സയ്യിദ് മുഷ്താഖ് അലി ട്രോഫില്‍ ദല്‍ഹിയെ പരാജയപ്പെടുത്തി മധ്യപ്രദേശ് ഫൈനലില്‍. സെമി ഫൈനലില്‍ ഏഴ് വിക്കറ്റിനാണ് മധ്യപ്രദേശ് വിജയം സ്വന്തമാക്കിയത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മധ്യപ്രദേശ് ദല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
തുടര്‍ന്ന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടാനാണ് ദല്‍ഹിക്ക് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി മധ്യപ്രദേശ് വിജയം സ്വന്തമാക്കുകയായിരുന്നു.
മധ്യപ്രദേശിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ രജത് പാടിദര്‍ ആയിരുന്നു. അഞ്ചാമനായി ഇറങ്ങി 29 പന്തില്‍ നിന്ന് ആറ് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 66* റണ്‍സ് ആണ് താരം നേടിയത്. 227.59 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിന് ഉണ്ടായിരുന്നു.
ഹര്‍പ്രീത് സിങ് ഭാട്ടിയ 38 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 46* റണ്‍സ് നേടി താരത്തിന് കൂട്ടുനിന്നു. പുറത്താക്കാതെയാണ് ഇരുവരും മിന്നും പ്രകടനം കാഴ്ചവെച്ചത്. രണ്ടുപേര്‍ക്കും പുറമേ ഓപ്പണര്‍ ഹര്‍ഷ ഗാവില്‍ 30 റണ്‍സ് നേടിയിരുന്നു.
ദല്‍ഹിക്ക് വേണ്ടി ഇശാന്ത് ശര്‍മ രണ്ട് വിക്കറ്റും ഹിമന്‍ഷു ചൗഹാന്‍ ഒരു വിക്കറ്റും നേടി. ബാറ്റിങ്ങില്‍ ദല്‍ഹിക്ക് തുണയായത് അനൂജ് റാവത്തിന്റെ പ്രകടനമാണ്. പുറത്താകാതെ 24 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 33* റണ്‍സ് നേടി താരം പിടിച്ചുനിന്നു. ഓപ്പണര്‍ പ്രിയാനിഷ് ആര്യ 21 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 29 റണ്‍സ് നേടിയിരുന്നു. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
മധ്യപ്രദേശിന് വേണ്ടി വെങ്കിടേഷ് അയ്യര്‍ രണ്ട് ഓവറില്‍ നിന്ന് 12 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ നേടിയപ്പോള്‍ ത്രിപുരേഷ് സിങ്, ആവേഷ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ജേതാക്കളായ മുംബൈയും ദല്‍ഹിയും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടും.
Content Highlight: M.P Won Against Delhi In Syed Mushtaq Ali Trophy