കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എം.പി. അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയ്യാറെടുക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘യൂണിവേഴ്സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം കാലം എസ്.എഫ്.ഐയുടെ തേര്‍വാഴ്ചയുണ്ടാകും. അതുകൊണ്ട് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഏത് ആളുകള്‍ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റും’ മുരളീധരന്‍ പറഞ്ഞു.
‘1992ല്‍ കരുണാകരന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കും. ഇത് ഒന്നുകില്‍ ചരിത്ര മ്യൂസിയമാക്കണം. അല്ലെങ്കില്‍ പൊതുസ്ഥലമാക്കി മാറ്റണം’- മുരളീധരന്‍ വ്യക്തമാക്കി.
കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബില്‍ പറഞ്ഞയച്ചല്ലെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒമ്പത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ പ്രതികളായ 19 പേരില്‍ ആറു പേരെ മാത്രമാണ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇതോടെ സസ്‌പെന്‍ഷനിലായവരുടെ എണ്ണം 15 ആയി.
ബിരുദ വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട 30 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി കൈമാറാത്തതാണ് നടപടി വൈകുന്നതിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു.