. അവസാനമാണ് ഇങ്ങനെ ഒരു വിഷയത്തിലേക്ക് എത്തുന്നത്. കുറേ അമ്മമാരെ സേവ് ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥ ആലോചിക്കുന്നത്. അതിനകത്ത് ഒരു നന്മയുണ്ടായിരുന്നു. സമുഹത്തിന് ആ സിനിമ കൊടുക്കുന്ന ഒരു മെസേജുണ്ട്. അങ്ങനെയുള്ള സിനിമയാകണം ഒരു സംവിധായകന്‍ ആദ്യം ചെയ്യേണ്ടതെന്ന് തോന്നി.

ഇങ്ങനെയൊരു വിഷയത്തില്‍ സിനിമയെടുക്കുമ്പോള്‍ അതില്‍ നവ്യയെയും രാജുവിനെയും പോലെയുള്ള അല്ലെങ്കില്‍ ആ പ്രായത്തിലുള്ള ആളുകളാണ് നല്ലത്. മമ്മൂട്ടി – മോഹന്‍ലാല്‍ പോലെയുള്ള സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് പോകേണ്ടതല്ലായിരുന്നു ഈ സിനിമ. ആ തീരുമാനത്തില്‍ നിന്നാണ് അമ്മക്കിളിക്കൂട് എന്ന സിനിമയുണ്ടാകുന്നത്,’ എം. പത്മകുമാര്‍ പറഞ്ഞു.


Content Highlight: M Padmakumar Talks About Ammakilikkoodu Movie Prithviraj Sukumaran’s Casting